തിരുവല്ല: പുലർകാലത്ത് തെരുവു വിളക്കിന്റെ സൗരോർജ ബാറ്ററി മോഷ്ടിക്കാനെത്തിയ മൂന്നംഗ സംഘത്തിൽ ഒരാളെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രണ്ടു പേർക്കായി അന്വേഷണം തുടരുന്നു. തിരുവനന്തപുരം അണ്ടൂർക്കോണം കണിയാപുരം കുന്നിലകം കിഴക്കുമ്പുറത്തു വീട്ടിൽ തങ്കപ്പൻ മകൻ സനൽകുമാർ (45) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മോഷണം.

പെരിങ്ങര പ്ലാംചുവട് ജങ്ഷനിൽ കെ എസ് ടി പി സ്ഥാപിച്ചിട്ടുള്ള രണ്ട് സോളാർ തെരുവ് വിളക്കുകളുടെ ബോക്സുകളിൽ നിന്നായി രണ്ട് ബാറ്ററികളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് ഉണർന്ന വാർഡ് മെമ്പർ പ്ലാംചുവട് തിരുവഞ്ചിയിൽ ശർമിള സുനിലിന്റെ നേതൃത്വത്തിലാണ് സുനിൽകുമാറിനെ പിടികൂടി പൊലീസിൽ വിവരം അറിയിച്ചത്. ബാറ്ററിയുമായി കടക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല.

മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പൊലീസ്, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം അന്വേഷണം ഊർജിതമാക്കി.

സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന പ്രതിയെ എസ് ഐ നിത്യാ സത്യന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് കുറ്റം സമ്മതിച്ചു. മറ്റ് രണ്ട് പ്രതികളെയും പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.എസ് ഐ ക്കൊപ്പം എ എസ് ഐ രവിചന്ദ്രനും ചേർന്നാണ് പ്രതിയെ പിടികൂടിയത്.