- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഉസ്താദിന്റെ തുപ്പലിനായി ക്യൂ നിൽക്കുന്നവർ; വാഹനത്തിൽ പോയി തുപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുന്നവർ; ഗർഭചിദ്രം വരെ ചെയ്തു കൊടുക്കുന്ന ജിന്നുമ്മകൾ; ചികിത്സിക്കാതെ വെള്ളം മന്ത്രിച്ചൂതി മരിക്കുന്നവർ; മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ; ഒടുവിൽ 'തുപ്പൽ ബിരിയാണി വിവാദവും'; നവോത്ഥാന കേരളം അനാചാരങ്ങളുടെ ഈറ്റില്ലമാകുന്നോ?
മകൾക്ക് കടുത്ത പനിയുണ്ടായിട്ടും അത് പരിഗണിക്കാതെ മന്ത്രിച്ചൂതിയ വെള്ളം മാത്രം കൊടുത്ത് കുട്ടിയെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് നയിച്ച, ഒരു പിതാവിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ! ആഫ്രിക്കയിലൊന്നുമല്ല, പ്രബുദ്ധമെന്ന് വീമ്പടിക്കുന്ന കേരളത്തിന്റെ, വിപ്ലവമണ്ണായ കണ്ണൂരിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവമാണ്. കണ്ണൂർ നാലുവയലിൽ മന്ത്രവാദത്തെ തുടർന്ന് ഫാത്തിമ എന്ന പതിനൊന്നു വയസ്സുകാരിക്കാണ് ജീവൻ നഷ്ടമായത്. കടുത്ത പനി ബാധിച്ച പെൺകുട്ടിക്ക് ശാസ്ത്രീയ ചികിൽസ നൽകാതെ വെള്ളം ഓതി മാന്ത്രിക ചികിൽസ നൽകിയെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ പിതാവും മന്ത്രവാദിയും അറസ്റ്റിലായി. പക്ഷേ ഞെട്ടൽ അവിടെ തീരുന്നില്ല.ഇതേ കുടുംബത്തിൽ ഇതിനു മുമ്പും സമാനമായ രീതിയിൽ ചികിത്സകിട്ടാതെ മൂന്നു മരണങ്ങൾ നടന്നിട്ടുണ്ടത്രേ. ഇതും ഇപ്പോൾ പൊലീസ് അന്വേഷിക്കയാണ്!
അതായത് തുപ്പലും ഊതലുമൊന്നും കേരളത്തിൽ ഇന്ന് പലരും വെളുപ്പിക്കാൻ ശ്രമിക്കുന്നപോലെ നിർദോഷമായ ആചാരങ്ങൾ ഒന്നുമല്ല. അതി ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നവും സാമൂഹിക മനോരോഗവും തന്നെയാണ്. ഈ വിഷയം ചർച്ചയായത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടു ദിവസം മുമ്പ് ഒരു ഉസ്താദ് ബിരിയാണിയിൽ തുപ്പുന്നതുപോലുള്ള ഒരു വീഡിയോ പോസറ്റ് ചെയ്തതിനെ തുടർന്നാണ്. സുരേന്ദ്രന്റെ പോസ്റ്റ് നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആയത്.
കണ്ണൂർ എട്ടിക്കുളത്തെ താജുൽ ഉലമാ ദർഗയിൽ നവംബർ 6 മുതൽ 8 വരെ നടന്ന ഉറൂസിനിടെ (ആണ്ടുനേർച്ച) ചിത്രീകരിച്ച ദൃശ്യമാണിതെന്ന് പിന്നീട് തെളിഞ്ഞു. എ.പി. വിഭാഗം സമസ്തയുടെ പ്രസിഡന്റും, സുന്നി പണ്ഡിതനുമായ അബ്ദുൾ റഹ്മാൻ അൽ-ബുഖാരിയുടെ (താജുൽ ഉലമ) ഏഴാമത് ചരമവാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉറൂസിനിടെയായിരുന്നു ഈ സംഭവം. താജുൽ ഉലമയുടെ മകനും ഉള്ളാൾ ഖാസിയുമായ ഫസൽ കോയമ്മ തങ്ങളുടെ നേർക്കാണ് ഭക്ഷണത്തിലേക്ക് തുപ്പിയെന്നുള്ള ആരോപണം വന്നത്. ബിജെപി ദേശീയ നേതാക്കളായ പ്രിതി ഗാന്ധി, ഗൗരവ് ഗോയൽ, നവീൻ കുമാർ, എന്നിവരും ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ പ്രശ്നം ദേശീയ തലത്തിൽ ചർച്ചയായി. കേരളത്തിൽ ഹലാൽ ഭക്ഷണം എന്ന പേരിൽ പ്രചരിക്കുന്നത് ഇങ്ങനെ തുപ്പിയ ഭക്ഷണം ആണെന്നും, ഒരു രീതിലും ഇത് കഴിക്കരുത് എന്നും മറ്റുമുള്ള കുറിപ്പുകൾ ആണ് നിമിഷങ്ങൾകൊണ്ട് വാട്സാപ്പിൽ അടക്കം വൈറൽ ആയത്.
അത് തുപ്പിയത് അല്ല ഊതിയത് തന്നെ
പക്ഷേ വീഡിയോ സൂക്ഷ്മായി പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാവും. ഉസ്താദ് സത്യത്തിൽ ബിരിയാണിയിലേക്ക് തുപ്പിയിട്ടില്ല. അദ്ദേഹം ഖുർആനിലെ ചില സൂക്തങ്ങൾ പറഞ്ഞ് ഊതുകയാണ് ചെയ്തന്നെ് വ്യക്താണ്. ഉള്ളാൾ ഖാസി ഫസൽ കോയമ്മ തങ്ങളുടെ ശിഷ്യൻ ഹാജി ഹനീഫ് ഉള്ളാളയും ഇത് ശരിവെക്കുന്നതായി ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റ് ആൾട് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഇതോടെ അതുവരെ പ്രതിരോധത്തിലായ ഇസ്ലാമിസ്റ്റുകളും സട കുടഞ്ഞ് എഴുനേറ്റു. ആരും ഭക്ഷണത്തിലേക്ക് തുപ്പാറില്ലെന്നും, മുസ്ലിം മതാചാരങ്ങളുമായി ബന്ധപ്പെട്ടതെല്ലാം 'നികൃഷ്ടമാണെന്ന്' വരുത്തിത്തീർത്ത് പൊതുമണ്ഡലങ്ങളിൽ നിന്നകറ്റാനുള്ള സംഘപരിവാറിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമാണിതെന്നും അവർ ആഞ്ഞടിച്ച് പ്രചാരണം നടത്തി.
പക്ഷേ ഇവർ ആരും യഥാർഥ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നില്ല. ഇത് ഒരു ആചാരമാണെന്ന് ഒറ്റവാക്കിൽ തീരുന്നതാണ് സുരേന്ദ്രന്റ പ്രശ്നം. കാരണം അദ്ദേഹം ആചാര സംരക്ഷണത്തിനായി ജീവൻ ഉഴിഞ്ഞ് വെച്ച വ്യക്തിയാണ്. മാത്രമല്ല, സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തിന്റെ അധികം ദൂരെയാന്നുമല്ലാതെ, കർണ്ണാടകയിൽ മെഡെ സ്്നാന പോലുല്ല ദുരാചാരങ്ങൾ നടക്കുന്നുണ്ട്. ബ്രാഹ്മണന്റെ എച്ചിൽ ഇലയിൽ ദലിതൻ കിടന്ന് ഉരുന്ന പ്രാകൃതമായ ആചാരം പ്രതിഷേധങ്ങൾക്കിടയിലും ഇന്നും നടക്കുന്നു. അതുപോലെ ചാണകം സർവരോഗ സംഹാരിണിയാണെന്നും, കോവിഡിന്പോലും ഫലപ്രദമാണെന്ന് പ്രചരിപ്പിക്കുന്നവരോടും, ചാണക കേക്കുണ്ടാക്കി തിന്നവരോടും ബിജെപിയുടെയും കെ .സുരേന്ദ്രന്റെയുമൊക്കെ സമീപനം എന്തായിരുന്നു. ഈ കേരളത്തിലാണ് തലയിൽ കൈവെച്ച് പ്രാർത്ഥിച്ചാൽ കാൻസർ മുതൽ കൊറോണവരെ മാറുമെന്ന് പറയുന്ന ധ്യാനകേന്ദ്രങ്ങളും, രോഗശാന്തി ശുശ്രൂഷകരും ഉള്ളത്. കൃപാസനപത്രം അരച്ച് കലക്കിക്കുടിച്ച് രണ്ടുവർഷം മുമ്പ് ഒരു യുവതി ഗുരുതരാവസ്ഥയിൽ ആയതും ഈ നാട്ടിലാണ്. എന്നിട്ടും ലേപനം തേച്ച് അടിന്റെ പ്രസവം സുഖകരമാക്കിതൊട്ട് വന്ധ്യത പരിഹരിച്ചുവെന്ന് വരെ സാക്ഷ്യം പറയുന്നവരെ ഇപ്പോഴും കൃപാസന കേന്ദ്രത്തിൽ കാണാം. അതായത് ഈ മതം തിരിഞ്ഞുള്ള വിമർശനങ്ങൾ ഒക്കെ രണ്ടുകാലിൽ മന്തുള്ളവൻ അത് കാണാതെ ഒറ്റക്കാലനെ കളിയാക്കുന്നതുപോലുള്ള തറ പരിപാടികൾ മാത്രമാണ്.
പക്ഷേ ഈ തുപ്പൽ- ഊതൽ ബിരായാണി വിവാദമൊക്കെ കേരളത്തെ എത്രമാത്രം പിറകോട്ട് അടിച്ചുവെന്ന് നോക്കുക. സൗദി അറേബ്യപോലും റോബോർട്ടിക്ക് യുഗത്തിലേക്ക് കടക്കുമ്പോൾ, ഇത്തരം വൃത്തികേടുകളാണ് ഇവിടെ ചർച്ചചെയ്യേണ്ടിവരുന്നത്. മാത്രമല്ല അതിതീവ്രമായ മതധ്രുവീകരണവും ഇതുവഴി സംഭവിക്കുന്നു. ക്രിസ്മസ് കേക്ക്വരെ ഒരു വിഭാഗം തുപ്പിയുണ്ടാക്കുന്നതാണെന്നും അത് ബഹിഷ്‌ക്കരിക്കണമെന്നും കാമ്പയിൻ ഉയർന്നു കഴിഞ്ഞു.
ഊതൽ ഉണ്ടാക്കുന്നതും ഗുരുതര ആരോഗ്യ പ്രശനങ്ങൾ
ചില ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ പെയിന്റടിച്ച് ഇറക്കുന്നതുപോലെ ഊതൽ ഒരു നിരുപദ്രവമായ ആചാരമാണോ എന്ന് നോക്കുക. ഒരിക്കലും അല്ല എന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത് ഇത് കോവിഡ് കാലം കൂടിയാണ്. നാം മാസ്‌ക്ക്വെക്കുതുതന്നെ നമ്മുടെ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പോയി കോവിഡ് പകരാതിരിക്കാൻ വേണ്ടിയാണെല്ലോ. അതെല്ലാം മറന്നുകൊണ്ടാണ് ഉള്ളാൾ ഉസ്താദ് ഊതിയത്.
ഇതുസംബദ്ധിച്ച് ജനകീയ ആരോഗ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ ഷിംന അസീസ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.- '' നമ്മുടെയൊക്കെ വായിൽ ഉത്പാദിപ്പിക്കപ്പെടുന്നൊരു സ്രവമാണ് തുപ്പൽ. അശ്രദ്ധമായി അവിടെയും ഇവിടെയും ഒക്കെ തുപ്പുമ്പോഴോ, സംസാരിക്കുമ്പോളും ചുമക്കുമ്പോഴും ഊതുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പൽ കണികകൾ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങൾ കഴിക്കാൻ പോവുന്ന ഭക്ഷണത്തിൽ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങൾ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദർഭത്തിനനുസരിച്ച് വേണ്ടത് പോലെ കൈകാര്യം ചെയ്യുക. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്. ''
ശാസ്ത്ര പ്രചാരനും പ്രഭാഷകനുമായ ഡോ അഗസ്ററസ് മോറിസ് ഇങ്ങനെ പ്രതികിരക്കുന്നു-''ജന്മദിന കേക്കിൽ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതുന്നതുപോലും അശാസ്ത്രീയമാണ്. നമ്മുടെ ഉമിനീരിൽ കാണപ്പെടുന്ന സ്ട്രേപ്റ്റോകോക്കസ് സലൈവാരിസ് എന്ന അണു പകരുന്നത് ഇങ്ങനെയാണ്. റുമാറ്റിക്ക് ഫീവർ, എൻഡോകാർഡിറ്റിസ്, മെനിഞ്ചെറ്റിസ്, റെസ്പരിരേറ്ററി ട്രാക്ക് ഇൻഫക്ഷൻ തുടങ്ങിയ നിരവധി രോഗങ്ങൾ ഇതുമൂലം ഉണ്ടാവും''. അതായത് ഇനി തുപ്പലല്ല ഊതൽ ആണെങ്കിലും അത് അത്ര നിരുപദ്രവ കാരിയല്ലെന്ന് വ്യക്തമാണ്. പക്ഷേ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആവുമ്പോൾ എന്തു നിയമവും ലംഘിക്കാമെന്ന് നമുക്ക് ലൈസൻസൻ ഉണ്ട്. ഉള്ളാൾ ഉസ്താദ് ഊതിയത് ശരിയാണെന്ന് സ്ഥാപിക്കയല്ല, അങ്ങനെയും ചെയ്യരുത് എന്നാണ് പൊതുജനാരോഗ്യത്തിൽ താൽപ്പര്യമുള്ളവർ പറയേണ്ടത്.
തുപ്പൽ ഉസ്താദുകളും ജിന്നുമ്മകളും
ഇന്ന് ആരും ഭക്ഷണത്തിൽ തുപ്പുന്നില്ലെന്നും അത് എല്ലാം സംഘപരിവാർ വാദമാണെന്ന് പറയുന്നവർ കാന്തപുരം എ.പി അബൂബർക്കർ മുസ്ലിയാർ എന്ന എ.പി ഉസ്താദിന്റെ ചില വീഡിയോകൾ ഒന്ന് കണ്ടുനോക്കണം. സ്റ്റേജിൽ ഇരുന്ന് കാന്തപുരം പരസ്യമായി തുപ്പുന്നതും, ആളുകൾ അത് ഗ്ലാസിലും പാത്രങ്ങളിലുമായി കൊണ്ടുപോകുന്നതും വ്യക്തമായി കാണാം. ക്യൂ നിന്നാണ് ജനം തുപ്പൽ വാങ്ങുന്നത്. ഇതെല്ലാം മതത്തിന്റെ പേരിൽ തന്നെയാണ്. കാന്തപുരത്തിന്റെ തുപ്പലിന് പ്രവാചകൻ മുഹമ്മദിന്റെതുപോലെ ചില അമാനുഷിക ശക്തികൾ ഉണ്ട് എന്നുതന്നെ അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നു. അതുപോലെ തന്നെ കാന്തപുരം എവിടെയെങ്കിലും എത്തിയാൽ അദ്ദേഹത്തിന്റെ കൈമുത്താനും ഈ കോവിഡ് കാലത്തും അണികളുടെ തിരക്കാണ്. ' ഉസ്താദ് ക്ഷീണിതനാണ്, അതിനാൽ ഇനി കൈ മുത്തേണ്ടവർ മുത്തിയവരുടെ കൈ മുത്തിയാൽ മതി' എന്ന പഴയ അനൗസ്മെന്റ് ട്രോൾ ആയിരുന്നില്ല!
്മന്ത്രിച്ചൂതിയ വെള്ളം കൊടുക്കുന്ന നിരവധി സിദ്ധന്മാരെ ഇപ്പോഴും മലബാറിൽ സജീവമാണ്. എന്തിനധികം, പാണക്കാട് തങ്ങൾമാർ വരെ ഇങ്ങനെ ചെയ്യാറുണ്ട്. അത് ഒരു ചികിത്സയായി വരികയും, ആധുനിക മരുന്നുകൾ വേണ്ട എന്ന് പറയുകയും ചെയ്യുന്നിടാത്താണ് കണ്ണൂരിൽ സംഭവിച്ചപോലെ മരണം സംഭവിക്കുന്നത്. കോഴിക്കോട് മുക്കത്തിനിടുത്തെ കളൻതോട്ടിൽ, ഉസ്താദ് തുപ്പിയ വെള്ളത്തിനായി വെള്ളിയാഴ്ചകളിൽ നീണ്ട തിരക്കാണ്. മുട്ടയിൽ കൂടോത്രം ചെയ്യുന്നവർ തൊട്ട് അവിഹിത ഗർഭം കലക്കുന്ന ജിന്നുമമ്മാർ വരെ ഇന്നുമുണ്ട്. കാസർകോട്ട് ഇങ്ങനെ ഗർഭം കലക്കുന്നതിനിടെ ഒരു ജിന്നുമ്മയുടെ കേന്ദ്രത്തിൽ ഒരു യുവതി മരിച്ചതും വാർത്തയായിരുന്നു. അഞ്ചുവർഷം മുമ്പ് കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു, കോഴിക്കോട് മുക്കത്ത് സിദ്ധന്റെ വാക്കുകേട്ട് നവജാത ശിശുവിന് മാതാവ് മുലപ്പാൽ നിഷേധിച്ച സംഭവം. അഞ്ച് ബാങ്ക് വിളിക്കാതെ ശിശുവിന് മുലപ്പാൽ നൽകരുതെന്ന സിദ്ധന്റെ നിർദ്ദേശമനുസരിച്ചാണ് അമ്മ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചത്. സംഭവത്തിൽ നഴ്സിന്റെ പരാതിയെ തുടർന്ന് ഹൈദ്രോസ് തങ്ങൾ എന്ന സിദ്ധനും കുട്ടിയുടെ മാതപിതാക്കളും അറസ്റ്റിലായിരുന്നു.
കോഴി, താറാവ് എന്നിവയുടെ മുട്ടകളിൽ ചില മന്ത്രങ്ങൾ ജപിച്ച് ഊതി കാര്യങ്ങൾ സാധിച്ചുകൊടുക്കുന്ന വിദ്വാന്മാരും കുറവല്ല. ഭർത്താവിന്റെ മദ്യപാനം, പരസ്ത്രീബന്ധം തുടങ്ങിയവ അവസാനിപ്പിക്കാനാണ് മുട്ടപ്രയോഗം. ആർസനിക്ക്, ലെഡ്, മെർക്കുറി തുടങ്ങിയവയിലേതെങ്കിലും ഭക്ഷണം വഴി അൽപ്പാൽപ്പമായി നൽകുകയാണ് കൈവിഷം ചർദിപ്പിക്കൽ വിദ്യയും ഇപ്പോഴുമുണ്ട്. ഛർദി നിലയ്ക്കാതെ നിർജലീകരണമുണ്ടായി രോഗി മരിച്ച സംഭവങ്ങളും ഇതിനിടെയുണ്ടായി.
പക്ഷേ ഇതിനേക്കാളുമൊക്കെ പാകൃതമാണ് ഈ തുപ്പൽ പരിപാടി.അത്യുത്തര മലബാറിലാണ് ഇത് ഏറെയുള്ളത്. വേറെ ഒരു വീഡിയോയിൽ കാണുന്നത് തുപ്പി തുപ്പി അവശനായ ഒരു മൗലവിയെ കാറിലിട്ട് ചിലർ തുപ്പിക്കുന്നു. എന്നിട്ട് അത് മുഖത്ത് തേക്കുന്നു! ഡിസാസ്റർ മാനേജ്മെന്റ് ആക്്ട് 2015 പ്രകാരം പൊതുസ്ഥലത്ത് തുപ്പുന്നതും പോലും കുറ്റകരമാണ്! ഇതൊക്കെ അന്ധവിശ്വാസമാണ് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമാണ്, മതം എന്ന ചക്കരക്ക് ഇതിൽ പ്രതിയല്ല എന്നാണ്, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നറേറ്റീവ്. പക്ഷേ അങ്ങനെയല്ല എന്നയാണ് വാസ്തവം. കൃത്യമായി ഇസ്ലാമിൽ ഉള്ളതുകൊണ്ടുതന്നെയാണ് ഒരു വിഭാഗം ഇങ്ങനെ ചെയ്യുന്നത്.
ഒന്നാം പ്രതി മതം തന്നെ
2008ൽ സന്തോഷ് മാധവൻ എന്ന തട്ടിപ്പ് സ്വാമി പിടിയിലായതിനെ തുടർന്ന് കേരളത്തിൽ ആൾദൈവങ്ങൾക്കും സിദ്ധന്മാർക്കും ജിന്നുമ്മമാർക്കും എതിരെ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വലിയ കാമ്പയിൻ നടന്നിരുന്നു. അന്ന് പല സിദ്ധന്മാരും കപട ചികിത്സകരും നാടുവിട്ട് ഓടിയതാണ്. പക്ഷേ ആ മൂവ്മെന്റ് പിന്നീട് എങ്ങുമെത്തിയില്ല. കാരണം ഇവരുടെയെല്ലാം അടിസ്ഥാനം മതം തന്നെയാണ് എന്നാണ്.ഇപ്പോൾ നോക്കുക, ഇസ്ലാമിന്റെ പേരിൽ നടക്കുന്ന ഈ തുപ്പൽ ചികിത്സ എവിടെ നിന്നാണ് വരുന്നത്. ഇത് നടത്തുന്നവർ ഉദാഹരണമായി പറയുന്നത് ഹദീസുകൾ തന്നെതാണ്.
പ്രവാചകൻ മുഹമ്മദ് ചെയ്തത് അതേപോലെ, വള്ളിപുള്ളി വിടാതെ പിന്തുടരുന്ന ഒരു വലിയ വിഭാഗം മുസ്ലീങ്ങൾ കേരളത്തിലുമുണ്ട്. അക്കാലത്ത് രോഗത്തിന് മരുന്നായി വരെ പ്രവാചകന്റെ തുപ്പൽ ഉപയോഗിച്ചിരുന്നുവെന്ന് ഹദീസുകൾ പറയുന്നു. മുഹമ്മദിന്റെ തുപ്പലിന് കസ്തൂരിയുടെ ഗന്ധമാണെന്നാണ് പറയുന്നത്. കുട്ടികളുടെ വായിൽവരെ മുഹമ്മദ് രോഗശാന്തിക്കായി തുപ്പിയതായി പറയുന്നു. ഇസ്ലാം ആശ്്ളേഷിച്ച മദീനയിൽ, അതിനുശേഷം ആദ്യമായി കുട്ടിയുണ്ടായ സമയത്ത് ഒരു ഈന്തപ്പഴം എടുത്ത് ചവച്ച് പ്രവാചകൻ വായിൽ തുപ്പിക്കൊടുത്തെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിലുണ്ട്. അതേ പ്രവാചകകൻ തന്നെ പള്ളിയിൽ തുപ്പുന്നത് പാപമാണെന്ന് പറഞ്ഞിട്ടുമുണ്ട്.
