- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ കിം സമ്മതിച്ചു, രാജ്യത്ത് കോവിഡ് വ്യാപനമുണ്ടെന്ന്; കോവിഡ് പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്നും വിമർശനം; കിമ്മിന്റെ കോപാഗ്നിയിൽ തെറിച്ചത് മുതിർന്ന ഉദ്യോഗസ്ഥരും പാർട്ടി ഭാരവാഹികളും; ഉത്തരകൊറിയേയും കോവിഡ് പിടിക്കുമ്പോൾ
സോൾ: ലോകത്താകമാനം കോവിഡ് ഭീഷണിയിലായിരിക്കുമ്പോൾ ഉത്തരകൊറിയയിൽ മാത്രം കോവിഡ് ഇല്ലെന്നായിരുന്നു പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ വാദം.കോവിഡ് വ്യാപനത്തെ ഭയന്ന് രാജ്യത്തെ അതിർത്തികൾ അടച്ചതിനൊപ്പം മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന മാംസഭക്ഷണങ്ങൾ, അതിർത്തി കടന്നെത്തുന്ന വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയെ കൊന്നൊടുക്കാൻ പോലും കിം ഉത്തരവിട്ടിരുന്നു.രാജ്യത്ത് നേരത്തെ തന്നെ കോവിഡ് വ്യാപനം ഉണ്ടായിരുന്നതായും എന്നാൽ ഔദ്യോഗികമായി സ്ഥീരീകരിക്കാത്തുതുമാണെന്നായിരുന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.എങ്കിലും ഇത്തരം വാദങ്ങളെയൊക്കെ തള്ളുകായിരുന്നു കിം.
എന്നാൽ ഇപ്പോൾ രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് കിമ്മും സമ്മതിച്ചതായാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കാരണം രാജ്യത്ത് കോവിഡ് പ്രതിസന്ധി കാരണം നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും പാർട്ടി ഭാരവാഹികളേയും നേതാവ് കിം ജോങ് ഉൻ തൽസ്ഥാനത്തുനിന്നു നീക്കി. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) തന്നെയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിനാണ് നടപടിയെന്നാണ് സൂചന.
കോവിഡ് വ്യാപനത്തെ തുടർന്നു 2020 ജനുവരി മുതൽ ഉത്തര കൊറിയയുടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് ഔദ്യോഗികമായി ഇതുവരെ ഒരു കോവിഡ് കേസു പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. ലോകാരോഗ്യ സംഘടനയ്ക്കു നൽകിയ കണക്കിലും രാജ്യത്തെ കോവിഡ് നിരക്ക് പൂജ്യമാണ്. എന്നാൽ ഉത്തര കൊറിയയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് കിമ്മിന്റെ ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തൽ.
''ഉദ്യോഗസ്ഥർ അവരുടെ ചുമതലകളിൽ വീഴ്ചവരുത്തുകയും ഒരു 'വലിയ പ്രതിസന്ധി'ക്ക് അതു കാരണമാവുകയും ചെയ്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ തടസ്സമുണ്ടാകുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.'' കിം ജോങ് ഉൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പറഞ്ഞതായി കെസിഎൻഎ റിപ്പോർട്ടു ചെയ്തു. എന്നാൽ ഈ 'വലിയ പ്രതിസന്ധി' എന്താണെന്നു വ്യക്തമാക്കിയിട്ടില്ല.
കേഡർമാരുടെ കഴിവില്ലായ്മയും നിരുത്തരവാദിത്വവും പ്രധാനപ്പെട്ട ജോലികൾക്ക് തടസ്സമായിട്ടുണ്ടെന്നും പിബി യോഗത്തിൽ കിം വ്യക്തമാക്കി. ചൊവ്വാഴ്ച കേന്ദ്ര കമ്മിറ്റി കെട്ടിടത്തിൽ നടന്ന യോഗത്തിൽ നേതാക്കളോടു കിം ക്ഷുഭിതനായി സംസാരിക്കുന്നതും കെസിടിവി പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. കിമ്മിന്റെ സഹോദരിയും മുഖ്യ ഉപദേശകയുമായ കിം യൊ ജോങ്ങും സംസാരിക്കുന്നുണ്ട്.
പൊളിറ്റ് ബ്യൂറോ സ്ഥിരംസമിതി, പൊളിറ്റ് ബ്യൂറോ എന്നിവയിലെ സുപ്രധാന പദവികളിൽ മാറ്റമുണ്ട്. എന്നാൽ ആരുടെയൊക്കെ സ്ഥാനമാണ് നഷ്ടപ്പെട്ടതെന്നു വ്യക്തമല്ല. ഉത്തര കൊറിയയിൽ കോവിഡ് രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഇതു നൽകുന്നതെന്നാണ് രാജ്യാന്തര തലത്തിലെ വിലയിരുത്തൽ. അല്ലെങ്കിൽ പരസ്യമായി വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച െചയ്യുകയും ഔദ്യോഗിക ഏജൻസി വാർത്ത പുറത്തുവിടുകയുമില്ല. രാജ്യാന്തര സഹായം ഉത്തര കൊറിയയ്ക്ക് ആവശ്യമായി വന്നേക്കാമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