കൊൽക്കത്ത: മമതയുടെ അനന്തരവൻ പാർട്ടിയിൽ അമിതമായി സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണവുമായി പാർട്ടിവിട്ട സുവേന്ദു അധികാരിക്ക് അതേ നാണയത്തിൽ മറുപടി നൽകി മമത ബാനർജി.അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചാണ് ബംഗാൾ മുഖ്യമന്ത്രിയുടെ മറുപടി.തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് അഭിഷേക് നിർണായക പങ്ക് വഹിച്ചതാണ് പുതിയ ചുമതല ഏൽപ്പിക്കാൻ കാരണം.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെു അഭിഷേകിന്റെ സ്വാധീനം പാർട്ടിയിൽ കൂടുതൽ ഉറപ്പിക്കുന്നതായി പുതിയ ചുമതല.അഭിഷേക് പാർട്ടിയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു എന്നറിയിച്ചാണ് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ എത്തിക്കുന്നതിനും അഭിഷേക് മുൻകൈ എടുത്തിരുന്നു.

മമതയുടെ നീക്കത്തിന് പിന്തുണയുമായി പിന്നിൽ നിൽക്കുന്ന അഭിഷേക് ബിജെപിയുൾപ്പടെയുള്ളവരുടെ കണ്ണിലെ കരടാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ബംഗാളിൽ എത്തിയപ്പോൾ 'കൊള്ളക്കാരനായ അനന്തരവൻ' എന്നാണ് അഭിഷേകിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ മമത ശക്തമായി രംഗത്തെത്തിയിരുന്നു.

എംപി കകോലി ഘോഷ് ഡസ്തിദറിനെ വനിതാ വിഭാഗം പ്രസിഡന്റായും സായോനി ഘോഷിനെ യൂത്ത് വിങ് പ്രസിഡന്റായും നിയമിച്ചു. അഭിഷേക് ബാനർജിയായിരുന്നു യൂത്ത് വിങ് പ്രസിഡന്റ്. മറ്റു സംസ്ഥാനങ്ങളിലേക്കും പാർട്ടി വ്യാപിപ്പിക്കാനുള്ള നീക്കം ആരംഭിച്ചെന്ന് മുതിർന്ന നേതാവ് പാർഥ ചാറ്റർജി പറഞ്ഞു.