സഹീഹ് ബുഖാരി , വോളിയം 5, ബുക്ക് 59, ഹദീസ് നമ്പർ 428 ൽ പറയുന്നു...' ജാബിർ ബിൻ അബ്ദുള്ളാ നിവേദനം. ഞാനും പ്രവാചകനും വീട്ടിലേക്ക് വന്നു. ജനക്കൂട്ടത്തിലേക്ക് പോകുന്നതിന്ന് മുൻപ് എന്നെ കണ്ടപ്പോൾ ഭാര്യ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു. ഞാൻ അവളോട് പറഞ്ഞു.നീ പറഞ്ഞതെല്ലാം ഞാൻ പ്രവാചകനോട് പറഞ്ഞിട്ടുണ്ട്. പിന്നീട് അവൾ അപ്പത്തിനായി കുഴച്ച മാവ് പ്രവാചകന്റെ അരികിലേക്ക് കൊണ്ടുവന്നു.. അദ്ദേഹം അതിലേക്ക് തുപ്പിക്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹം അതിൽ സ്ഥാപിച്ചു.. പിന്നീട് ഇറച്ചിക്കറി ഉണ്ടാക്കി വച്ചിരുന്ന മൺകലത്തിലും അദ്ദേഹം തുപ്പിക്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹം സ്ഥാപിച്ചു''
പാമ്പുകടി മുതൽ നേത്രരോഗങ്ങൾക്ക്വരെ പ്രവാചകന്റെ തുപ്പൽ അക്കാലത്ത് ഉപയോഗിച്ചിരുന്നു. ഖൈബർ യുദ്ധത്തിൽ കണ്ണിന് പരിക്കേറ്റ അലിയുടെ കണ്ണിൽ മുഹമ്മദ് തന്റെ തുപ്പൽ തേച്ചതായും അങ്ങിനെ രോഗശാന്തി ഉണ്ടായതായും ഹദീസുകളിൽ പറയുന്നുണ്ട്. മൂന്ന് തവണ മുറിവിക്കേ് തുപ്പി മുറിവ് മാറ്റിയതും, കുടത്തിൽനിന്ന് വെള്ളം വായിലേക്ക് എടുത്ത് മുഖത്ത് തുപ്പിയതുമായ കഥകൾ പ്രവാചകന്റെ പേരിലുണ്ട്. പക്ഷേ യഥാർഥത്തിൽ ഈ ചികിത്സവന്നത് ബൈബിളിൽനിന്നാണ് എന്നാണ് സാം ഹാരിസിനെപ്പോലുള്ള സ്വതന്ത്രചിന്തകർ എഴുതുന്നത്. യേശു അന്ധന് കാഴ്ച നൽകുന്നത് മണ്ണിൽ തുപ്പി അത് കൂഴച്ച് കണ്ണിൽ പുരട്ടിയാണ്. ഇത് അനുകരിക്കയാണ് മുഹമ്മദ് ചെയ്തത് എന്നാണ് സാം ഹാരീസിന്റെ വാദം.
പ്രവാചകൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ തുപ്പൽ ഏറ്റുവാങ്ങാൻ സഹാബികൾ കാത്തുനിൽക്കയായിരുന്നെന്ന് ഹദീസുകളിൽ പറയുന്നുണ്ട്. അദ്ദേഹം കുളിച്ച വെള്ളം പോലും ആളുകൾ േദഹത്ത് പുരട്ടിയിരുന്നത്രേ. പ്രവാചകന്റെ മരണശേഷവും മതപണ്ഡിതകർക്കും, അദ്ദേഹത്തിന്റെ പരമ്പരയിൽ ഉള്ളവർക്കും, ഇതുപോലെ ചില വിശുദ്ധ ഗുണങ്ങൾ ഉണ്ടാവുമെന്ന് ഒരു വിഭാഗം വിശ്വസിച്ചു. അങ്ങനെയാണ് തുപ്പൽ ചികിത്സപോലുള്ള അനാചാരങ്ങൾ ഉണ്ടായത് എന്നാണ് വിലയിരുത്തൽ. അതുപോലെ അക്കാലത്ത് ഉപയോഗിച്ചിരുന്ന കരിഞ്ചീരകം അടക്കമുള്ള എടുത്തുകാട്ടി സർവരോഗത്തിനും പ്രതിവിധിയെന്ന് പറയുന്ന പ്രവാചക വൈദ്യവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
മുടിപ്പള്ളിയുമായി കാന്തപുരം
പ്രവാചകന്റെ തുപ്പലിനും, ദേഹത്തിനിന്ന് വീഴുന്ന വെള്ളത്തിനുമെല്ലാം, ഔഷധശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരുടെ ഇടയിലേക്ക് അദ്ദേഹത്തിന്റെ ഒരു മുടി തന്നെ കിട്ടിയാലോ. അതാണ് നമ്മുടെ കാന്തപുരം മുസ്ലിയാർ ചെയ്തതും. അദ്ദേഹം തിരുകേശമെന്നും, സമസ്തയിലെ എതിരാളികൾ വ്യാജകേശമെന്നും വിളിക്കുന്ന ഒരു മുടി, ബേഡി വേസ്റ്റ് വിവാദവും മറ്റുമായി കേരള രാഷ്ട്രീയത്തിലും കത്തി. കേശം സ്്ഥാപിക്കാൻ പള്ളിവേണമെന്നും പ്രചാരണം നടത്തി അദ്ദേഹം കോടികൾ പിരിച്ചു. മാത്രമല്ല ഈ മുടിയിട്ട വെള്ളം വിറ്റും വൻ തുക നേടി. 2018 നവംബറിൽ കാരന്തൂർ മർകസിൽ ഇന്ന് നടന്ന മുടിവെള്ള വിതരണത്തിനെത്തിയത് പതിനായിരങ്ങളാണ്. ഇതിനെ തുടർന്ന് കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
