- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതി
താമരശ്ശേരി: സെമിനാരിയിലെ ഡ്രൈവർ ജോലി നഷ്ടമായതിന്റെ ആഘാതത്തെ തുടർന്ന് വന്ന ടോമിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. താമരശ്ശേരി അമ്പായത്തോടുള്ള എംസിബിഎസ് സെമിനാരിയിലെ ജോലി നഷ്ടമായതിന്റെ ആഘാതത്തെ തുടർന്നാണ് നാൽപ്പത്തി ഒന്നുകാരനായ ടോമിന്റെ മരണം എന്നാണ് ആരോപണം ഉയരുന്നത്. ജോലിയിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒരു കാരണവും കൂടാതെ ഒഴിവാക്കപ്പെട്ടു. സെമിനാരിയിലെ വൈദികരിൽ ചിലരിൽ നിന്നും കടുത്ത മാനസിക പീഡനവും ഏറ്റു. ഇത് കാരണമുള്ള മാനസിക സംഘർഷത്തെ തുടർന്നാണ് ടോമിന്റെ മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ടോമിൻ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ടോമിന്റെ മരണത്തോടെ അനാഥരായത് ഭാര്യ ബിനിയും നാലു വയസുള്ള മകനുമാണ്. സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള സെമിനാരി അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നടപടി കാരണമാണ് മരണം എന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ടോമിനെ സെമിനാരി അധികൃതർ ഒഴിവാക്കി. വാഹനം പുറത്തേക്ക് എടുക്കുന്നില്ലെന്നും തത്ക്കാലം ഡ്രൈവറെ ആവശ്യമില്ലെന്നും പറഞ്ഞാണ് ഈ ഒഴിവാക്കൽ നടത്തിയത്. പതിനാറു വർഷമായി തുടരുന്ന ജോലിയിൽ നിന്നാണ് ലോക്ക് ഡൗൺ കാലത്ത് ടോമിനെ ഒഴിവാക്കിയത്. സ്ഥിര ജോലി ആയതിനാൽ ടോമിൻ സഭാ അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുച്ഛമായ തുക നൽകി ടോമിനെ സെമിനാരി അധികൃതർ ജോലിയിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. ഡ്രൈവറെ തത്ക്കാലം ആവശ്യമില്ലെന്നു പറഞ്ഞ സെമിനാരി അധികൃതർ വേറെ ഒരു ഡ്രൈവറെ അവിടെ പകരം വെച്ചു. ഇത് ടോമിൻ കണ്ടുപിടിച്ചിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു ടോമിൻ എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ മരണം ടോമിന്റെ ജീവൻ എടുക്കുകയും ചെയ്തു. മരണത്തെ തുടർന്ന് സഭയുടെ വികാരി ജനറലിന് കൂട്ട ഒപ്പ് ശേഖരണം നടത്തി ബന്ധുക്കളും സുഹൃത്തുക്കളും പരാതി നൽകിയിട്ടുണ്ട്.
ജോലി നഷ്ടമായതിനെ തുടർന്ന് ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് ടോമി സെമിനാരി അധികൃതരെ നേരിൽ കണ്ടിരുന്നു. ഒന്നേകാൽ ലക്ഷത്തോളം രൂപ സെമിനാരി അധികൃതർ ടോമിന് നൽകി. ബംഗളൂര് ജോലി ശരിയാക്കാം എന്നും പറഞ്ഞു. സഭയിൽ നിന്ന് ജോലി നഷടമായതല്ലാതെ വേറെ ജോലിയൊന്നും സഭാ അധികൃതർ നൽകിയില്ല. ഉള്ള ജോലി നഷ്ടമായപ്പോൾ മറ്റു ജോലി കിട്ടുകയും ചെയ്തില്ല. ഇതോടെ കുടുംബ ചെലവ് നടത്താൻ ടോമിന് നിർവാഹമില്ലാത്ത അവസ്ഥ വന്നു. ഈ ആശങ്ക ഉറ്റ ബന്ധുക്കളോട് ടോമിൻ പങ്കു വെച്ചിരുന്നു. മനോവിഷമം വർധിച്ചതിനെ തുടർന്ന് ബന്ധുവീടുകളിൽ ഇടയ്ക്ക് ടോമിനെ താമസിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പതിനാറു വർഷം ജോലി ചെയ്ത സെമിനാരിയിൽ നിന്നും ഒരു കാരണവും കൂടാതെ പറഞ്ഞുവിട്ടത് ടോമിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതിനെ തുടർന്നുള്ള ആഘാതമാണ് ടോമിന്റെ മരണത്തിനു കാരണം എന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
മാർച്ച് 31 വരെ സെമിനാരിയിൽ ജോലിക്ക് വന്നാൽ മതിയെന്ന് ടോമിനോട് പറഞ്ഞിരുന്നു. അവിടെ ഡ്രൈവർ ആയിരുന്നു. വീട്ടിൽ വന്നു കരച്ചിൽ ഒക്കെ ആയിരുന്നു. ഞങ്ങൾ സമാധാനിപ്പിച്ചിരുന്നു. ജോലി നഷ്ടമായതിന്റെ ആഘാതമാണ് ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ വന്നത്-ടോമിന്റെ ഭാര്യ മാതാവ് ബേബി മറുനാടനോട് പറഞ്ഞു. വിഷമം വളരെ കൂടുതൽ ആണെന്ന് കൂട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. സെമിനാരിയിൽ പോയി പറഞ്ഞപ്പോൾ നാലായിരം രൂപ ബാങ്കിൽ ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് വേറെ ഒരു സഹായവും ചെയ്തില്ല. നാല് മാസത്തിനു ശേഷം അവിടെ പോയി പറഞ്ഞപ്പോൾ ഒന്നേകാൽ ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടു. ബംഗളൂരുവിൽ ജോലി തരാം എന്നും പറഞ്ഞു. പക്ഷെ അക്കൗണ്ടിൽ തുക ഇട്ടതല്ലാതെ ജോലി ഒന്നും നൽകിയില്ല.
