ജയ്പുർ: രാജസ്ഥാനിൽ ഇടിമിന്നലേറ്റ് 19 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട, ധോൽപുർ, ജയ്പുർ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ജയ്പുരിൽ 12പേരും കോട്ടയിൽ നാല് പേരും ധോൽപുരിൽ മൂന്ന് പേരുമാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണ്.

അവധി ആഘോഷിക്കാനായി അമേർ കോട്ട സന്ദർശിക്കാനെത്തിവരാണ് ജയ്പുരിൽ അപകടത്തിൽപ്പെട്ടത്. ഇവിടെ ഉണ്ടായിരുന്ന ടവറിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും മിന്നലേറ്റത്.

സംഭവത്തിൽ 17 പേർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി.