- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം ലോകത്ത് പെരുകുമ്പോൾ ജോലിക്കാരെ കിട്ടാനില്ലാതെ ബ്രിട്ടൻ ട്രക്ക് ഡ്രൈവർമാരുടെ പിന്നാലെ; ഷെഫുമാരുടെയും വെയ്റ്റർമാരുടെയും മേസ്ത്രിമാരുടെയും ക്ഷാമം ഉണ്ടാകും; താത്ക്കാലിക വിസ ഏർപ്പെടുത്തി വിദേശികളെ എത്തിക്കും
ലണ്ടൻ: സ്ഥായിയായ നാശം എന്നൊന്നില്ലെന്നാണ് ഭഗവദ് ഗീതയിൽ പറയുന്നത്. ഒരു വശത്ത് എല്ലാം തകരാൻ തുടങ്ങുമ്പോൾ മറുഭാഗത്ത് പുതിയവ ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കും. കോവിഡാനന്തര കാലത്ത് ലോകത്ത്, പ്രത്യേകിച്ചും ബ്രിട്ടനിൽ സംഭവിക്കുന്നതും അതാണ്. പരമ്പരാഗതമായി ഏറെപ്പേർ താത്പര്യമെടുത്തിരുന്ന പല മേഖലകളിലും തൊഴിൽ നഷ്ടമുണ്ടാകുമ്പോൾ, തീരെ പ്രതീക്ഷിക്കാത്ത മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഉയർന്നു വരികയാണ്. അദ്ധ്വാനം ചെയ്യാൻ തയ്യാറുള്ള മനസ്സുള്ളവർക്ക് കഷ്ടപ്പെടേണ്ടിവരില്ലെന്ന പ്രകൃതിയുടെ നിയമം ഇവിടെയും പ്രാവർത്തികമാവുകയാണ്.
ബ്രിട്ടനിലെ 1,90,000 കമ്പനികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി പറയുന്നത് ലോറി ഡ്രൈവർമാർ, വെയ്റ്റർമാർ, ഷെഫ്, കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെ പല രംഗത്തും ഒഴിവുകൾ പെരുകുകയാണെന്നാണ്. ജോലിക്ക് ആളെ ലഭിക്കാത്ത സാഹചര്യം പോലും ഉടലെടുത്തിരിക്കുന്നു. നൈപുണ്യം അവശ്യമായ തൊഴിലളികളുടേ ക്ഷാമം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കാം എന്നും ഡയറക്ടർ ജനറൽ ടോണി ഡാങ്കർ പറയുന്നു. ഇത് പരിഹരിക്കപ്പെടാൻ 2023 വരെയെങ്കിലും കാത്തിരിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറയുന്നു.
ഉയർന്ന തൊഴിൽ നൈപുണ്യം അവശ്യമായ തൊഴിലുകൾ സൃഷ്ടിച്ച് കൂടുതൽ ഉദ്പാദനക്ഷമമായ ഒരു സമ്പദ്വ്യവസ്ഥയായി ബ്രിട്ടീഷ് സമ്പദ്ഘടനയെ മാറ്റാനുള്ള സർക്കാരിന്റെ ശ്രമം അഭിനന്ദനാർഹമാണെങ്കിലും, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താത്ക്കാലിക ജോബ് വിസ ഉൾപ്പടെയുള്ള ഹ്രസ്വകാല നടപടികളുമായി സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് ബ്രിട്ടൻ വിട്ട് തിരികെ പോയ പതിനായിരക്കണക്കിന് വിദേശ തൊഴിലാളികൾ ഇനിയും മടങ്ങിയെത്തിയിട്ടില്ല. അതേസമയം, ബ്രെക്സിറ്റിനു ശേഷം കൂടുതൽ കർക്കശമായ കുടിയേറ്റ നിയമങ്ങൾ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തൊഴിലാളികൾ തിരികെയെത്തുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.
ഈ വർഷം അവസാനത്തോടെ ബ്രിട്ടീഷ് സമ്പദ്ഘടന കോവിഡ് പൂർവ്വകാലത്തിലേക്ക് തിരികെ എത്തുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഫർലോ പദ്ധതി പൂർണ്ണമായും അവസാനിക്കുന്നതോടെ ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകളിൽ പലതും നികത്തപ്പെടുമെന്ന് ചിലർ പ്രതീക്ഷിക്കുന്നു. എന്നാൽ, നിലവിൽ അനുഭവിക്കുന്ന തൊഴിലാളിക്ഷാമം പല മേഖലകളുടേയും വളർച്ചയെ മുരടിപ്പിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്.