സെമിനാരി അധികൃതരുടെ ഭാഗത്ത് നിന്നും ഒരു സഹായമില്ലാത്തതിന്റെ വിഷമം ടോമിന് വളരെ അധികമായിരുന്നു. മാനസിക പീഡനങ്ങളും സെമിനാരിയിൽ നിന്നും വന്നു. ആവശ്യമിലാത്ത കുറ്റങ്ങൾ ടോമിന്റെ നേർക്ക് ചാർത്തിയിരുന്നു. ഇതിലും ടോമിന് ദുഃഖമുണ്ടായിരുന്നു. ഡ്രൈവറെ ആവശ്യമില്ലെന്നു പറഞ്ഞ സെമിനാരി അധികൃതർ ടോമിനെ ഒഴിവാക്കിയപ്പോൾ പുതിയ ഡ്രൈവറെ വെച്ചു. വേറൊരു ഡ്രൈവറെ അവിടെ നിയമിച്ചത് ടോമിന് മനസിലായി. ഇത് കാരണം വിഷമം കൂടുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിന് വിളിച്ചപ്പോൾ കണ്ണ് തുറന്നില്ല. അപ്പോഴേക്കും മരിച്ചിരുന്നു. ടോമിന്റെ അവസ്ഥ അറിയാമായിരുന്ന കൂട്ടുകാർ ഒത്ത് ചേർന്നാണ് സഭയിലെ വികാരി ജനറലിന് പരാതി നൽകിയത്. ഇപ്പോൾ ടോമിന്റെ കുടുംബത്തിനു ജീവിക്കാൻ ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണ്. അവിടെ നിന്നും ടോമിനെ പറഞ്ഞു വിട്ടതിന്റെ ഒരു കാരണമുണ്ട്. അത് അറിയണം- ബേബി പറയുന്നു.
വികാരി ജനറലിന് നൽകിയ പരാതിയിൽ പറയുന്നത്:
ടോമി ജോസഫ് താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ പതിനാറു വർഷമായി ഇതേ ജോലിയിലാണ് തുടരുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ടോമിൻ ഹൃദയാഘാതം കാരണം മരിച്ചു. അച്ചന്മാരോട് സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയായിരുന്നു. എല്ലാ വൈദികർക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ശമ്പളത്തിനു പോലും അദ്ദേഹം കണക്ക് വെച്ചില്ല. അച്ചന്മാർ പറയുന്നതായിരുന്നു ആ കണക്ക്. ആരെയും വേദനിപ്പിക്കാൻ തയ്യാറാകാത്ത നല്ല സ്വഭാവ ത്തിനു ഉടമയായതിനാലാണ് ഈ ദീർഘകാലം ജോലിയിൽ തുടരാൻ സാധിച്ചത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഫിനാൻസ് ഓഫീസറായ ഫാദർ ജെറിൻ പെരുമ്പള്ളിൽ ഇനി വിളിച്ചിട്ട് വന്നാൽ മതി എന്ന് ടോമിനോട് പറഞ്ഞു. വിശ്രമമുറി പൂട്ടി താക്കോൽ ഫാദർ വാങ്ങിക്കുകയും ചെയ്തു. ഇത് ടോമിന് വേദനയുണ്ടാക്കി.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ടോമിയുടെ കുടുംബത്തിനു സഹായം നൽകിയില്ല. നാലഞ്ചു മാസത്തോളം വരുമാനമില്ലാതെ കഴിയേണ്ടി വന്നു. ജോലി ചെയ്ത സ്ഥാപനം മനുഷ്യരഹിതമായി പെരുമാറിയതിനാൽ ടോമി മാനസിക സംഘർഷത്തിലായി. കഴിഞ്ഞ ഓഗസ്റ്റ് മാസം 1,25,000 രൂപ നൽകി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പിറ്റേന്ന് ഫാദർ ജെറിൻ വേറെ ഒരാളെ ജോലിക്ക് വെച്ചു. ഫാദർ ജെറിൻ ടോമിയെക്കുറിച്ച് വസ്തുതാവിരുദ്ധമായ അപവാദങ്ങൾ പ്രചരിപ്പിച്ചു. സെമിനാരിയിൽ നിന്നും സാധനങ്ങൾ കടത്തിക്കൊണ്ടു പോയി എന്നും കൃത്യമായി ജോലി ചെയ്തിരുന്നില്ല എന്നും സാധനങ്ങൾ വാങ്ങുമ്പോൾ കമ്മിഷൻ വാങ്ങിയിരുന്നു എന്നും പ്രചരിപ്പിച്ചു. ഇത് ടോമിക്ക് താങ്ങാവുന്നതിലും അധികമായി. കഴിഞ്ഞ ഒരു വർഷമായി ഫാദർ ജെറിൻ ടോമിയോട് മോശമായാണ് പെരുമാറിയത്. കൃത്യമായി ജോലി ചെയ്യുന്നില്ല എന്നതിന് പല കാരണങ്ങളും സൃഷ്ടിച്ചു. എട്ടുമണിക്ക് ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടി എടുത്തു പോകും. കഴുകിവെച്ച വണ്ടി ഉടൻ തന്നെ മുറ്റത്ത് കൂടി
ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച ശേഷം വാഹനം കഴുകി വയ്ക്കുന്നില്ല എന്ന് പറഞ്ഞു മറ്റു വൈദികരോട് പരാതി പറയുക. വാഹനം നന്നാക്കാൻ പറഞ്ഞാൽ പിന്നീടാവം എന്ന് പറഞ്ഞ ശേഷം ഡ്രൈവറെ കൂട്ടാതെ പോയി സ്വയം ചെയ്യിക്കുക എന്നൊക്കെ ജെറിന്റെ രീതികളായിരുന്നു. 16 വർഷത്തോളം ജോലി ചെയ്ത ടോമിനെ മാറ്റി ഫാദർ ജെറിൻ തന്റെ ഇഷ്ടക്കാരനെ നിയമിച്ചു. ഇത് ടോമിന് വിഷമമുണ്ടാക്കി. ലോക്ക് ഡൗൺ കാലത്ത് ശമ്പളമോ ആനുകൂല്യമോ നൽകാത്ത ടോമിനെ മാനസികമായി പീഡിപ്പിച്ച ഫാദർ ജെറിന്റെ മനുഷ്യത്വമില്ലാത്ത നടപടി കാരണം ഹൃദയം പൊട്ടിയാണ് ടോമിൻ മരിച്ചത് എന്ന് ഞങ്ങൾക്ക് ബോധ്യമായി.
ടോമിയുടെ ഭാര്യയും നാലുവയസായ കുട്ടിയും ഇപ്പോൾ അനാഥരായി. കാരുണ്യ വിദ്യാപീഠത്തിൽ നിന്നും കരുണയും നീതിയും മനുഷ്യത്വവും ഇല്ലാത്ത നടപടിയാണ് ഉണ്ടായത് എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ കൊറോണ കാലത്ത് വൈദികരായ ഞങ്ങളിൽ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. കുറച്ചു പൈസ കൊടുത്ത് ജോലിക്കാരനെ പിരിച്ചു വിട്ടതുകൊണ്ട് എല്ലാം അവസാനിക്കുമോ? നിങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാരോട് എങ്കിലും ഈ സമയത്ത് നിങ്ങൾ കരുണയും നീതിയും ഉള്ളവർ ആകേണ്ടതല്ലേ? ഫാദർ ജെറിനും അദ്ദേഹത്തിന്റെ അന്യായ നടപടികൾക്ക് ഒത്താശ ചെയ്ത മറ്റു വൈദികർക്കും എതിരെ മേൽ നടപടികൾ സ്വീകരിക്കണം എന്ന് താത്പര്യപ്പെടുന്നു. ടോമിന്റെ കുടുംബത്തിനു നീതി നൽകണം എന്ന് അപേക്ഷിക്കുന്നു. താമരശ്ശേരി എംസിബിസിയിലെ സെമിനാരിയിൽ ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും വെബ്സൈറ്റിലുള്ള ഫോൺ നമ്പറുകൾ പലതും പ്രവർത്തന രഹിതമായിരുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.