- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
തിരുവനന്തപുരം: നേമത്തും വട്ടിയൂർക്കാവും അതിശക്തരെ സ്ഥാനാർത്ഥികളാക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിർദ്ദേശം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യം പറഞ്ഞു കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേര് പോലും നേമത്തിനായി ചർച്ചയായി. എന്നാൽ തിരുവനന്തപുരം ഡിസിസി തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ ഒരു വമ്പനും ഇല്ലെന്നതാണ് വസ്തുത. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളിൽ ഇടം പിടിച്ച പ്രമുഖൻ യുഡിഎഫ് കൺവീനർ എംഎം ഹസൻ മാത്രമാണ്. വാമനപുരത്തേക്കാണ് ഹസനെ കോൺഗ്രസ് ജില്ലാ കമ്മറ്റി ശുപാർശ ചെയ്യുന്നത്.
നേമത്തേക്ക് എൻ ശക്തനെയാണ് ഡിസിസി മുന്നിൽ നിർത്തുന്നത്. നേമത്തെ മുൻ എംഎൽഎയാണ് ശക്തൻ. മണ്ഡല പുനർണ്ണയം വന്നപ്പോൾ കാട്ടക്കടയിലേക്ക് മാറി എംഎൽഎയായി. കഴിഞ്ഞ തവണ തോൽക്കുകയും ചെയ്തു. ഈ ശക്തനാണ് നേമത്തെ പട്ടികയിലെ ഒന്നാം നമ്പറുകാരൻ. മണക്കാട് സുരേഷും ജിവി ഹരിയും ആർ വി രാജേഷും പരിഗണനാ പട്ടികയിൽ ഉണ്ട്. ഇവരാരും നേമത്തെ ത്രികോണപോരിന് പോന്ന അതിശക്തരല്ലെന്നതാണ് വസ്തുത.
തിരുവനന്തപുരത്ത് മൂന്ന് സിറ്റിങ് എംഎൽഎമാർക്കും സീറ്റ് കൊടുക്കണമെന്നതാണ് ഡിസിസിയുടെ ആഗ്രഹം. തിരുവനന്തപുരം, അരുവിക്കര, കോവളം മണ്ഡലങ്ങളിലേക്ക് അതുകൊണ്ട് തന്നെ സ്ഥാനാർത്ഥിയെ മുമ്പോട്ട് വയ്ക്കുന്നുമില്ല. തിരുവനന്തപുരത്ത് വി എസ് ശിവകുമാറിനും അരുവിക്കരയിൽ കെ എസ് ശബരിനാഥിനും കോവളത്ത് എ വിൻസന്റിനുമൊപ്പമാണ് ഡിസിസി. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കണമെന്നാണ് ഹൈക്കമാണ്ട് നിർദ്ദേശം. എന്നാൽ തിരുവനന്തപുരം ഡിസിസിയുടെ പട്ടികയിൽ ഇത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഈ പ്രാഥമിക പട്ടിക കണ്ട് ഞെട്ടുകയാണ് ഹൈക്കമാണ്ട് പ്രതിനിധികൾ.
അത്ഭുതമൊന്നുമില്ലാത്ത പട്ടികയാണ് തിരുവനന്തപുരം ജില്ലാ കമ്മറ്റി തയ്യാറാക്കിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ മുൻ അംബാസിഡർ വേണു രാജമണിയുടെ പേരാണ് ആദ്യ സ്ഥാനത്ത്. ചെമ്പഴന്തി അനിലും ആർ വി രാജേഷും ജ്യോതി വിജയകുമാറും പട്ടികയിലുണ്ട്. അതിന് അപ്പുറത്തേക്ക് ആരേയും ഡിസിസി ഉയർത്തികാട്ടുന്നില്ല. കോൺഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു കെ മുരളീധരന്റെ കാലത്ത് വട്ടിയൂർക്കാവ്. ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ ഈ സീറ്റ് പിടിക്കാൻ വി എം സുധീരനെ ഇറക്കണമെന്ന ആവശ്യം സജീവ ചർച്ചയാണ്. ഇത് അറിയാമായിരുന്നിട്ടും ഡിസിസിയുടെ പട്ടികയിൽ വി എം സുധീരൻ പുറത്തായി. പിസി വിഷ്ണുനാഥും ഇവിടേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
കഴക്കൂട്ടത്തേക്ക് ഡോ എസ് എസ് ലാലിനാണ് പ്രഥമ പരിഗണന. മുൻ എംഎൽഎ എംഎ വാഹിദ്, അഡ്വ എം മുന്നീർ, അഡ്വ ബിആർഎം ഷഫീർ, ജെഎസ് അഖിൽ എന്നിവരും പട്ടികയിലുണ്ട്. വാമനപുരത്ത് ഹസന് പുറമേ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരും ആനാട് ജയനും വെമ്പായം അനിൽ കുമാറും പട്ടികയിൽ ഇടം നേടി. വർക്കലയിൽ കഹാറും ശരത് ചന്ദ്ര പ്രസാദും എംഎ ലത്തീഫും ഇ റിയാസുമാണ് പട്ടികയിലുള്ളത്.
ആറ്റിങ്ങലിൽ കെ എസ് ഗോപകുമാറും കെ വിദ്യാധരനും പട്ടികയിലുണ്ട്. ചിറയിൻകീഴിൽ പന്തളം സുധാകരനാണ് പ്രഥമ പരിഗണന. എസ് എം ബാലു ആർ അനൂപ് എന്നിവരേയും ഉൾപ്പെടുത്തി. നെടുമങ്ങാട് പാലാടോ രവിയാണ് ആദ്യ പേരുകാരൻ. അണക്കുഴ ഷാനവാസ്, ജലീൽ മുഹമ്മദ്, പി എസ് പ്രശാന്ത് എന്നിവരും പട്ടികയിലുണ്ട്. പാറശാലയിൽ ഡിസിസി അധ്യക്ഷൻ കൂടിയായ നെയ്യാറ്റിൻകര സനലിനാണ് പ്രാധാന്യം. അൻസജിതാ റസലും സി ആർ പ്രാൺകുമാറും എടി ജോർജും സാധ്യതാ ലിസ്റ്റിൽ ഇടം നേടി.
കാട്ടാക്കടയിൽ അൻസജിതാ റസലാണ് ആദ്യ പേരുകാരി. മലയിൻകീഴ് വേണുഗോപാലും എം മണികണ്ഠനും പരിഗണനാ പട്ടികയിലുണ്ട്. കാട്ടക്കടയിലേക്ക് എൻ ശക്തനേയും ആർ വി രാജേഷിനേയും പരിഗണിക്കുന്നില്ലെന്നതാണ് അത്ഭുതമാകുന്നത്. നെയ്യാറ്റിൻകരയിൽ ആർ സെൽവരാജും കെ വിനോദ് സെന്നും അഡ്വ രാജേഷ് ചന്ദ്രദാസും പട്ടികയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