ലോക്ക്ഡൗൺ നീക്കം ചെയ്തതോടെ ഹോട്ടലുകളിലും മറ്റും നിരവധി ആളുകൾ എത്താൻ തുടങ്ങി. സ്റ്റേക്കേഷന് ആവശ്യക്കാർ കൂടുമ്പോഴും പല ഹോട്ടലുകളും അതിന്റെ പൂർണ്ണ ക്ഷമതയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തൊഴിലാളികളുടെ ക്ഷാമം തന്നെയാണ് പ്രധാന പ്രശ്നം. അതുപോലെ ഡ്രൈവർമാരുടെ ക്ഷാമം ഭക്ഷ്യ വിതരണ ശൃംഖലയെ ദോഷകരമായി ബാധിക്കുന്നു. ഉപഭോക്താക്കൾ ഏറിയിട്ടും പല റെസ്റ്റോറന്റുകളും പൂർണ്ണ സമയം പ്രവർത്തിക്കുന്നില്ല. മാത്രമല്ല, ആവശ്യമായ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നതിനാൽ, പല റെസ്റ്റോറന്റുകളിലും പല ഭക്ഷണ പദാർത്ഥങ്ങളും മെനുവിൽ നിന്നും അപ്രത്യക്ഷമാകുന്ന സാഹചര്യമെത്തിയിരിക്കുന്നു.
ടെസ്കോയും അസ്ഡയും ലോറി ഡ്രൈവർമാരായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 1000 പൗണ്ട് ആരംഭ ബോണസ് വരെ വാഗ്ദാനം ചെയ്യുകയാണ്. ആമസോൺ ആണെങ്കിൽ ജോലിയിൽ പ്രവേശിക്കുന്ന ഡ്രൈവർമാർക്ക് 1000 പൗണ്ട് ഗോൾഡൻ ഹെല്ലോസ് നൽകുന്നു. ഓരോ തൊഴിലിലും ആവശ്യമായ നൈപുണികൾ വ്യത്യസ്തമായതിനാൽ തന്നെ, ഫർലോ പദ്ധതി അവസാനിക്കുന്നതോടെ തൊഴിലാളി ക്ഷാമം അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്.
ക്ഷാമം അനുഭവപ്പെടുന്ന മറ്റൊരു തൊഴിൽ കശാപ്പുകാരുടെതാണ്. ബ്രെക്സിറ്റിനു ശേഷം കശാപ്പുകാരെ ലഭ്യമല്ലാത്തതിനാൽ കർഷകർക്ക് ഏകദേശം 1 ലക്ഷത്തോളം വരുന്ന പന്നികളെ കൊന്ന് കുഴിച്ചു മൂടേണ്ടതായി വരുമെന്ന വാർത്തകൾ പുറത്തുവരുന്നു. കശാപ്പുശാലകളിലെ തൊഴിലാളി ക്ഷാമമാണ് ഇതിനു കാരണം. യൂറോപ്യൻ യൂണീയനിൽ നിന്നുള്ളവരായിരുന്നു ഈ മേഖലയിൽ അധികമായി ഉണ്ടായിരുന്നത്. ബ്രെക്സിറ്റിനു ശേഷം ഇവർ തിരികെ പോയതാണ് ഇപ്പോൾ ഈ മേഖല തൊഴിലാളി ക്ഷാമം നേരിടാൻ കാരണമായിരിക്കുന്നത്.
സ്കിൽഡ് ലേബർ വിസയിൽ ഇത്തരത്തിൽ തൊഴിലാളിക്ഷാമം അനുഭവിക്കുന്ന തൊഴിൽ മേഖലകളെ കൂടി ഉൾപ്പെടുത്തി വിദേശ രാജ്യങ്ങളിൽ നിന്നും കൂടുതൽ പേരെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നുണ്ട്. ഇല്ലെങ്കിൽ, കോവിഡാനന്തര കാലത്തെ ബ്രിട്ടന്റെ വളർച്ചയെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് ഡെസ്ക്