- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത് ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍; പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വ്ലോഗര്‍ അഭിലാഷ് കാരിച്ചേരി; കുട്ടികളെ സ്കൂളില്‍ വിട്ടിരുന്നില്ല; മാമച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍; പ്രതികരിച്ചത് അച്ഛനെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിലെന്ന് അഭിലാഷ് കരിച്ചേരി
കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി പിതാവ് മർദിക്കുന്നത്തിന്റെ ദൃശ്യങ്ങൾ വളരെ ഞെട്ടലോടെയാണ് മലയാളികൾ കണ്ടത്. ഈ ദൃശ്യങ്ങൾ തന്നെയായിരുന്നു പിതാവിന്റെ ക്രൂരത പുറത്ത് കൊണ്ടുവരാൻ സഹായിച്ചതും. പെൺകുട്ടിയെ സഹോദരനാണ് പിതാവ് മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ ദൃശ്യങ്ങൾ നിരവധി ആൾക്കാർ കണ്ടിരുന്നു. എന്നാൽ കുട്ടികളുടെ ദൃശ്യങ്ങളായിരുന്നതിനാൽ പുറത്ത് വിടാൻ പലരും ഭയപ്പെട്ടു. എന്നാൽ വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് പിതാവിന് ശിക്ഷ ഉറപ്പാക്കാൻ ചുണ്ട സ്വദേശി അഭിലാഷ് കരിച്ചേരിയെന്ന വ്‌ളോഗ്ഗർ നടത്തിയ ഇടപെടലുകൾ വെറുതെ ആയില്ല.
ബംഗ്ളാദേശിൽ ബിസിനസ് നടത്തുന്ന അഭിലാഷിന് ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഈ വീഡിയോ ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. വീഡിയോ കണ്ടയുടനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെയാണ് അഭിലാഷ് ബന്ധപ്പെടുന്നത്. പിതാവ് ചിറ്റാരിക്കല്‍ സ്വദേശിയാണെന്ന് മനസ്സലാക്കിയായിരുന്നു ഇത്. എന്നാൽ ഇയാൾ ചെറുപുഴ സ്റ്റേഷൻ പരിധിയിലാണ് നിലവിൽ താമസിക്കുന്നതെന്നും അഭിലാഷ് മനസ്സിലാക്കുന്നു. തുടർന്ന് പയ്യന്നൂർ ഡിവൈഎസ്പിയുമായി സംസാരിക്കുമ്പോഴാണ് വിഷയത്തിൽ പോലീസിന് സംഭവിച്ച ഗുരുതര വീഴ്ച പുറത്ത് വരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും മാമച്ചനെയും കുട്ടികളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും പോലീസ് വ്യക്തമാക്കി.
ഇതൊരു വലിയ പ്രശ്നമല്ലെന്ന നിലപാടിലായിരുന്നു പോലീസെന്ന് അഭിലാഷ് പറയുന്നു. പ്രാങ്ക് വീഡിയോ ആയിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ വേണ്ട രീതിയിലുള്ള പ്രാഥമിക അന്വേഷണം നടത്താൻ ചെറുപുഴ പോലീസിനായില്ല എന്നത് വ്യക്തമാണ്. ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ചൈൽഡ് ലൈനിൽ അറിയിക്കാനോ, കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനുള്ള നടപടികൾ സ്വീകരിക്കാനോ പോലീസിനായില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. അഭിലാഷ് നടത്തിയ അന്വേഷണത്തിൽ നിന്നും കുട്ടികളെ പഠനത്തിന് പോലും മാമച്ചൻ വിടാറില്ലെന്ന വിവരം പുറത്ത് വന്നു. കഴിഞ്ഞ മാർച്ചിലെ പരീക്ഷകൾ കുട്ടികൾ എഴുതിയിട്ടില്ല.
പോലീസിന്റെ തണുപ്പൻ മട്ട് തിരിച്ചറിഞ്ഞതോടെ അഭിലാഷ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്ക് പി ശശി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് നടപടികൾ ധ്രുതഗതിയിലാക്കിയത്. മാമച്ചനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പോലീസിന് നിര്‍ദേശം നൽകിയതോടെ രാത്രി തന്നെ വലിയൊരു പോലീസ് സന്നാഹം മാമച്ചന്റെ വീട്ടിലെത്തി. എന്നാൽ വീഡിയോ പ്രചരിച്ചെന്നും സംഭവം പ്രശ്‌നമായെന്നും മനസ്സിലാക്കിയ ഇയാൾ സ്ഥലം വിട്ടു. ഇന്ന് രാവിലെയാണ് പോലീസ് മാമച്ചനെ പിടികൂടിയത്. മാമച്ചനുമായി അകന്നു കഴിയുന്ന ഭാര്യ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ ചെയ്തതാണെന്നാണ് പറയുന്നത്.
പ്രാങ്കാണെങ്കില്‍ പോലും കേസെടുക്കേണ്ട സ്ഥിതിയാണ് ഉള്ളത്. കുട്ടികളെ ദുരുപയോഗപ്പെടുത്തിയെന്നതും ഗുരുതര ആരോപണമാണ്. വീഡിയോ പുറത്ത് വന്നതോടെ മാമച്ചനെതിരെ നിയമ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. പോലിസിനെതിരെയും രൂക്ഷ വിമർശനങ്ങളുണ്ടായി. പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ചെറുപുഴ പോലീസ് അറിയിച്ചു.
കൈയില്‍ കത്തിയെടുത്ത് വെട്ടാന്‍ ഓങ്ങുമ്പോള്‍ 'അച്ഛാ' എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. മുടിയില്‍ പിടിച്ച് കുട്ടിയെ നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. 'എന്നെ തല്ലല്ലേ' എന്നും കുട്ടി പറയുന്നു. 'അമ്മേ പേടിയാകുന്നു, ഒന്ന് വാ' എന്ന് വീഡിയോയില്‍ കുട്ടികള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
അതേസമയം, അഭിലാഷിന്റെ ഫേസ് ബുക്ക് കുറിപ്പും വലിയ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് അഭിലാഷിന്റെ ഫേസ് ബുക്ക് കുറിപ്പിന് മറുപടിയുമായി രംഗത്തെത്തിയത്. 'ഇത് പ്രാങ്കാണെന്ന് പറഞ്ഞ പോലീസിന് ഭ്രാന്താണ്' എന്നായിരുന്നു ഒരാൾ കമ്മന്റിട്ടത്. അച്ഛന് കടുത്ത ശിക്ഷ നൽകണമെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. വീഡിയോ ദൃശ്യങ്ങൾ കണ്ട് വലിയ വിഷമം ഉണ്ടായെന്നാണ് കമന്റുകളിലൂടെ വലിയൊരു പക്ഷം ആളുകളും പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.