- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസ് ടാഗിൽ 2900 രൂപ ബാലൻസ്; തൃശൂർ ടോൾ ബൂത്തിൽ ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിത്തുക പിഴ ചുമത്തി ടോൾ ബൂത്ത് ജീവനക്കാർ; യാത്രക്കാരന്റെ ലൈസൻസും ബലമായി പിടിച്ചുവച്ചു; അന്തംവിട്ട യാത്രക്കാരന്റെ രക്ഷയ്ക്ക് ഒടുവിൽ എത്തിയത് പുതുക്കാട് പൊലീസ്
തൃശൂർ : ദേശീയപാതയിലെ ടോൾ പ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇക്കൊല്ലം മൂന്നുതവണയായി നീട്ടിനൽകിയ ഇളവാണ് അവസാനിച്ചു. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ ഇതോടെ ഇരട്ടിത്തുക ടോൾ നൽകേണ്ടി വരികയാണ്.
എന്നാൽ, തൃശൂരിൽ ഉണ്ടായ സംഭവം ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഫാസ്ടാഗിൽ 2900 രൂപയോളം ഉണ്ടായിരുന്ന കാർ ഉടമയെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി തൃശൂർ ടോൾ പ്ലാസയിൽ ബുദ്ധിമുട്ടിച്ചതായി പരാതി. കുഴൂർ കൊടിയൻ വീട്ടിൽ കെ.ഡി. ജോയിയെയാണ് ടോൾപ്ലാസയിൽ തടഞ്ഞുനിർത്തിയത്.
ടോൾബൂത്തിൽ പ്രവേശിച്ച ജോയിയുടെ കാറിലെ ഫാസ് ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിതുക പിഴ ആവശ്യപ്പെട്ട് ടോൾ ബൂത്ത് ജീവനക്കാർ വാഹനം തടയുകയായിരുന്നു. അക്കൗണ്ടിലെ ബാലൻസ് ജീവനക്കാരെ കാണിച്ചുവെങ്കിലും ഇവർ പിഴ നൽകണമെന്ന് വാദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജോയിയുടെ ലൈസൻസ് ബലമായി ഇവർ പിടിച്ച് വയ്ക്കുകയും ചെയ്തു. ജോയിക്കൊപ്പം കാറിൽ യാത്ര ചെയ്തവരും ബൂത്ത് ജീവനക്കാരുടെ പിടിവാശിമൂലം ഏറെ വലഞ്ഞു.
ശനിയാഴ്ചയാണ് ജോയി പ്ലാസയിലൂടെ സഞ്ചരിച്ചത്. ഫാസ്ടാഗ് റീഡ് ചെയ്തില്ലെന്ന് പറഞ്ഞ് തടഞ്ഞുവച്ചു. ടാഗിൽ നിന്നു പണം കിട്ടാത്തത് ടോൾ പ്ലാസയിലെ സംവിധാനത്തിന്റെ കുഴപ്പമാണെന്നും ടാഗ് റീച്ചാർജ് ചെയ്തിട്ടുള്ളതാണെന്നും തെളിവ് സഹിതം കാണിച്ചു കൊടുത്തിട്ടും പോകാൻ അനുവദിച്ചില്ല.
ലൈസൻസ് തിരികെ ചോദിച്ചപ്പോൾ ഇഉട്ടിത്തുക പിഴയടക്കണമെന്ന് നിർദ്ദേശിച്ചു. ഫാസ്ടാഗ് റീച്ചാർജ് ചെയ്തിട്ടുള്ളതിനാൽ പിഴ അടയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച ജോയി ലൈസൻസ് പിടിച്ചെടുത്തതായി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഫാസ്ടാഗ് അക്കൗണ്ടിൽ ബാക്കിയുള്ളതായും കാണിച്ചുകൊടുത്തു.ഇതോടെ പൊലീസ് ടോൾ പ്ലാസ അധികൃതരെ വിളിച്ചു വരുത്തി ലൈസൻസ് തിരികെ വാങ്ങി നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