- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎസ് പിയെ അറിയിക്കാതെ പാറശ്ശാല വിട്ടു; ബംഗ്ലൂരുവിലെ അന്വേഷണത്തിന് പോയ ആള് സ്റ്റേഷനില്‍ എത്താത്തതും അണ്‍ ഓതറൈസ്ഡ്; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അനില്‍കുമാര്‍ മുങ്ങിയത് കാക്കിയിട്ട സുഹൃത്തിന്റെ സങ്കേതത്തിലേക്ക്; കളിമാനൂര്‍ അപകട അന്വേഷണം അട്ടിമറിക്കുമോ? ഉറച്ച നിലപാടില്‍ എസ് പി സുദര്‍ശനന്‍
തിരുവനന്തപുരം: കിളിമാനൂരില്‍ പാറശാല എസ്എച്ച്ഒയുടെ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. റൂറല്‍ പോലീസിന്റേതാണ് തീരുമാനം. കേസില്‍ എസ്എച്ച്ഒ അനില്‍ കുമാറിനെ പ്രതിചേര്‍ത്തിരുന്നു. അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിര്‍ത്താതെ പോയതിനാണ് കേസ്. സിഐ റാങ്കിലുള്ള അനില്‍കുമാര്‍ ഒളിവിലാണ്. അനില്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് സൂചനയുണ്ട്. അറസ്‌റ്റൊഴിവാക്കാന്‍ വേണ്ടിയാണ് ഒളിവില്‍ പോയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോര്‍ട്ട് ആറ്റിങ്ങല്‍ കോടതിയില്‍ സമര്‍പ്പിക്കും. അനില്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. നടപടി ആവശ്യപ്പെട്ട റൂറല്‍ എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സൗത്ത് ഐജിയുടെ പരിഗണനയിലാണ്. നടപടിക്ക് പോലീസ് മേധാവിയും അനുമതി നല്‍കിയിട്ടുണ്ട്. സാങ്കേതിക നടപടികള്‍ മാത്രമാണ് ഉത്തരവ് ഇറങ്ങാന്‍ ബാക്കിയുള്ളത്. ഒരു പോലീസ് സുഹൃത്തിന്റെ സംരക്ഷണയിലാണ് അനില്‍കുമാര്‍ ഒളിവിലുള്ളതെന്നാണ് സൂചന.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനില്‍ കുമാര്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയും അനില്‍ കുമാര്‍ സമര്‍പ്പിക്കും. പാറശാല എസ്എച്ച്ഒയുടെ ചുമതല പൂവാര്‍ സിഐ നല്‍കും. മേല്‍ ഉദ്യോഗസ്ഥരോട് പറയാതെ ശനിയാഴ്ച രാത്രിയില്‍ അനില്‍ കുമാര്‍ പാറശ്ശാല വിട്ടിരുന്നു. പുലര്‍ച്ചെ പാറശ്ശാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടാക്കിയത്. അനുമതിയില്ലാതെ പാറശ്ശാലയില്‍ നിന്നും മാറിയതും സര്‍വ്വീസ് ചട്ട ലംഘനമാണ്. അപകടമുണ്ടായ ശേഷം കേസ് അന്വേഷണത്തിന് എന്നു പറഞ്ഞ് ബാഗ്ലൂരുവിലേക്ക് പോയി. അതിന് ശേഷം മടങ്ങിയെത്തിയതുമില്ല. ഫോണ്‍ സ്വിച്ച് ഓഫാണ്. അപകടമുണ്ടാകുമ്പോള്‍ അനില്‍കുമാറാണ് വണ്ടി ഓടിച്ചിരുന്നത്. ആരോ വണ്ടിയില്‍ വന്നിടിച്ചെന്നും നോക്കിയപ്പോള്‍ എഴുന്നേറ്റ് പോകുന്നത് കണ്ടെന്നും സിഐ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പക്ഷേ മൊഴി കൊടുക്കാന്‍ എത്തിയതുമില്ല. അറസ്റ്റു ഭയത്തിലാണ് ഇതെല്ലാം. അതിനിടെയാണ് പോലീസിലെ ഒരു വിഭാഗം മുന്‍ കൂര്‍ ജാമ്യം സഹപ്രവര്‍ത്തകന്‍ എടുക്കേണ്ടേ എന്ന് നിലപാടിലേക്ക് എത്തിയത്. എന്നാല്‍ റൂറല്‍ എസ് പി സുദര്‍ശനന്‍ കടുത്ത നിലപാടിലാണ്. ഒന്നിലധികം തെറ്റുകള്‍ അനില്‍കുമാര്‍ ചെയ്തു. തന്റെ അനുമതി വാങ്ങാതെ പുറത്തേക്ക് പോയി. ഇതിനൊപ്പം അണ്‍ ഓതറൈസ്ഡ് ആബ്‌സന്റ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അനില്‍കുമാറിനെ കുറ്റപ്പെടുത്തുന്ന നിലപാടിലാണ് റൂറല്‍ എസ് പി.
