- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിലുണ്ടായിരുന്ന 53 മുറിവുകളും ചതവുകളും സ്കൂട്ടറിൽ നിന്ന് വീണത്; ജനനേന്ദ്രിയത്തിലെ മുറിവുകൾ ആന്തരിക അസ്വസ്ഥതകൾ മൂലമുള്ളത്; ജീവനൊടുക്കിയത് മാതാപിതാക്കളുടെ പീഡനവും ജോലി നഷ്ടപ്പെട്ടതും കാരണം; വിവാദത്തിന് ഒരു എസ്ഐ; കോട്ടാങ്ങലിലെ ടിഞ്ചുവിന്റെ മരണത്തിൽ കാമുകൻ ടിജിൻ ജോസഫ് പറയുന്നു
പത്തനംതിട്ട: കോട്ടാങ്ങൽ ചുങ്കപ്പാറ സ്വദേശി മൈക്കിളിന്റെ മകൾ ടിഞ്ചു(26) കാമുകന്റെ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ട്വിസ്റ്റ്. കാമുകനും പിതാവ് ചേർന്ന് ടിഞ്ചുവിനെ പീഡിപ്പിച്ച് കൊന്നുവെന്ന് ആരോപിച്ച് ്മൊതാപിതാക്കൾക്ക് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ ആരോപണങ്ങൾക്ക് മറുപടിയുമായി കാമുകൻ ടിജിൻ ജോസഫും രംഗത്തു വന്നു. കേസുമായി ബന്ധപ്പെട്ട് നിരപരാധിയായ തന്നെ കസ്റ്റഡിയിലെടുത്ത് ഇടിച്ചു ചോര തുപ്പിച്ച എസ്ഐയുടെ പണി പോകുമെന്ന് വന്നപ്പോഴാണ് ടിഞ്ചുവിന്റെ മാതാപിതാക്കൾ കെട്ടിച്ചമച്ച ആരോപണവുമായി വന്നിരിക്കുന്നതെന്ന് ടിജിൻ പറഞ്ഞു.
മരിക്കുന്ന നിമിഷം വരെ ടിഞ്ചുവും താനും തമ്മിൽ ഒരു ചെറിയ വഴക്ക് പോലും ഉണ്ടായിട്ടില്ല. വീട്ടുകാരുടെ നിരന്തര ശല്യം മൂലം ഉണ്ടായിരുന്ന ജോലികളെല്ലാം നഷ്ടമായതിന്റെ ആഘാതത്തിൽ അവൾ ജീവനൊടുക്കുകയായിരുന്നു. താനും തന്റെ പിതാവും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം നടന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് തൂങ്ങി മരണമാണെന്ന് വ്യക്തമാക്കിയപ്പോഴും ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടി വച്ച് പ്രതിയാക്കാൻ പെരുമ്പെട്ടി എസ്ഐയായിരുന്ന ഷെരീഫ് ശ്രമിച്ചു. തന്നെ ക്രൂരമായി മർദിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ഷെരീഫിന്റെ പണി പോകുമെന്ന് മനസിലാക്കിയാണ് ഇപ്പോൾ ടിഞ്ചുവിന്റെ മാതാപിതാക്കൾ അയാളെ രക്ഷിക്കാൻ രംഗത്ത് വന്നിരിക്കുന്നതെന്നും ടിജിൻ പറഞ്ഞു.
ടിജിന്റെ വാക്കുകളിലൂടെ...
ടിഞ്ചുവിന്റെ മാതാപിതാക്കൾ പറഞ്ഞതെല്ലാം കളവാണ്. ജോലി നഷ്ടമായതും സ്വന്തം വീട്ടുകാരുടെ പെരുമാറ്റവും കാരണമാണ് ടിഞ്ചു ജീവനൊടുക്കിയത്. തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരിക്കേ പെരുമ്പെട്ടി സ്റ്റേഷനിലെ എസ്ഐയായിരുന്ന ഷെരീഫ് തന്നെ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദിച്ചുവെന്ന് ടിജിൻ പറഞ്ഞു. ഇതിനെതിരേ കോടതിയിൽ കേസ് നടക്കുകയാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷെരീഫിനെതിരേ അന്വേഷണം വരികയും ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ 19 ന് ഷെരീഫിനെ തെളിവെടുക്കാൻ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിളിപ്പിച്ചിരുന്നു.
തന്റെ പരാതിയിൽ നടപടി വരുമെന്ന് കണ്ട് ഷെരീഫ് തന്നെയാണ് ടിഞ്ചുവിന്റെ മാതാപിതാക്കളെ പത്രസമ്മേളനം നടത്താൻ പറഞ്ഞയച്ചതെന്നും ടിജിൻ പറഞ്ഞു. ടിഞ്ചുവും താനും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ടിഞ്ചുവിന്റെ ശരീരത്ത് മുറിവും ചതവും ജനനേന്ദ്രിയത്തിൽ മുറിവും ഉള്ളതായി പറയുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് താൻ കണ്ടിട്ടില്ല. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സ്കൂട്ടറിൽ നിന്ന് വീണ് ടിഞ്ചുവിന് പരുക്കേറ്റിരുന്നു. അതിന്റെ ചികിൽസാ രേഖകൾ തന്റെ കൈവശമുണ്ട്. ജനനേന്ദ്രിയത്തിലെ അസ്വസ്ഥതകൾക്ക് ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ടിഞ്ചു ചികിൽസയിലായിരുന്നു. അതിന്റെ രേഖകളും പരിശോധിക്കാവുന്നതാണ്.
