തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ
സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും നേരിട്ട് പങ്കുണ്ടെന്ന് അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകി. ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, പേഴ്സണൽ മാനേജർ ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്ത് നടന്നതെന്ന് ജീവനക്കാരൻ അരുൺ കുമാർ, ടാങ്കർ ലോറി ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവർ മൊഴി നൽകി.

ഇതേ തുടർന്ന് ഈ മൂന്ന് ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തു. ഇവിടേക്ക് മദ്യം നൽകിയ മധ്യപ്രദേശ് ബൈടുൾ സ്വദേശി അബുവും പ്രതിപ്പട്ടികയിലുണ്ട്. ആകെ ഏഴു പേരാണ് പ്രതികൾ.
കേരളത്തിന് പുറത്തു വച്ചാണ് സ്പിരിറ്റ് കൈമാറ്റം നടന്നിട്ടുള്ളത്. ഇങ്ങനെ കിട്ടുന്ന പണം എല്ലാവരും ചേർന്ന് വീതിച്ചെടുക്കും.

92-93 കാലഘട്ടത്തിലാണ് പുതുപ്പള്ളി സ്വദേശിയായ അലക്സ് പി. ഏബ്രഹാം ഇവിടെ ജോലിക്ക് ചേരുന്നത്. ആദ്യം അക്കൗണ്ട്സ് മാനേജർ ആയിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹവുമായുള്ള അടുപ്പം മുതലെടുത്ത് സ്ഥാനക്കയറ്റം പടിപടിയായി നേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ജനറൽ മാനേജരായത്.

പെരുമാറ്റം കൊണ്ട് ഏതൊരാളെയും കീശയിലാക്കുന്നയാളാണ് അലക്സ്. ഈ സ്വഭാവം കൊണ്ട് കോടികളുടെ തട്ടിപ്പാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത അരുൺ കുമാർ ആശ്രിതനിയമനം നേടിയ ആളാണ്. ഇയാളുടെ ജോലി ഇതുവരെ സ്ഥിരമായിട്ടുമില്ല. നേരത്തേയുണ്ടായിരുന്ന പ്രൊഡക്ഷൻ മാനേജർ ഇവരുടെ തട്ടിപ്പിന് കൂട്ടുനിൽക്കുന്നയാളായിരുന്നില്ല.

അയാളെ കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പുറത്താക്കിയാണ് ഇപ്പോഴുള്ള മേഘയെ നിയമിച്ചത്. ചട്ടപ്രകാരമുള്ള യോഗ്യത മേഘയ്ക്ക് ഉണ്ടായിരുന്നില്ല. പഴ്സൊണൽ മാനേജർ ഹാഷിമിനും ഈ കള്ളക്കളിയിൽ വ്യക്തമായ പങ്കുണ്ട്. കുറവ് വരുന്ന സ്പിരിറ്റിൽ വെള്ളം ചേർത്തുള്ള തട്ടിപ്പും അരങ്ങേറിയിരുന്നു.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇവിടെ നിന്നും സ്പിരിറ്റ് കൊണ്ടു പോയി ചെങ്ങന്നൂരിലുള്ള ഒരു ബാർ മുതലാളിയുമായി ചേർന്ന് സെക്കൻഡ്സ് മദ്യവിൽപന നടത്തിയിരുന്നുവെന്നും പരാതിയുണ്ട്.ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ബാറുകൾക്ക് സമീപം ഏജന്റുമാരെ വച്ച് വൻ തുകയ്ക്കാണ് ഇത്തരം മദ്യം വിറ്റഴിച്ചിരുന്നത്.

ഈ മദ്യത്തിന്റെ കുപ്പികളിലൊന്നും തന്നെ സീൽ, ബാച്ച് നമ്പർ ഇവയൊന്നും ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് വിവരം നലകിയിരുന്നെങ്കിലും ഒരു ചെറുവിരൽ പോലും അനക്കാൻ തയാറായിരുന്നില്ല.