വാഷിങ്ടൺ: അമേരിക്കൻ പ്രസസിഡന്റ് പദവിയിൽ നിന്നും ഒഴിയാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ട്രംപ് ഇപ്പോഴും പിടിവാശിയിൽ തന്നെയാണ്. ബൈഡൻ എന്തും ചെയ്യും എന്നു മുന്നേ കൂട്ടി കണ്ട് അതിന് പാരവെക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിന്റെ ഭാഗമായി അമേരിക്ക ഫസ്റ്റ് മുദ്രാവാക്യം മുഴക്കുന്ന പ്രസിഡന്റ് പുതിയൊരു പണി കൂടി ഒപ്പിച്ചു. ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുകയാണ് ട്രംപ് ചെയ്തത. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാർച്ച് വരെ നിയന്ത്രണങ്ങൾ നീട്ടിയതെന്നാണ് വിശദീകരണം.

'കോവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴിൽ മേഖലയിൽ സൃഷ്ടിച്ചത്. മാത്രമല്ല അമേരിക്കൻ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയം,' നിയന്ത്രണങ്ങൾ നീട്ടുകയാണെന്ന് അറിയിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. തൊഴിലില്ലായ്മ, ബിസിനസ് രംഗത്തെ കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയവയെ കുറിച്ചും ട്രംപ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്. ഇപ്പോൾ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങൾ വിവിധ തരം വിസകളെയാണ് ബാധിക്കുന്നത്.

ഇന്ത്യക്കാരെ അടക്കം സാരമായി ബാധിക്കു. ഇത്തരം വിസകൾ ഉപയോഗിച്ചുകൊണ്ട് അമേരിക്കയിൽ ജോലിക്കെത്താൻ ശ്രമിക്കുന്നവരെയാണ് ഈ നിയന്ത്രണങ്ങൾ ഗൗരവമായി ബാധിക്കുക. ഐ.ടി സാങ്കേതിക മേഖലയിൽ പ്രധാനമായും ഉപയോഗിക്കുന്ന എച്ച് -1ബി വിസ, കൃഷി ഇതര ജോലികൾക്കെത്തുന്ന സീസണൽ ജോലിക്കാരുടെ എച്ച്-2ബി, കൾച്ചറൽ എക്സ്ചേഞ്ച് ജെ-1 വിസ, എച്ച്-1ബി എച്ച് 2ബി വിസയുള്ളവരുടെ ദമ്പതിമാർക്കുള്ള വിസ, യു.എസിലേക്ക് ജോലിക്കാരെ റീലോക്കേറ്റ് ചെയ്യുന്നതിനാൽ കമ്പനികൾ നൽകുന്ന എൽ വിസ എന്നിവയെല്ലാം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുമെന്നായിരുന്നു വിലയിരുത്തലുകൾ.

പുതുവർഷത്തിൽ വാക്സിൻ കൂടി വരുന്നതോടെ കോവിഡ് വ്യാപനത്തിൽ കുറവ് വരുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ കൊറോണ സ്ട്രെയ്ൻ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകം മുഴുവൻ കൂടുതൽ ജാഗ്രതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

'2021 മാർച്ച് 31 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ തുടരുക. ആവശ്യമെങ്കിൽ ഇനിയും തുടരും. ഡിസംബർ 31ന് ശേഷം 15 ദിവസം കഴിയുമ്പോഴും പിന്നീട് ഓരോ മുപ്പത് ദിവസം കഴിയുമ്പോഴും ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം.' ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.

നിയന്ത്രണങ്ങൾ എടുത്തുമാറ്റിയാൽ കമ്പനികൾ കുറഞ്ഞ വേതനത്തിൽ വിദേശ പൗരന്മാരെ ജോലിക്കെത്തിച്ച് ചൂഷണം തുടരുമെന്ന് ഫെഡറേഷൻ ഫോർ അമേരിക്കൻ ഇമിഗ്രേഷൻ റിഫോം തലവൻ ആർ.ജെ ഹൗമാൻ അറിയിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ തൊഴിലാളികൾക്കൊപ്പമല്ലെന്നും ഹൗമാൻ വിമർശിച്ചു. വിദേശ പൗരന്മാരെ സംബന്ധിച്ച് ട്രംപ് നടപ്പിലാക്കിയ നിരവധി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്ന് ബൈഡൻ നേരത്തെ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് അനുയായികളുടെ വിമർശനം.