ഓട്ടോറിക്ഷാ ഡ്രൈവറെന്ന നിലയിൽ ടിഞ്ചുവിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ പരിചയം പ്രണയമാവുകയായിരുന്നു. അതിന് ടിഞ്ചുവിന്റെ വീട്ടുകാർ എതിരായിരുന്നില്ല. വിദേശത്ത് ജോലി കിട്ടിപ്പോയ താൻ 3.25 ലക്ഷം മുടക്കിയാണ് ടിഞ്ചുവിനെ ബി.എസ്.സി നഴ്സിങിന് പഠിപ്പിച്ചത്. പണം കൈയിൽ വാങ്ങിയത് പിതാവ് മൈക്കിളാണ്. പഠനം പൂർത്തിയായപ്പോൾ തന്നെക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളുടെ ആലോചന വന്നു. അയാൾക്കൊപ്പം ടിഞ്ചുവിനെ വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ചെയ്തു.
താനും വിവാഹിതനായി ഒരു കുട്ടിയുമായി. പിന്നീട് ഭാര്യയും താനുമായി അകന്നു കഴിയുമ്പോൾ ടിഞ്ചു സമീപിക്കുകയും തെറ്റിദ്ധാരണ കാരണമാണ് അവൾ മറ്റൊരു വിവാഹത്തിന്സമ്മതിച്ചത് എന്നു പറയുകയുമുണ്ടായി. വിവാഹം കഴിക്കണമെന്ന അവളുടെ ആവശ്യം താൻ നിരാകരിച്ചു. താൻ കാസർകോട്ടുള്ള സമയത്താണ് പെട്ടിയും കിടക്കയുമെടുത്ത് ടിഞ്ചു തന്റെ വീട്ടിൽ വന്നത്. പിറ്റേന്ന് തന്നെ ടിഞ്ചുവിനെ കീഴ്വായ്പൂര് പൊലീസിൽ ഹാജരാക്കി. ഭർത്താവിന്റെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോകാൻ എത്തിയെങ്കിലും ടിഞ്ചു പോയില്ല. സ്വന്തം വീട്ടുകാരെ വിളിച്ചിട്ട് അവർ എത്താൻ പോലും കൂട്ടാക്കിയില്ല. തനിക്കൊപ്പം പോരുകയാണെന്നാണ് അവൾ പൊലീസിനോട് പറഞ്ഞത്.
തനിക്കൊപ്പം താമസിച്ചു വരവേ മാതാപിതാക്കളുടെ ശല്യം കാരണം ടിഞ്ചുവിന്റെ നഴ്സിങ് ജോലി നഷ്ടമായി.വിവിധ ആശുപത്രികളിൽ ഇവർ ചെന്ന് ശല്യം ചെയ്യുമായിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളജിലെ ജോലി നഷ്ടമായപ്പോൾ ടിഞ്ചു കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് കിട്ടിയ ജോലിയും മാതാപിതാക്കളുടെ ശല്യം കാരണം നഷ്ടമായി. ഇതിന്റെ മാനസിക വ്യഥയിലാണ് താനോ പിതാവോ വീട്ടിൽ ഇല്ലാത്ത സമയം ടിഞ്ചു ജീവനൊടുക്കിയത്.
മാതാപിതാക്കളുടെ സ്വാധീനത്തെ തുടർന്നാണ് പെരുമ്പെട്ടി എസ്ഐ ഷെരീഫ് തനിക്കെതിരേ പീഡനം തുടങ്ങിയത്. തനിക്ക് അനുകൂലമായ തെളിവുകൾ എല്ലാം അയാൾ നശിപ്പിക്കാൻ ശ്രമിച്ചു. ഷെരീഫിനെ വിശ്വാസമില്ലാത്തതിനാൽ ടിഞ്ചു എഴുതിയ ആത്മഹത്യാ കുറിപ്പ് താൻ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന അനിൽ റാവുത്തറിന് കൈമാറി. ഇതോടെ ഷെരീഫിന് വൈരാഗ്യമേറി. കഴിഞ്ഞ വർഷം ഫെബ്രുവരി 21 ന് തന്നെ ക്രൂരമായി മർദിച്ചു. ചോര ഛർദിച്ച് കോട്ടയം മെഡിക്കൽ കോളജിലായിരുന്ന തന്നെ അവിടെ വന്നും എസ്ഐ ഭീഷണിപ്പെടുത്തി.
ചികിൽസാ ചെലവ് മുഴുവൻ വഹിച്ചോളാം കേസിന് പോകരുതെന്നും ആവശ്യപ്പെട്ടു. സമ്മർദങ്ങൾക്ക് വഴങ്ങാതെ താൻ കേസുമായി മുന്നോട്ടു പോയപ്പോഴാണ് എസ്ഐ സസ്പെൻഷനിലായത്. വകുപ്പുതല അന്വേഷണത്തിൽ ജോലി നഷ്ടമായേക്കുമെന്ന് കണ്ടാണ് ടിഞ്ചുവിന്റെ മാതാപിതാക്കളെ കൊണ്ട് അയാൾ പത്രസമ്മേളനം നടത്തിയത്. തിരുവല്ല സിജെഎം കോടതിയുടെ നിർദേശപ്രകാരം എസ്ഐക്കെതിരേ ക്രിമിനൽ കേസും നിലവിലുണ്ട്. നിയമ പരമായി മുന്നോട്ടു പോകും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്