എന്നാൽ സമസ്ത ഇ.കെ വിഭാഗം അടക്കമുള്ള കാന്തപുരത്തിന്റെ എതിരാളികൾ ഇപ്പോളും തിരുകേശത്തെ അംഗീകരിച്ചിട്ടില്ല. അവർ മുടിയുടെ ആധികാരികത വിശ്വാസപരമായി തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. പ്രവാചകന്റെ മുടി കത്തുകയോ, നിഴലുണ്ടാക്കുകയോ ഇല്ലെന്നതാണ് വിശ്വാസം. എന്നാൽ ഇത്രയും കാലമായിട്ടും ഈ വെല്ലുവിളി സ്വീകരിക്കാൻ കാന്തപുരം തയ്യാറായിട്ടില്ല എന്നത് തന്നെയാണ് മുടിയുടെ ആധികാരികതയെ സംശയിക്കാൻ ഇടയാക്കുന്നതെന്ന് എസ്‌കെ.എസ്.എസ്.എഫ് നേതാക്കളൊക്കൊ ആരോപിക്കുന്നുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം ഇതിലേക്ക് നൽകിയ ആയിരം രൂപ തിരിച്ചുവാങ്ങി പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. പിന്നാലെ മുടിയുടെ ആധികാരികത ചോദ്യം ചെയ്ത് എസ്‌കെഎസ്എസ്എഫ് വിഭാഗവും രംഗത്തെത്തി. ഇതുസംബന്ധിച്ച ചോദ്യത്തിന് ഇത് ബോഡി വേസ്റ്റ് ആണെന്ന് അന്ന് പിണറായി വിജയൻ പറഞ്ഞതും വൻ വിവാദമായി. പക്ഷേ പിണറായി അധികാരത്തിൽ ഏറിയിട്ടും ഇത്തരം തട്ടിപ്പുകൾക്ക് എതിരെ നടപടിയെടുക്കാതെ കുടപിടിച്ച് കൊടുക്കുന്ന സമീപനമാണ് എടുത്തത്. മതവും, വിശ്വാസവും വരുമ്പോൾ രാഷ്ട്രീയക്കാർക്ക് എപ്പോഴും മുട്ട് ഇടിക്കും.
വാക്സിൻ എടുക്കാതെ രണ്ടായിരത്തോളം അദ്ധ്യാപകർ
ശാസ്ത്ര പുരോഗമന സമൂഹമാണ് നാം എന്നൊക്കെ പറയുമ്പോഴും മതവും വിശ്വാസവും കയറിക്കയറി എവിടെ എത്തി എന്നു നോക്കണം. ഇത്തവണ സ്‌കൂൾ തുറന്നപ്പോൾ ഒന്നും രണ്ടുമല്ല രണ്ടായിരത്തോളം അദ്ധ്യാപകരാണ് വാക്സിൻ എടുക്കാതിരുന്നത്. ഇതിൽ ഏറെയും മതപരമായ കാരണങ്ങൾ കൊണ്ടാണ്.
രോഗങ്ങളുള്ളവരും മതപരമായ കാരണങ്ങളാലും വാക്‌സിനെടുക്കാത്ത 2282 അദ്ധ്യാപകരുണ്ടെന്നാണ് വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയത്. അത്തരക്കാർ സ്‌കൂളിൽ വരേണ്ടെന്നും വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സെടുക്കട്ടെയെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയരുന്നിരുന്നു. മതവിശ്വാസം പറഞ്ഞ് വാക്‌സിൻ എടുക്കാത്തവർക്ക് വീട്ടിലിരിക്കാനുള്ള ആനുകൂല്യം നല്കുന്നത് അവരെ പ്രീണിപ്പിക്കാനാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
്.
വാക്‌സിൻ എടുക്കുന്നത് സ്വന്തം ഇഷ്ടമാണ്. എന്നാൽ വാക്‌സിനെടുക്കാതിരുന്നാൽ മരണകാരണമാകുന്ന രോഗം ഇവരിലൂടെ പടരാനുള്ള സാധ്യത വർധിക്കും. അത് മറ്റുള്ളവരുടെ ജീവന് അപകടമാകും. അതിനാൽ തൊഴിലിടങ്ങളിൽ വാക്‌സിനേഷൻ നിർബന്ധമാക്കണമെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു. നിരവധി സ്വകാര്യ സ്ഥാപനങ്ങളിൽ ആരോഗ്യകാരണങ്ങളല്ലാതെ വാക്‌സിനെടുക്കാത്തവരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിട്ടുണ്ട്. ആ മാതൃകയിൽ സംസ്ഥാനത്തും വാക്‌സിനേഷൻ നടപ്പിലാക്കണം. കുട്ടികളുമായി അടുത്ത് ഇടപഴകുന്ന അദ്ധ്യാപകർക്ക് നിർബന്ധിത വാക്‌സിനേഷനെന്നത് നിയമത്തിലൂടെ കൊണ്ടുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പക്ഷേ വിഷയം മതപരമായതുകൊണ്ട് സർക്കാർ ഒന്നും ചെയ്യില്ലെന്ന് വ്യക്തമാണ്.
