- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധഭീഷണിയെന്ന് പരാതിപ്പെട്ടപ്പോൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി; പുറത്തിറങ്ങാനും ജോലി ചെയ്യാനുമാകുന്നില്ലെന്ന് പുതിയ 'പരിഭവം'; കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊടിസുനിയുടെ നിരാഹാര സമരം; കോടതിയെ സമീപിക്കാനും നീക്കം
തൃശ്ശൂർ: കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിയ്യൂർ ജയിലിൽ കൊട് സുനിയുടെ നിരാഹാര സമരം. മിനിഞ്ഞാന്ന് രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെയാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിപ്പട്ടികയിലുള്ള കൊടി സുനിയുടെ നിരാഹാരം.
വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു നിരാഹാര സമരത്തിന്റെ ആവശ്യം. വിയ്യൂരിൽ അതിസുരക്ഷാ ജയിലിലാണ് സുനിയുള്ളത്. വിയ്യൂർ ജയിലിൽ വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരേപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാനോ കൊടി സുനിക്ക് സാധിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാരം.
സമരം ഫലം കാണാതെ വന്നതോടെ ചൊവ്വാഴ്ച ഉച്ചയോടെ കൊട് സുനി നിരാഹാരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. രാത്രി ഭക്ഷണം സെല്ലിലേക്ക് വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന കൊടി സുനിയുടെ അപേക്ഷ നേരത്തെ ഡിജിപി തള്ളിയിരുന്നു.ജയിൽ മാറ്റം ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് കൊടി സുനിയുടെ നീക്കം.
വിയ്യൂർ ജയിലിൽ വധഭീഷണിയുണ്ടെന്ന പരാതി കണ്ണൂർ ജയിലിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
വധഭീഷണിയുണ്ടെന്ന പരാതി വ്യാജമാണെന്നും കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും നേരത്തേ പൊലീസ് വിലയിരുത്തിയിരുന്നു. തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്.
വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിൽ.ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്.
മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടുകയാണ് ചെയ്യാറ്. കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ.
വിയ്യൂരിൽ സുനിയുടെ കൈയിൽ നിന്നു മൊബൈൽ ഫോൺ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാർക്കും ലഭിച്ച പ്രത്യേക പരോൾ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് കണ്ണൂർ ജയിലിലേക്ക് മാറാൻ സുനി ശ്രമം തുടങ്ങിയതെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