- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിൽ സജീവമായി ഇടപെടുന്ന സ്ത്രീകളെ മാസങ്ങളോളം നിരീക്ഷിക്കും; പതിയെ പതിയെ സൗഹൃദം സ്ഥാപിച്ച് കൈക്കലാക്കുക വാട്സ്ആപ്പ് നമ്പർ; തുടർന്നെത്തുക അവർക്കായി അയച്ച സമ്മാനങ്ങളുടെ കണക്കും വിവരങ്ങളും; വിശ്വസിപ്പിക്കാൻ കസ്റ്റംസിന്റെ പേരിൽ വരെ കോളുകൾ; ഓൺലൈൻ ചങ്ങാതി 3 തൃശ്ശൂർ സ്വദേശികളായ സ്ത്രീകളിൽ നിന്നായി തട്ടിയെടുത്തത് 60 ലക്ഷം രൂപ
തിരുവനന്തപുരം: ഓണ്ലൈൻ തട്ടിപ്പ് വർഷങ്ങളായി സജീവമാണെങ്കിലും കുറച്ചുകൂടി ബലപ്പെട്ടത് കോവിഡ് ലോക്ഡൗൺ കാലത്താണ്.ജനങ്ങളുടെ പലവിധ പ്രതിസന്ധികളെയും മാനസികാവസ്ഥകളെയും ചൂഷണം ചെയ്യുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ.പതിവിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ പ്രവർത്തനങ്ങളിലും ഇടപാടുകളിലുമൊക്കെ കുറച്ചുകൂടി ഇരകളെ വിശ്വസിപ്പിക്കാനുതകുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇത്തരം സംഘങ്ങൾ നടത്തുന്നത്.ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഒരു വശത്ത് ബോധവൽക്കരണം ശക്തമാകുമ്പോൾ മറുവശത്ത് അതിനെ പൊളിക്കാനുള്ള പുതുവഴികളാണ് സംഘങ്ങൾ കണ്ടെത്തുന്നതും.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാതൻ വിരിച്ച സൗഹൃദവലയിൽ കുരുങ്ങി 3 സ്ത്രീകൾക്കു നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ. യൂറോപ്പിൽ നിന്നു വിലകൂടിയ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാൻ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തൃശൂർ സ്വദേശിനികളായ 3 പേരെ പറ്റിച്ചത്. ഇതിലൊരാൾ ഭൂമി വിറ്റും സ്വർണം പണയംവച്ചും നൽകിയത് 30 ലക്ഷം രൂപ. ചതി മനസിലായപ്പോൾ ഇവർ സിറ്റി സൈബർ സെല്ലിനു പരാതി നൽകിയിട്ടുണ്ട്.
ഫേസ്ബുക്കിൽ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ പ്രൊഫൈൽ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവർക്കു ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്.ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാർ തിരിച്ചറിഞ്ഞിരിക്കും.ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആർജിച്ച ശേഷം വാട്സാപ് നമ്പർ വാങ്ങി സൗഹൃദം കൂടുതൽ വ്യക്തിപരമാക്കും.യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടർ, ബിസിനസുകാരൻ, സോഫ്റ്റ്വെയർ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവർ സ്വയം പരിചയപ്പെടുത്തുക. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങൾ മനസ്സിലാക്കി യൂറോപ്പിൽ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കും.
തുടർന്നാണ് വിശ്വാസം വർധിപ്പിക്കാൻ കസ്റ്റംസിന്റെ ഒക്കെ വിളിയെത്തുന്നത്.രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന പേരിലൊരു ഫോൺവിളി ഇരകളെ തേടിയെത്തും.'നിങ്ങളുടെ പേരിലൊരു പാഴ്സൽ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണ'മെന്നും 'കസ്റ്റംസ് ഉദ്യോഗസ്ഥ' ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്പോഴാണ് യഥാർഥ തട്ടിപ്പ് മറനീക്കുക. പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സ്വർണാഭരണങ്ങൾ, ലക്ഷങ്ങൾ വിലയുള്ള വാച്ച്, ഐഫോൺ, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവയ്ക്കു കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ പറഞ്ഞു ധരിപ്പിക്കും.
ഇവയ്ക്കു കസ്റ്റംസ് നികുതി ഇനത്തിൽ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോർത്ത് ഇരകൾ എങ്ങനെയും ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും. ഇത്തരത്തിലാണ് തൃശ്ശുർ സ്വദേശിനികൾക്കും പണം നഷ്ടപ്പെട്ടത്.ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പുതുവഴി തേടുമ്പോൾ നമ്മൾ കൂടുതൽ ജാഗരൂകരാകുക എന്നത് മാത്രമാണ് വിഷയത്തിൽ ശ്രദ്ധിക്കാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