ഹലാൽ പിടിച്ച പുലിവാൽ
ഇതോടൊപ്പം ചർച്ചചെയ്യേണ്ട വിഷയമാണ്, കേരളത്തിൽ ഇസ്ലാമിക ജീവിത ക്രമത്തിൽ ഉണ്ടായ മാറ്റം. 70കളിൽ കോഴിക്കോട് മാനാഞ്ചിറയിൽ ഫുട്ബോൾ മത്സരം നടന്നപ്പോഴുള്ള ഒരു ഫോട്ടോ ഈയിടെ പുറത്തുവന്നിരുന്നു. അന്ന് ഗ്യാലറിയിൽ നിറയെ സ്ത്രീകൾ ആയിരുന്നു. എറെയും മുസ്ലിം സ്ത്രീകൾ. അതിൽ ആരും പർദ ധരിച്ചിരുന്നില്ല. എന്നാൽ ഇന്നോ. ചാക്കുകെട്ടിനുള്ളിൽ കയറിയപോലെ, പെൻഗ്വിൻ പക്ഷികളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മുസ്ലിം സ്ത്രീകൾ മലബാറിലെ നഗരങ്ങളിലൂടെ നടന്നുപോവുന്നത് കാണാം! അന്ന് കേരളത്തിൽ എവിടെയും ഹലാൽ ബോർഡുകളും ഉണ്ടായിരുന്നില്ല.
ഹലാൽ എന്ന ഒരു മതേതര സമൂഹത്തിൽ ഒരിക്കലും ആശാസ്യമല്ലാത്ത ഒരു ബോർഡുവെച്ചുള്ള ഭക്ഷണ ക്രമം ഇവിടെ തുടങ്ങിയത്, മത വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. കടുത്ത മതവിശ്വാസികൾ അല്ലാത്ത പലരും, ഒരു ബിസിനസ് ട്രിക്ക് എന്ന രീതിയിൽ ഹലാൽ ബോർഡുകൾ വെച്ചു. തുപ്പൽ വിവാദം വഴി സത്യത്തിൽ പുലിവാൽ പിടിച്ചിരിക്കുന്നത് അവരാണ്. ഹലാൽ ഭക്ഷണം എന്നാൽ തുപ്പി ഇറക്കുന്ന ഭക്ഷണം എന്നാണ് സോഷ്യൽ മീഡിയയിൽ സംഘപരിവാർ വ്യാപകമായി പ്രചരിപ്പിച്ചത്.
ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെയാണ്.-''പൊതുവിതരണത്തിനായി തയ്യാറാക്കുന്ന ആഹാരത്തിൽ ഇവർ തുപ്പും... തുപ്പിയിരിക്കും... അത് നബിചര്യയാണ്... ഹോട്ടൽ, വിവാഹങ്ങൾ, മറ്റു ആഹാരം വിളമ്പുന്ന ചടങ്ങുകൾ തുടങ്ങിയവയിലെല്ലാം ഇവർ തുപ്പും... അത് കഴിക്കുന്നവരെ തുപ്പൽ തീറ്റിക്കാനല്ല,.. ഹോട്ടൽ കുക്ക് ഉണ്ടാക്കി വെച്ച ബിരിയാണിയിൽ തുപ്പുന്നത് അത് കേടാവാതെ, സ്വാദോടെ പെട്ടന്ന് വിറ്റ് തീരാൻ വേണ്ടിയാണ്.. അതിനായി ഖുറാൻ ഓതി അതേ വായ കൊണ്ട് തുപ്പുന്നു... മിക്കവാറും മുസ്ലിം പാചകക്കാർ ഇത് ചെയ്യാറുണ്ട്... എല്ലാത്തിലും.. മുസ്ലിം ബേക്കറികളിലും ഒക്കെ ഇത് അനുവർത്തിക്കാറുണ്ട്..വിവാഹത്തിലെ ആഹാര പദാർത്ഥങ്ങളിൽ പൊതുവേ മുസ്ലിംപള്ളിയിലെ കാർമ്മികൻ വന്നാണ് പ്രാർത്ഥിച്ച് തുപ്പാറുള്ളത്... അതും ഉദ്യേശം ഇതൊക്കെ തന്നെ... അള്ളാഹുവിന്റെ ബർക്കത്ത് തന്റെ തുപ്പലിലൂടെ നാട്ടുകാരിൽ എത്തിക്കുക എന്നത്...
ഈ വിഷയത്തിൽ ഇറങ്ങിയ വീഡിയോകൾ ഒറ്റപ്പെട്ടവയല്ല.. എല്ലാ മുസ്ലിം ഹോട്ടലുകളിലും കല്യാണങ്ങളിലും മറ്റും എല്ലാ ദിവസവും നടക്കുന്നത് തന്നെയാണ്.. ആഹാരത്തിൽ തുപ്പൽ.. അത് മറ്റുള്ളവരെ തീറ്റിക്കൽ... അള്ളാനുഗ്രഹം നേടിക്കൽ... അടുത്ത തവണ ഹലാൽ ആഹാരം രുചിയോടെ മുസ്ലിം റസ്റ്റോറന്റിൽ നിന്ന് കഴിക്കുമ്പോൾ ഓർക്കുക... വെളുപ്പിന് പല്ലു പോലും തേക്കാത്ത ഈമാനുള്ള ഒരു മുസ്ലിം കുക്കിന്റെ തുപ്പലാണ് ആ ഭക്ഷണത്തിന്റെ രുചി.... !''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
എത്ര ശക്തമായ വിദ്വേഷം പ്രചാരണം എന്ന് നോക്കുക. സത്യത്തിൽ ഹലാൽ ഭക്ഷണത്തിന്റെ ഭാഗമായി കേരളത്തിൽ എവിടെയും തുപ്പാറില്ല. മുസ്ലിം പാചകക്കാരും പൊതുവെ അങ്ങനെ ചെയ്യാറില്ല. മതപരമായ ചടങ്ങുകളിൽ മാത്രമാണ് ഇത്തരം ഓതലുകൾ നടക്കുന്നത്. പക്ഷേ ഹലാൽ ഭക്ഷണം മൊത്തം ബഹിഷ്‌ക്കരിക്കണമെന്നും എന്തിന് ക്രിസ്മസ് കേക്ക്പോലും ഒഴിവാക്കണമെന്നമാണ് ഇപ്പോൾ ഉയരുന്ന പ്രചാരണം.
