- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപയുടെ ഉറവിടം തേടി വിദഗ്ദ്ധർ; കാട്ടുപന്നിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത് സാംപിളുകൾ ശേഖരിച്ചു; വവ്വാലിനെ പിടികൂടാൻ കെണിയൊരുക്കി; നിപ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ഐസിഎംആർ
താമരശ്ശേരി: നിപയുടെ ഉറവിടംതേടി വിദഗ്ധ സംഘം. സ്രവശേഖരണത്തിനുവേണ്ടി മാവൂർ അരയങ്കോട് കരിമലയിൽ വെടിവെച്ചുകൊന്ന കാട്ടുപന്നിയെ പോസ്റ്റുമോർട്ടംചെയ്ത് സാംപിളുകൾ ശേഖരിച്ചു. അതേ സമയം വൈറസ് ബാധ സ്ഥിരീകരിച്ചതിന് സമീപ പ്രദേശമായ കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിൽ വവ്വാലിനെ പിടികൂടാൻ വിദഗ്ധ സംഘം കെണിയൊരുക്കിയിട്ടുണ്ട്.പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കെണിയൊരുക്കിയത്.
കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാൻ അനുമതിനേടിയ കർഷകരിലൊരാൾ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കരിമലയിൽ വെടിവെച്ചുകൊന്ന കാട്ടുപന്നിയിൽ നിന്നുമാണ് സ്രവശേഖരണത്തിന് നടപടി സ്വീകരിച്ചത്.
വനംവകുപ്പ് ദ്രുതകർമസേനയുടെ താമരശ്ശേരിയിലെ ആസ്ഥാന ഓഫീസിനു മുന്നിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് തുടങ്ങിയ ജഡപരിശോധനയും സാംപിൾ ശേഖരണവും ഒരു മണിക്കൂറിലേറെ നീണ്ടു.
കാട്ടുപന്നിയുടെ രക്തത്തിന്റെയും സ്രവത്തിന്റെയും മിക്ക ആന്തരികാവയവങ്ങളുടെയും സാംപിളുകൾ സംഘം വേർതിരിച്ച് ശേഖരിച്ചു. അവ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിദഗ്ധപരിശോധനയ്ക്കയക്കുന്നതിനായി മൃഗസംരക്ഷണവകുപ്പിന് കൈമാറി.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. ബേബി എന്നിവരുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ എപ്പിഡമോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, ഡോ. അമൂല്യ എന്നിരുൾപ്പെട്ട സംഘമാണ് സാംപിളുകൾ ശേഖരിച്ചത്. താമരശ്ശേരി ആർ.എഫ്.ഒ. എം.കെ. രാജീവ് കുമാർ, ആർ.ആർ.ടി. ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.
നിപ ബാധിതമേഖലയോട് ചേർന്ന് കാട്ടുപന്നികൾ കൊല്ലപ്പെട്ടാൽ സ്രവശേഖരണത്തിനായി എത്തിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വനപാലകർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശം അനുസരിച്ചാണ് കരിമലയിൽ വെടിയേറ്റുവീണ കാട്ടുപന്നിയുടെ ജഡം വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ആർ.ആർ.ടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. രാജീവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ദ്രുതകർമസേന ആർ.എഫ്.ഒ. ഓഫീസ് വളപ്പിലെത്തിച്ചത്. സാംപിൾശേഖരണത്തിനുശേഷം ജഡാവശിഷ്ടങ്ങൾ ഉച്ചയ്ക്ക് ഒന്നേകാലോടെ ആർ.എഫ്.ഒ. കോമ്പൗണ്ടിലെ പറമ്പിൽ ശാസ്ത്രീയമായി മറവുചെയ്തു.
അതിനിടെ നിപ സമ്പർക്കത്തിൽപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നൽകുന്നത്. രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 88 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവായത്. പൂണെ വൈറോളജി ലാബിലേക്കയച്ച രണ്ട് പേരുടെ ഫലം കൂടി വൈകാതെയെത്തും.
ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുള്ള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കോവിഡ്, നിപ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
2018ലും 2019ലും കേരളത്തിലുണ്ടായ നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ, നിപ്പ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ദേശീയ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ) വ്യക്തമാക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ ബിഎംസി ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഐസിഎംആർ ഈ നിരീക്ഷണം പങ്കുവയ്ക്കുന്നത്.
ഈ വർഷം വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഠനറിപ്പോർട്ടിനു പ്രസക്തി വർധിക്കുന്നു. നിപ്പ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിരീക്ഷണങ്ങൾക്കുള്ള സംവിധാനമൊരുക്കണമെന്നും റിപ്പോർട്ടിലുണ്ട്.
2018ൽ കോഴിക്കോട്ട് സ്ഥിരീകരിച്ച നിപ്പ മനുഷ്യനിലെത്തിയതു വവ്വാലുകളിൽ നിന്നു തന്നെയാണെന്ന് ഐസിഎംആർ 2019ൽ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 2019ൽ എറണാകുളത്തു വിദ്യാർത്ഥിക്കു നിപ്പ സ്ഥിരീകരിച്ച സംഭവത്തിലും പഴംതീനി വവ്വാലുകൾ തന്നെയാണു രോഗവാഹകരെന്നും ഐസിഎംആർ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ നിപ്പയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലാദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിൽ നിപ്പ വൈറസിന്റെ പുതിയ വകഭേദം (ഇന്ത്യ ഐ) വ്യാപിക്കുന്നുണ്ടാകാമെന്ന് പഠനം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