- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിലെ വിഭാഗീയ പ്രവർത്തനം: മൂന്ന് മുസ്ലിം ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ; രണ്ട് മേഖല കമ്മിറ്റികൾ പിരിച്ചുവിട്ടു; കടുത്ത നടപടിയുമായി പാർട്ടി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനം നടത്തിയ മൂന്ന് നേതാക്കളെ മുസ്ലിം ലീഗ് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അടക്കമാണ് മൂന്ന് പേരെ സസ്പെന്റ് ചെയ്തത്. ഇടത് മുന്നണിയുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് നടപടി. രണ്ട് മേഖല കമ്മിറ്റികളേയും പിരിച്ചുവിട്ടിട്ടുണ്ട്. ജില്ല കമ്മിറ്റിയുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നഗരത്തിൽ അടക്കം പാർട്ടിക്ക് വലിയ വോട്ട് ചോർച്ചയുണ്ടായിരുന്നു. കുറ്റിച്ചിറ, മുഖദാർ ഭാഗങ്ങളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. കഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിക്കുന്ന സ്ഥിതി വിശേഷമായിരുന്നു.
സസ്പെൻഷന് പുറനമേ ആറ് നേതാക്കളെ പദവിയിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. സമാന നടപടികൾ വരും ദിവസങ്ങളിൽ മറ്റ് ജില്ലയിലേക്കും വ്യാപിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി മുന്നോട്ട് പോവുകയെന്നതാണ് പാർട്ടി നിലപാട്.
ഇതിന് പുറമേ എട്ട് സിറ്റിങ്ങ് എംഎൽഎമാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടെന്ന് നേരത്തെ മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനും ഉൾപ്പെടെയുള്ളവരെ ഇത്തവണ മത്സരരംഗത്ത് ഇറക്കേണ്ടെന്നാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനും സീറ്റ് ലഭിച്ചേക്കില്ല. കെ എൻ എ ഖാദർ, സി മമ്മൂട്ടി, പി ഉബൈദുള്ള എന്നിവർക്കും അവസരം കിട്ടിയേക്കില്ല. ടി എ അഹമ്മദ് കബീർ, എം ഉമ്മർ എന്നിവരെ മാറ്റിയും ലീഗ് പകരക്കാരെ ഇറക്കും.
കമറുദ്ദീനും വി കെ ഇബ്രാഹിംകുഞ്ഞിനുമെതിരെ ഉയർന്ന ആരോപണങ്ങളും നിയമനടപടികളും ലീഗിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായതിനാൽ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കേണ്ട എന്ന പൊതുവികാരം പാർട്ടിയിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ പോയ എം സി കമറുദ്ദീനെ മത്സരിപ്പിക്കാനും ലീഗ് നേതൃത്വത്തിന് താൽപര്യമില്ല. ഇരുവർക്കും വീണ്ടും അവസരം നൽകിയാൽ ആകെയുള്ള പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക ലീഗിനുണ്ട്.