ക്രിസ്മസ് കേക്കിലും തുപ്പുമെന്ന് പ്രചാരണം
കേരളത്തിൽ അടുത്തകാലത്ത് ഉണ്ടായ എല്ലാ സംഭവങ്ങളിലുമെന്നപോലെ വളരെ പെട്ടെന്ന് തുപ്പൽ-ഓതൽ വിവാദവും വർഗീയവത്ക്കരിക്കപ്പെട്ടു. ക്രിസ്തുമസ് കേക്കുകൾ ഇതര മതസ്ഥാപനങ്ങളിൽ നിന്ന് വാങ്ങരുതെന്ന പ്രചരണവുമായി തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയിലെ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കയാണ്. പരമ്പരാഗതമായി നമ്മൾ വിശ്വാസത്തോടും സന്തോഷത്തോടും കൂടി ഉണ്ടാക്കിയിരുന്ന ക്രിസ്മസ് കേക്കുകൾ ഇന്ന് വാണിജ്യ താല്പര്യത്തോടെ ഒരു വിഭാഗം കൈയടക്കിയിരിക്കുന്നതായും അവരെ അതിന് ഇനി അനുവദിക്കരുതെന്നുമാണ് കാസ ഫേസ്‌ബുക്കിലുടെ പ്രചരണമാരംഭിച്ചിട്ടുള്ളത്.
ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെയാണ് ഈ പ്രചരണം. 'അവരുണ്ടാക്കുന്ന കേക്ക് അശുദ്ധമാണ്. അവരുടെ വിശ്വാസ പ്രകാരം നമ്മൾ വഴിപിഴച്ചവർ ആണ്. നമ്മുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അവർ പുച്ഛത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും ശുദ്ധമായ രീതിയിലും ശുദ്ധമായ മനസോടുകൂടി ആയിരിക്കില്ല അവർ കേക്ക് ഉണ്ടാക്കുക'യെന്നും കാസയുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിൽ പറയുന്നു.
പ്രത്യേകിച്ച് ഒട്ടുമിക്ക സ്ഥലങ്ങളിലും ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന ബംഗ്ലാദേശികൾ തന്നെയാണ് ബേക്കറി ഐറ്റംസ് ഉൽപാദന യൂണിറ്റുകളിൽ ജോലി ചെയ്യുന്നത്. അവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ തുപ്പി ഇടുന്നതും കാലുകൾ കൊണ്ട് ചവിട്ടി വൃത്തികേടാക്കുന്നതും ഒക്കെ നമ്മൾ ധാരാളം കണ്ടിരിക്കുന്നു. ഒരു ക്രിസ്ത്യൻ ആഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് ഇവർ ഉണ്ടാക്കുമ്പോൾ ഏതു തരത്തിലായിരിക്കും ഇവരുടെ പെരുമാറ്റം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഹോട്ടൽ മുതലാളി വഴക്കു പറഞ്ഞതിലെ ദേഷ്യം കാരണം ഹോട്ടലിൽ ഉണ്ടാക്കിവച്ച സാമ്പാറിൽ മൂത്രമൊഴിച്ച ബംഗാളികളെ കുറിച്ച് വരെ നമ്മൾ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിസ്മസ് കേക്കുകൾ ഇവർ അശുദ്ധമാക്കാൻ സാധ്യത വളരെയേറെയാണ്. പരിപാവനമായ നമ്മുടെ ക്രിസ്മസ് ദിനത്തിൽ എന്തിനു നമ്മൾ അശുദ്ധമായ ഒരു വസ്തു വാങ്ങണം.
ക്രിസ്മസ് കേക്ക് ശുദ്ധമായിരിക്കണം. അതിനെ അശുദ്ധമായവരിൽ നിന്നും അശുദ്ധമാക്കാൻ ശ്രമിക്കുന്നവരിൽ നിന്നും അങ്ങിനെ ചെയ്യാൻ സാധ്യതയുള്ളവരിൽ നിന്നും നമ്മുടെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരിൽ നിന്നും അതിനെ പുശ്ചിക്കുന്നവരിൽ നിന്നും വാങ്ങരുത്. എന്തുകൊണ്ട് പള്ളികൾ വഴിയും യുവജന കൂട്ടായ്മകൾ വഴിയും ക്രിസ്ത്യൻ സംഘടനകൾ വഴിയും ക്രിസ്മസ് കേക്കുകളുടെ ഉൽപ്പാദനവും വിൽപനയും നടത്തിക്കൂടാ എന്നും അതിനു നമ്മൾ തയ്യാറാവണം എന്നും ഇവർ പറയുന്നു.
അതായത് ഉള്ളാൾ ഉസ്താദിന്റെ ഊതൽ വിവാദം കൂടുതൽ കൂടുതൽ വർഗീയവത്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ശാസ്ത്രബോധവും യുക്തിബോധവും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയായി മാറേണ്ടതിനും പകരം നാം എങ്ങോട്ടാണ് പോകുന്നത്. എന്നിട്ടും നവോത്ഥാന കേരളം എന്ന പേര് മാത്രമാണ് ബാക്കി!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