കാല്‍നടയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വാഹനം നിര്‍ത്താതെപോയ പാറശ്ശാല എസ്എച്ച്ഒ പി.അനില്‍കുമാറിനെതിരേ കര്‍ശന നടപടിക്ക് റൂറല്‍ എസ്പിയുടെ ശുപാര്‍ശയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം അനില്‍കുമാറിന്റേതാണെന്ന് കണ്ടെത്തിയത്. അനില്‍കുമാര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നതാണ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളത്. കിളിമാനൂര്‍ ചിറ്റിലഴികം ചേണിക്കുഴി മേലേവിളകുന്നില്‍ വീട്ടില്‍ രാജന്‍ (59) ആണ് മരിച്ചത്. ഏഴിന് പുലര്‍ച്ചെ നാലിനും അഞ്ചരയ്ക്കും ഇടയില്‍ കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. അനില്‍കുമാറിന്റെ പേരിലുള്ള കാര്‍ നിലമേല്‍ കൈത്തോടുള്ള വീട്ടില്‍നിന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തിനുശേഷം കാര്‍ വര്‍ക്ക് ഷോപ്പില്‍ നല്‍കി അറ്റകുറ്റപ്പണി നടത്തിയതായും സംശയിക്കുന്നുണ്ട്. അനില്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഇത് സംബന്ധിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ അന്വേഷണം നടത്തിയിരുന്നു. അനില്‍കുമാറിന്റെ മൊഴി അനൗദ്യോഗികമായി രേഖപ്പെടുത്തിയെന്നാണറിയുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തായിരുന്ന അനില്‍കുമാര്‍ ഞായറാഴ്ച പുലര്‍ച്ചയോടെ തിരിച്ചെത്തിയിരുന്നു. അതിന് ശേഷം ഒളിവില്‍ പോയി. റൂറല്‍ എസ്പി കെ.എസ്.സുദര്‍ശന്‍ ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥനാണ് അപകടത്തില്‍പ്പെട്ടയാളെ വഴിയില്‍ ഉപേക്ഷിച്ച് പോയത്.
വീട്ടില്‍നിന്നു പാറശ്ശാല സ്റ്റേഷനിലേക്ക് പോകാനായി അനില്‍കുമാര്‍ വെഞ്ഞാറമൂട് ഭാഗത്തേക്കാണ് കാറോടിച്ചുപോയത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാത്തതിനും അധികൃതരെ അപകടവിവരം അറിയിക്കാത്തതിനുമാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടമുണ്ടായിട്ടും നിറുത്താതെ പോയതെന്നാണ് വിവരം. അനില്‍കുമാര്‍ ഇന്നലെ തിരിച്ചെത്തിയെങ്കിലും ജോലിയില്‍ പ്രവേശിച്ചിട്ടില്ല.
ഹാജരാകാന്‍ അനില്‍കുമാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനില്‍കുമാറിനെ ഫോണില്‍ ബന്ധപ്പെടാനായിട്ടില്ലെന്ന് കിളിമാനൂര്‍ സി.ഐ ബി.ജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പി തലത്തിലാണ് അന്വേഷണം. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. കിളിമാനൂര്‍ റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
അപകടം നടന്ന സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ ദൃശ്യമായിരുന്നില്ല. തുടര്‍ന്ന് തിരുവല്ലം ടോള്‍ പ്ലാസയിലെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് സി.ഐയുടെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. തിരുവല്ലം ടോള്‍ പ്ലാസയിലെ ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായത്.