പത്തനംതിട്ട: ടികെ റോഡിൽ കാരംവേലി എസ്എൻഡിപി സ്‌കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആകെപ്പാടെ ദുരൂഹത. പരുക്കേറ്റ് കിടന്ന രണ്ടു പേരിൽ ഒരാൾ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞില്ല. രണ്ടു പേരെയും ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തത് ഇതു വഴി വന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന്. ഇപ്പോൾ കഥ മാറി. മരിച്ചയാളുടെ ശരീരത്തു കൂടി വാഹനം കയറിയെന്ന് പൊലീസ് ഇപ്പോൾ പറയുന്നു.

ഇടിച്ചത് രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാർ വന്ന കെഎസ്ആർടിസി ബസാണെന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നു. യാത്രക്കാരും സംഭവ സ്ഥലത്ത് വന്ന പൊലീസുകാരുമടക്കം പോകാൻ പറഞ്ഞിട്ടും പോകാതെ രക്ഷാപ്രവർത്തനം നടത്തിയ തങ്ങൾക്ക് മനസാവാചാ അറിയാതെ കൊലക്കുറ്റം തലയിലാകുമോ എന്ന പേടിയിലാണ് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറും ഡ്രൈവറുമായ ജി. ഗോപകുമാറും ജയിംസ് മാത്യുവും.

വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. കോട്ടയത്തു നിന്നും രാത്രി ഏഴിന് പത്തനംതിട്ടയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ജയിംസ് മാത്യു അതേപ്പറ്റി പറയുന്നു. കോട്ടയത്തു നിന്നു പുറപ്പെട്ട ബസ് തിരുവല്ല സ്റ്റാൻഡിലെത്തി അൽപ നേരം കഴിഞ്ഞ് രാത്രി എട്ടു മണിയോടെയാണ് പത്തനംതിട്ടയിലേക്ക് തിരിച്ചത്. കോഴഞ്ചേരി കഴിയുമ്പോൾ 27 യാത്രക്കാർ ബസിലുണ്ടായിരുന്നു. തെക്കേമല കഴിഞ്ഞപ്പോൾ കനത്ത മഴ. ഡ്രൈവർ സീറ്റിന്റെ ഇടതു വശത്ത് ഒരു യാത്രക്കാരൻ ഇരിപ്പുണ്ടായിരുന്നു.

കാരംവേലി സ്‌കൂൾ കഴിഞ്ഞ് മുന്നോട്ട് വന്നപ്പോൾ റോഡിലേക്ക് ഒരു വാഹനം വീണു കിടക്കുന്നത് കണ്ടു. വെളിച്ചം റോഡിലേക്ക് വീഴുന്നുണ്ടായിരുന്നു. ഒരാൾ ആ ബൈക്കിന്റെ സമീപത്ത് കുത്തിയിരിക്കുന്നു. വണ്ടിയിൽ തട്ടാതിരിക്കാൻ വേണ്ടി കെഎസ്ആർടിസി വലത്തേക്ക് ചേർത്ത് ഒതുക്കിയ ശേഷം ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചാടിയിറങ്ങി. ബൈക്കിന് സമീപം കുത്തിയിരുന്നയാൾ തന്റെ ബൈക്ക് സ്‌കിഡ് ആയി വീണുവെന്ന് ഇവരോട് പറഞ്ഞു. ഇതിന് അൽപം മാറി റോഡിന് സമാന്തരമായി ഒരാൾ കിടക്കുന്നുണ്ടായിരുന്നു. അയാൾക്ക് ബോധമില്ലായിരുന്നു.

നാട്ടുകാരും യാത്രക്കാരും കൂടി നിൽക്കുന്നതിനിടെ ആറന്മുള സ്റ്റേഷനിലെ ഒരു പൊലീസുകാരൻ അവിടെ വന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നു. എന്നാൽ, ബസ് വിട്ടു പൊയ്ക്കൊള്ളാൻ പൊലീസുകാരനും യാത്രക്കാരും പറഞ്ഞു. ഡ്രൈവർ ജയിംസിന്റെ നേതൃത്വത്തിൽ ആംബുലൻസ് വിളിച്ച് ബോധം കെട്ടു കിടന്നയാളെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിൽ നിന്ന് വീണു പരുക്കേറ്റത് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കീഴ്ശാന്തി മധുസൂദനൻ ആയിരുന്നു. ഇദ്ദേഹത്തെ ഒരു ഓട്ടോയിൽ കയറ്റി ഇലന്തൂരിലെ സഹകരണ ആശുപത്രിയിലേക്കും വിട്ടു.

ഇതിനിടെ ആറന്മുള സ്റ്റേഷനിൽ നിന്ന് എഎസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു വന്നു. അവരോടും കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും നടന്ന സംഭവം പറഞ്ഞു. ഇനി തങ്ങളുടെ മേൽ പഴി വരരുതെന്ന് നിർബന്ധമുള്ളതിനാൽ വണ്ടി പൊലീസിനെ കൊണ്ട് പരിശോധിപ്പിച്ച ശേഷമാണ് അവിടെ നിന്നും പോന്നത്. ഡിപ്പോയിൽ എത്തിയ ശേഷമാണ് കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടു പോയ ആൾ മരിച്ചുവെന്ന് അറിഞ്ഞത്.

ഇനി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സംഭവിച്ചത്...

പരുക്കേറ്റയാളുമായി കോഴഞ്ചേരി ജില്ലാശുപത്രിയിൽ എത്തിയ ആംബുലൻസ് ഡ്രൈവർ പറഞ്ഞത് കെഎസ്ആർടിസി ബസ് ഇടിച്ചു പരുക്കേറ്റുവെന്നാണ്. ഇത് ഒരു പിടിവള്ളിയാക്കുകയാണ് പൊലീസ്് ചെയ്യുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. കറുത്ത കോട്ട് ധരിച്ചു നടന്നു പോയ കാൽനടയാത്രികനാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തെ കുറിച്ച് സൂചനകൾ ഒന്നും ഇതു വരെ ലഭിച്ചിട്ടില്ല. വാഹനം കയറിയിറങ്ങിയാണ് മരണമെന്ന് പൊലീസ് പറയുന്നു. പക്ഷേ, അപകട സ്ഥലത്ത് ഇയാൾ കിടന്നിരുന്നത് റോഡിന് സമാന്തരമായിട്ടായിരുന്നു. കെഎസ്ആർടിസി ബസ് ഇയാളെ ഇടിച്ചിട്ടില്ലെന്ന് മുൻ സീറ്റ് യാത്രക്കാരൻ അടക്കം പറയുന്നു. ബൈക്കുമായി വീണു കിടന്ന കീഴ്ശാന്തി പറയുന്നത് തന്റെ വാഹനം ഇങ്ങനെ ഒരാളെ ഇടിച്ചിട്ടില്ലെന്നാണ്.

തങ്ങൾക്ക് മുൻപേ നിരവധി വാഹനങ്ങൾ അതിവേഗതയിൽ കടന്നു പോയിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ ജയിംസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇടിച്ച വാഹനം കണ്ടെത്താൻ കഴിയൂ. എന്നാൽ, പൊലീസ് അതിന് തയാറാകാതെ കെഎസ്ആർടിസി ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം നടത്തുന്നുവെന്നാണ് പരാതി.