- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ പൊന്നു സെക്രട്ടറി, എങ്ങനെയെങ്കിലും ആ തെരഞ്ഞെടുപ്പ് ഒന്ന് അട്ടിമറിക്കൂ; നിങ്ങൾ വിചാരിച്ചാൽ എനിക്കിവിടെ തുടരാം; സുപ്രീം കോടതി കൈവിട്ടതോടെ ജോർജിയൻ സ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്
വാഷിങ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ജോ ബൈഡനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഈ വരുന്നജനുവരി 20 ന് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് വൈറ്റ്ഹൗസിന്റെ പടിയിറങ്ങേണ്ടിവരും എന്നതുറപ്പായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും മുട്ടാന്യായങ്ങളുന്നയിച്ച് താനാണ് ജയിച്ചതെന്ന ട്രംപിന്റെ വാദം ലോകത്തിനു മുന്നിൽ അമേരിക്കയെ പരിഹാസപാത്രമാക്കിയിരുന്നു. പോസ്റ്റൽ വോട്ടുകളുടെ പേരിൽ, തെരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കാൻ പല നിയമനടപടികൾക്ക് ട്രംപ് മുതിർന്നെങ്കിലും അവയിലൊന്നും കാമ്പില്ലെന്ന് കണ്ട അമേരിക്കൻ നീതിന്യായ വ്യവസ്ഥ ട്രംപിന്റെ അവകശവാദങ്ങളൊക്കെ തള്ളിക്കളയുകയാണ് ഉണ്ടായത്.
സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ലെന്ന് കണ്ട ഡൊണാൾഡ് ട്രംപ് ഇപ്പോൾ അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കാൻപുതിയ അടവുകൾ പയറ്റുകയാണ്. ജോർജിയൻ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി അംഗം കൂടിയായ സെക്രട്ടറിയെ വിളിച്ച് ആവശ്യത്തിന് വോട്ടുകൾ അസാധുവാക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്. ജോ ബൈഡന്റെ വിജയം ഇല്ലാതെയാക്കുവാൻ മാത്രം വോട്ടുകൾ മാറ്റുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെ പുതിയ വിവാദങ്ങളും ഉയരുന്നു.
ഞായറാഴ്ച്ച സവന്നയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് സ്ഥാനാർത്ഥികളായ ജോൺ ഓസോഫ്, റാഫേൽ വാണോക്ക് എന്നിവരുടെ പ്രചരണ പരിപാടിയിൽ സംസാരിക്കവെ ട്രംപിന്റെ ഈ നടപടിയെ നിയുക്ത വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് കടുത്ത ഭാഷയിൽ വിമർശിച്ചു. നിരാശയുടെ ശബ്ദം എന്നാണ് കമലാ ട്രംപിന്റെ, ജോർജിയ സെക്രട്ടറിയോടുള്ള ആവശ്യത്തെ പരാമർശിച്ചത്. മാത്രമല്ല, അമേരിക്കയുടെ പ്രസിഡണ്ട് നടത്തുന്ന നഗ്നവും വ്യക്തവുമായ അധികാര ദുർവിനിയോഗം കൂടിയാണിതെന്നും അവർ പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ട്രംപിന്റെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഫോൺ വിളിയുടെ വിശദാംശങ്ങൾ വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ടത്. ജോർജിയൻ സെക്രട്ടറി ബ്രാഡ് റാഫെൻസ്ബെർഗറിനോടും ഗവർണർ ബ്രിയാൻ കെംപിനോടും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. 11,780 വോട്ടുകളുടെ വിശദാംശങ്ങൾ കണ്ടുപിടിച്ച് അത് നീക്കം ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ജോർജിയയിൽ ജയിച്ചതെന്ന് ട്രംപ് ഉറപ്പിച്ചു പറയുന്നുമുണ്ട്.
അതേസമയം, ട്രംപ് റാഫെൻസ്പെർഗറിനെതിരെ സംസ്ഥാനത്തും ഫെഡറൽ കോടതിയിലും ഫയൽ ചെയ്തിരിക്കുന്ന രണ്ട് കേസുകളുടെ സെറ്റിൽമെന്റിനായുള്ള ഒരു സ്വകാര്യ സംഭാഷണം മാത്രമായിരുന്നു ആ ഫോൺ വിളി എന്നാണ് ജോർജിയൻ റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഡേവിഡ് ഷാഫർ പറഞ്ഞത്. ശരിയായ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാത്തതിനാൽ ജോർജിയയിലേയും രാജ്യത്തേയും ജനങ്ങൾ കോപാകുലരാണെന്നും അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ ആവശ്യമായത് ചെയ്യണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
എന്നാൽ, ഈ ആവശ്യം നിരാകരിച്ചുകൊണ്ട്, ട്രംപിന് ലഭിച്ച വിവരങ്ങൾ സത്യമല്ലെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ റാഫെൻസ്പെർഗർ ശ്രമിക്കുന്നുണ്ട്. എന്നാൽ, താൻ ജോർജിയയിൽ തോൽക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് ട്രംപ് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയുന്നത്. ഈ ടെലിഫോൺ കോൾ ചോർന്നതോടെ ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണെന്ന് ആരോപിച്ച് ജോ ബൈഡന്റെ അനുയായികൾ രംഗത്തെത്തി. നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഒരു പ്രസിഡണ്ട്, ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന ഒരാളെ സമ്മർദ്ദത്തിലാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് അവർ ആരോപിക്കുന്നു.
അമേരിക്കയുടെ ജനാധിപത്യ സമ്പ്രദായത്തിന് തീരാ കളങ്കം ചാർത്തിയ ട്രംപിന്റെ വിവിധ നടപടികളുടെ തുടർച്ചയാണ് ഈ സംഭവമെന്ന് കമലാ ഹാരിസ് ആരോപിച്ചു. തന്റെ ഫോൺ ചോർന്ന വാർത്ത പുറത്തുവന്നതോടെ ചാഞ്ചാടി നിന്നിരുന്ന സംസ്ഥാനങ്ങളിലെ കള്ളവോട്ടുകളുടെ എണ്ണം വളരെ കൂടുതലാണെന്നും ഫലത്തെ സ്വാധീനിക്കാൻ അവയ്ക്ക് കഴിയുമെന്നും അവകാശപ്പെട്ടുകൊണ്ട് ട്രംപ് ട്വീറ്ററിലെത്തി. ഇത് സത്യമാണെന്നറിയാമെങ്കിലും ഡെമോക്രാറ്റുകൾ ഇത് സമ്മതിച്ചു തരില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭാഷണത്തിലുടനീളം ട്രംപിന്റെ ആവശ്യം നിരാകരിക്കുന്നുണ്ട് ജോർജിയൻ സെക്രട്ടറി. ട്രംപിന് ലഭിച്ച വിവരങ്ങൾ തെറ്റാണെന്നും, ചില തെറ്റിദ്ധാരണകളുടെ പുറത്താണ് ട്രംപ് ഇങ്ങനെയൊക്കെ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. എന്നാൽ, ഏതുവിധേനയും അധികാരത്തിൽ തൂങ്ങിക്കിടക്കാൻ ആഗ്രഹിക്കുന്ന ട്രംപ് ഈ സംഭാഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സെക്രട്ടറിയോട് യാചിക്കുകയും ചിലപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാത്തത് വലിയൊരു തെറ്റാണെന്ന് പോലും ഒരു സന്ദർഭത്തിൽ ട്രംപ് ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ ബൈഡൻ സംസ്ഥാനത്ത് കൈവരിച്ച 12,779 വോട്ടുകളുടെ ജയം സത്യസന്ധമായും സുതാര്യവുമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണെന്ന് സെക്രട്ടറി ഉറപ്പിച്ചു പറയുകയാണ്. അപ്പോൾ റാഫെൻസ്പെർഗറിനെ ഒരു ശിശു എന്ന് വിളിക്കുന്ന ട്രംപ് അദ്ദേഹം കഴിവില്ലാത്തവനാണെന്നും അഴിമതിക്കാരനാണെന്നുമൊക്കെ ആരോപിക്കുന്നുമുണ്ട്.
മറുനാടന് ഡെസ്ക്