- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണബ് അഴിക്കുള്ളിൽ കിടക്കുമ്പോൾ റിപ്പബ്ലിക് ടിവിക്ക് മറ്റൊരു തിരിച്ചടി കൂടി; റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷൻ മേധാവി ടി ആർപി തട്ടിപ്പുകേസിൽ അറസ്റ്റിൽ; ഘൻശ്യാം സിങ് കേസിൽ പന്ത്രണ്ടാം പ്രതി; ബാർക്ക് റേറ്റിങ് ഉയർത്താൻ റിപ്പബ്ലിക് ടി വി പ്രതിമാസം 15 ലക്ഷം രൂപ വീതം നൽകിയെന്ന താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നിർണായകമായി
മുംബൈ: റിപ്പബ്ലിക് ടിവിക്ക് വീണ്ടും തിരിച്ചടി. ടിആർപി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങിനെ അറസ്റ്റു ചെയ്തു. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ടി.വി.കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടിൽ റിപ്പബ്ലിക് ടിവി ചാനൽ ഓൺ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകർ പൊലീസിന് മൊഴി നൽകിയിരുന്നു. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ലോക്കൽ ചാനലുകൾക്കെതിരേയും പൊലീസിന് പരാതി ലഭിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക് ടിവിക്കെതിരായി ഉയർന്ന ആരോപണങ്ങളെ അധികൃതർ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പൊലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.
ടി.ആർ.പി റേറ്റിങ്ങ്.കൂട്ടുന്നതിന് ബാരോമീറ്റർ ഘടിപ്പിച്ച വീടുകളിൽ വിതരണം ചെയ്യാൻ റിബ്ലിക് ടി.വി. പ്രതിമാസം 15 ലക്ഷം രൂപ വീതം നൽകിയിരുന്നതായി താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നടത്തിയെന്ന് മുംബൈ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. താനെയിലെ ക്രിസ്റ്റൽ ബ്രോഡ്കാസ്റ്റിന്റെ ഉടമസ്ഥനായ കേബിൾ ഓപ്പറേറ്റർ ആശിഷ് ചൗധരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാർക്കറ്റിങ് കമ്പനിയായ മാക്സ് മീഡിയോ നടത്തുന്ന അഭിഷേക് കൊലവാഡെയെ ചോദ്യം ചെയ്തപ്പോഴാണ് ചൗധരിയെ കുറിച്ചുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. തുടർന്ന് ഒക്ടോബർ 28ന് ഇയാളെ അറസ്റ്റ് ചെയ്തു. ചൗധരിക്ക് പുറമേ അഭിഷേകിന്റെ കസ്റ്റഡിയും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഹവാല ഇടപാടുകളിൽ നിന്ന് തനിക്ക് പണം ലഭിച്ചിരുന്നതായി ചൗധരി സമ്മതിച്ചുവെന്നും മാപ്പുസാക്ഷിയാകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായും അപേക്ഷയിൽ ക്രൈംബ്രാഞ്ച് വിശദീകരിച്ചിട്ടുണ്ട്.
അഭിഷേകിന് എല്ലാമാസവും 15 ലക്ഷം രൂപ ചൗധരിയിൽ നിന്ന് ലഭിക്കാറുണ്ടെന്നും അപേക്ഷിയിൽ പറയുന്നു. അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ വാവ് മ്യൂസിക് ചാനലിൽ നിന്നും റിപ്പബ്ലിക് ഭാരത് ഹിന്ദി ന്യൂസ് ചാനലിൽ നിന്നും 2017 മുതൽ ജൂലായ് 2020 വരെ പണം സ്വീകരിച്ചതായി അഭിഷേക് സമ്മതിച്ച കാര്യവും അപേക്ഷയിൽ വിശദീകരിക്കുന്നുണ്ട്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധയിൽ 11.7 ലക്ഷം രൂപ പിടിച്ചെടുത്തു. ചൗധരിയെ ചോദ്യം ചെയ്തതിന് തുടർന്ന് താനെയിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ ഇരുവരുടേയും ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവയും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്