- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ഷേമ പെന്‍ഷന്‍ കൂട്ടി ബജറ്റിന് ജനപ്രിയ മുഖം നല്കാന് പിണറായി സര്‍ക്കാര്‍; ആദായ നികുതി പരിധി കൂട്ടി കൈയ്യടി നേടിയ മോദി-നിര്മാല ബജറ്റിനെ മറികടക്കാന്‍ അത്ഭുത പ്രഖ്യാപനങ്ങള്‍ ബാലഗോപാല്‍ നടത്തുമെന്നും വിലയിരുത്തല്‍; 'മേക് ഇന്‍ കേരള'യിലും ബജറ്റ് ശ്രദ്ധ നല്‍കിയേക്കും
തിരുവനന്തപുരം: കേരളാ ബജറ്റും മോദി മോഡലില്‍ ജനപ്രിയമായേക്കും. മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പൊടി കൈകള്‍ ഈ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വ്യാവസായിക നിക്ഷേപം ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവര്‍ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി ക്ഷേമപദ്ധതികള്‍ക്കാകും മുന്‍തൂക്കം. ക്ഷേമപെന്‍ഷന്‍ കൂട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തി. 800 രൂപ കൂട്ടിയാലേ പ്രകടനപത്രികാ വാഗ്ദാനമായ 2500 എത്തൂ. അതിന് സാമ്പത്തിക പ്രതിസന്ധി തടസ്സം. 200 രൂപയെങ്കിലും കൂട്ടിയേക്കും.
2026ല്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷന്‍ 2500 രൂപ ആക്കേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ 500 രൂപയെങ്കിലും കൂട്ടണമെന്ന അഭിപ്രായം സിപിഎമ്മിനുണ്ട്. ഒപ്പം കുടിശിഖയും കൊടുത്തു തീര്‍ക്കണം. ഇതിലൂടെ തദ്ദേശത്തില്‍ വോട്ടുറപ്പിക്കാം എന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാണ്. കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയതു കൊണ്ടു തന്നെ കേരളാ ബജറ്റ് ജനപ്രിയമാകാന്‍ അത്തരത്തില്‍ കൈയ്യടി കിട്ടുന്ന പ്രഖ്യാപനങ്ങള്‍ അനിവാര്യതയാണ്. 'മേക് ഇന്‍ കേരള'യിലും ബജറ്റ് ശ്രദ്ധ നല്‍കും എന്നും റിപ്പോര്‍ട്ടുണ്ട്.
കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവും. വരുമാനമില്ലാത്ത പൊതുസൗകര്യങ്ങള്‍ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാര്‍ക്കുകള്‍, വ്യവസായ പാര്‍ക്കുകള്‍ മുതലായവയ്ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചന. റോഡ് ടോള്‍ പോലെ ജനങ്ങള്‍ക്ക് ബാധ്യതയുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കാനിടയില്ല. വര്‍ഷങ്ങളായി കൂട്ടാത്ത ഫീസുകളും പിഴകളും ഇത്തവണയും വര്‍ധിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ് അവതരണം. സാമ്പത്തികാവലോകന റിപ്പോര്‍ട്ടും അന്ന് സഭയില്‍ വെക്കും. സാമൂഹ്യ നേട്ടങ്ങളെ ഊട്ടിയുറപ്പിക്കുവാനും വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ സ്ഥാപനങ്ങളെ നവീകരിക്കാനും അവിടുത്തെ നേട്ടങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍.
കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദന വളര്‍ച്ചയും കാലാവസ്ഥാ-പ്രതിരോധവും വര്‍ധിപ്പിക്കുക, ശേഖരണ-വിപണന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, മൂല്യവര്‍ധന കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക എന്നീ വിഷയങ്ങളിലാകും ഊന്നല്‍ എന്ന് പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ആഴത്തിലുള്ള ഇടപെടല്‍ ഉറപ്പ് വരുത്താനുള്ള നടപടികളും പ്രതീക്ഷിക്കാം. വലിയ ഒരു വര്‍ധനതന്നെ കാര്‍ഷിക മേഖലയിലെ അടങ്കല്‍ തുകയില്‍ ഉണ്ടാകാനാണ് സാധ്യത. മൃഗസംരക്ഷണം, ഡെയറി, മത്സ്യബന്ധനം എന്നിവയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ ഉല്‍പ്പാദനത്തിനും നിക്ഷേപത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതിനാകും ബജറ്റില്‍ ഊന്നല്‍.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുടങ്ങിയ ജലസേചനപദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യാനുള്ള നടപടികളും പ്രതീക്ഷിക്കണം. മനുഷ്യ--വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
ബജറ്റ്, ക്ഷേമ പെന്‍ഷന്‍, പിണറായി സര്‍ക്കാര്‍