- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ സർക്കാരിന്റെ മാറിയ സമീപനം വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ്; ആചാരം പാലിച്ച് ദർശനം നടത്തിയാൽ മാത്രമേ തീർത്ഥാടകന് സംതൃപ്തി ലഭിക്കൂവെന്ന് അഡ്വ. അനന്തഗോപൻ; ശബരിമല തീർത്ഥാടനം കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും പ്രസിഡന്റ്
കോഴഞ്ചേരി: ഒരു കാലത്ത് ശബരിമലയിൽ യുവതികളെ കയറ്റാൻ ഓടി നടന്ന ഇടതു സർക്കാരിന്റെ മാറിയ സമീപനം വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപന്റെ പ്രസംഗം. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം മാറിയ നിലപാട് വ്യക്തമാക്കിയത്.
ശബരിമല ലോകത്തിന് മാതൃകയായ തീർത്ഥാടന കേന്ദ്രമാണെന്നും ആചാരം പാലിച്ച് ദർശനം നടത്തിയാൽ മാത്രമേ തീർത്ഥാടകന് സംതൃപ്തി ലഭിക്കുകയുള്ളൂവെന്നും അനന്തഗോപൻ പറഞ്ഞു. അയ്യപ്പ ദർശനം ആഗ്രഹിക്കുന്ന ഏത് മത വിശ്വാസിക്കും ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടാം. ശബരിമല തീർത്ഥാടനം കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഒന്നാണ്. ശബരിമലയുടെ പ്രശസ്തിയും പ്രസക്തിയും ഓരോ വർഷവും വർധിച്ചു വരികയാണ്.
കൂട്ടായ്മയിലൂടെയാണ് ഇത്തവണത്തെ തീർത്ഥാടനം ഭംഗിയായി നടത്താൻ സാധിച്ചത്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വളരെയധികം സഹായകമായി. എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും തീർത്ഥാടനം പൂർത്തിയാക്കാൻ സാധിച്ചു. ചരക്ക് നീക്കുന്നതിന് റോപ് വേ നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണ്. ശബരിമലയുടെ പരിപാവനത ഇല്ലാതാക്കിക്കൊണ്ട് നിർമ്മാണം നടത്തുന്നതിനോട് ദേവസ്വം ബോർഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിൽടോപ്പിൽ നിന്ന് ഗണപതി ക്ഷേത്രം വരെ ഉയരത്തിൽ പാലം നിർമ്മിക്കുന്ന കാര്യം ഹൈപവർ കമ്മിറ്റിയുടെ പരിഗണനയിലാണ്. പ്രളയ സാഹചര്യത്തിൽ ഇവിടേക്ക് എത്താനുള്ള മാർഗം എന്ന നിലയിലാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വിശ്വാസം ഹിന്ദുവിന് പൂർണമായി പകർന്ന് നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് അഭിപ്രായപ്പെട്ടു.
ഒരു ദിവസം കൊണ്ട പഠിക്കാവുന്ന സങ്കേതമല്ല ശബരിമല. ശബരിമലയുടെ നിരവധി പ്രഹേളികകൾക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് ഭരണാധികാരികൾ മുൻകൈ എടുക്കണമെന്നും സ്വാമി പറഞ്ഞു. അന്യ സംസ്ഥാനക്കാരടക്കമുള്ള ശബരിമല തീർത്ഥാടകർ സകല മേഖലകളിലും ചൂഷണം ചെയ്യപ്പെടുകയാണെന്ന് സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ഉപാധ്യക്ഷൻ അഡ്വ. ഡി. വിജയകുമാർ പറഞ്ഞു.
ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുവാനുള്ള നടപടി കൈക്കൊള്ളണം. ശബരിമല തീർത്ഥാടനം പ്രൗഢിയോടെ പരിപാലിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് പത്രികയുടെ പ്രകാശനം സമ്മേളനത്തിൽ സ്വാമി അയ്യപ്പദാസ് ഡി. വിജയകുമാറിന് കൈമാറി നിർവ്വഹിച്ചു. ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ഇലന്തൂർ ഹരിദാസ്, വി.കെ.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്