- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒൻപത് മാസം മുമ്പ് പെൺകുട്ടിയുമായി വീട്ടിൽ എത്തി; പൊലീസ് ഇടപെടലിൽ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും വീണ്ടും കൂട്ടിക്കൊണ്ടു വന്നു; ശാരീരിക ബന്ധം പുലിവാലാകുമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതും കേട്ടില്ല; വീട്ടുകാരെ പേടിച്ച് നാലുമാസം ഗർഭം പുറത്തു പറഞ്ഞതുമില്ല; സോഷ്യൽ മീഡിയയിലെ അമ്പിളിയെ അഴിക്കുള്ളിലാക്കിയത് അസ്ഥിക്ക് പിടിച്ച പ്ലസ് ടു പ്രണയം
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയാ താരം അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ(19) അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ 9 മാസങ്ങളായി പെൺകുട്ടിയെ ഇയാൾ മാതാപിതാക്കളുടെ അറിവോടെ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു എന്നാണ് നാട്ടുകാരും ആരോഗ്യ പ്രവർത്തകരും മറുനാടനോട് പറഞ്ഞത്.
2020 സെപ്റ്റംബർ മാസത്തിലാണ് 17 കാരിയെ വിഘ്നേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അന്ന് ഇയാളുടെ മാതാപിതാക്കൾ തിരൂരിലെ ബന്ധുവിന്റെ വീട്ടിൽ വച്ച് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അവിടെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയുമായെത്തിയ വിഘ്നേഷിനെ പിറ്റേദിവസം വെള്ളിക്കുളങ്ങര പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. അന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. എന്നാൽ മുന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പെൺകുട്ടിയെ വിഘ്നേഷ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
പെൺകുട്ടിയുമായി ഇയാൾ വീണ്ടും വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളെത്തി. പെൺകുട്ടിയെ ഉപേക്ഷിക്കാൻ കഴിയല്ലെന്നും വിവാഹം കഴിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. തുടർന്ന് ബന്ധുക്കളും മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ കേസ് വരുമെന്ന് പറഞ്ഞെങ്കിലും ഇയാൾ വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു. ഇതിനിടയിൽ ക്വാറന്റൈൻ കഴിഞ്ഞെത്തിയ മാതാപിതാക്കൾ ഇവരോട് ശാരീരക ബന്ധം പാടില്ലെന്നും കുട്ടികളുണ്ടായാൽ കേസാകുമെന്നും പറഞ്ഞു.
എന്നാൽ ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. ഗർഭിണിയായ വിവരം ആദ്യം രണ്ടു പേരും മറച്ചു വച്ചു. വീട്ടുകാരറിഞ്ഞാൽ പ്രശ്നമാകും എന്ന് ഭയന്നായിരുന്നു. എന്നാൽ നാലുമാസമായപ്പോൾ പെൺകുട്ടി് അസ്വസ്ഥതകൾ കാട്ടിതുടങ്ങിയതോടെ വിവരം മാതാപിതാക്കൾ അറിഞ്ഞു. തുടർന്ന് പെൺകുട്ടിയെയും വിഘ്നേഷിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
പെൺകുട്ടിക്ക് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. മൂന്ന് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചയച്ചതാണ്. ഇതിനിടയിൽ പെൺകുട്ടിയേയും വിഘ്നേഷിനെയും വീട്ടിൽ കാണാതായതോടെ ആരോഗ്യ പ്രവർത്തകർ അന്വേഷണം നടത്തി. പെൺകുട്ടി ഗർഭിണിയാണെന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും മാതാപിതാക്കൾ പറഞ്ഞു.
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സർക്കാർ രേഖകളിൽ ഉൾപ്പെടുത്തേണ്ടതു കൊണ്ട് പെൺകുട്ടിയെ ഫോണിൽ വിളിച്ച് ആരോഗ്യ പ്രവർത്തകർ വിവരങ്ങൾ അന്വേഷിച്ചു. അവരോട് 19 വയസ്സുണ്ട് എന്നാണ് പറഞ്ഞത്. ഇതിനിടയിൽ പെൺകുട്ടിയുടെ ബന്ധു പ്രായ പൂർത്തിയായില്ലെന്ന് ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്തതോടെ വിഘ്നേഷ് ഒളിവിൽ പോകുകയായിരുന്നു.
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. ടിക്ടോകിൽ അമ്പിളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിഘ്നേഷിനെതിരേ പെൺകുട്ടിയും മൊഴി നൽകി. രണ്ടാഴ്ച മുമ്പാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്.
ടിക്ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. അമ്പിളിയുടെ വീഡിയോകളെ യൂട്യൂബിൽ 'റോസ്റ്റിങ്' ചെയ്തപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും ഉയർന്നുവന്നിരുന്നു.
വിഘ്നേഷ് കൃഷ്ണയെ പൊലീസ് പിടികൂടിയതും തന്ത്രങ്ങളിലൂടെ ആയിരുന്നു. സമർത്ഥമായ നീക്കമാണ് പൊലീസ് നടത്തിയത്. അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ താരം രക്ഷപ്പെടുമായിരുന്നു. വിഘ്നേഷിന്റെ മാതാവിന്റെ തിരൂരിലെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ദിവസങ്ങൾ അന്വഷണം നടത്തിയിട്ടും തുമ്പൊന്നും കിട്ടാതിരുന്ന പൊലീസ് വിദേശത്തേക്ക് പോകാനായി പാസ്പോർട്ടിന് അമ്പിളി അപേക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലാക്കി. ഇതോടെ ഒരു നാടകം അവർ തയ്യാറാക്കി. പാസ്പോർട്ട് പോസ്റ്റോഫീസിൽ വന്നിട്ടിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ വിഘ്നേഷ് എത്തണമെന്നും പോസ്റ്റ്മാനെകൊണ്ട് ഇയാളുടെ വീട്ടിൽ പറയിപ്പിച്ചു. വിഘ്നേഷ് സ്ഥലത്തില്ലെന്നും തന്റെ കയ്യിൽ തന്നാൽ മതിയെന്നും പിതാവ് പറഞ്ഞു.
എന്നാൽ വിഘ്നേഷ് തന്നെ വരണമെന്ന് പോസ്റ്റമാൻ കട്ടായം പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ പിതാവ് രാത്രി 11.30 ഓടെ തന്റെ ടൂവീലർ എടുത്ത് സ്റ്റാർട്ട് ചെയ്യാതെ പുറത്തേക്ക് പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷമാണ് സ്റ്റാർട്ട് ചെയ്തത്. വീടിന് സമീപം നിരാക്ഷണത്തിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളുടെ പിന്നാലെ പോയി. തുടർന്നാണ് ബന്ധുവീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്പിളി അറസ്റ്റിലായതോടെ ഇയാളുടെ ആരാധകരെല്ലാം ഞെട്ടലിലാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.