കോഴിക്കോട്: ദേശീയത കൊണ്ടുള്ള ഗുണം ഭരിക്കുന്നവർക്ക് മാത്രമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവി ടോമിൻ ജെ. തച്ചങ്കരി. മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയാണ് നിയമനിർമ്മാണം നടക്കുന്നതെന്നും അവകാശങ്ങളിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുമ്പോൾ ആരും ചോദ്യം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയാണ് മറ്റെന്തിനേക്കാളും വലുത്. എന്നാൽ ഇത് വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

പൊലീസിന് ജനങ്ങളെ മർദ്ദിക്കണമെന്ന് താൽപര്യമില്ല എന്നാൽ സിസ്റ്റമാണ് അത് ചെയ്യിക്കുന്നതെന്ന് തച്ചങ്കരി പറഞ്ഞു. എന്ത് പ്രശ്നം നടന്നാലും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നുവെന്നും ശരിയേത് തെറ്റേതെന്ന് ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും തച്ചങ്കരി പറഞ്ഞു.

ടോമിൻ ജെ തച്ചങ്കരിയുടെ വാക്കുകൾ ഇങ്ങനെ:

അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ കാല് നിലത്തുകുത്തുന്നതു വരെ ഒരാൾക്ക് ദേശീയതയില്ല, രാജ്യമില്ല, പവർ സിറ്റിസൺഷിപ്പില്ല. അയാളുടെ കുറ്റമാണോ പാക്കിസ്ഥാനിൽ കാല് കുത്തിയത്. ഇന്ത്യയിലേക്ക് വരുന്ന വഴി പാക്കിസ്ഥാനിലെങ്ങാനും ജനിച്ചുപോയാൽ നാളെ അപ്പനും മകനും തമ്മിൽ യുദ്ധമാണ്. യുദ്ധം ഒരു വ്യവസായമാണ്.

ഇതുപോലെ മറ്റൊരു വിഷയമാണ് ജനാധിപത്യ രാജ്യങ്ങളുടെ സെക്യൂരിറ്റി ഓഫ് ദ സ്റ്റേറ്റ് എന്ന ആശയം. രാജ്യത്തിന്റെ സുരക്ഷയാണ് മറ്റെല്ലാത്തിനേക്കാളും വലുത്. ഇത് വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, ചെയ്യപ്പെടാനും പോകുന്നുണ്ട്. പല നിയമങ്ങളും രാജ്യസുരക്ഷ മുൻനിർത്തി മനുഷ്യന്റെ അവകാശങ്ങളെ അവന്റെ സ്വകാര്യതകളെയെല്ലാം കടന്നുകയറി നിയമനിർമ്മാണം നടന്നുപോവുകയാണ്.

അവനിലേക്ക് കടന്നുകയറാൻ ആരുമാരും ചോദിക്കാറില്ല. എന്ത് പ്രശ്നം വന്നാലും ഒരൊറ്റ കാര്യം എഴുതിയാൽ മതി. Security of the state, we cannot reveal this എന്ന്. ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല. ശരിയേത് തെറ്റേതെന്ന് നമുക്ക് തന്നെയറിയില്ല.