- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറയുന്നത് ആത്മനിർഭർ ഭാരതിനെപ്പറ്റി; പദ്ധതി നൽകിയത് ചൈനീസ് കമ്പനിക്കും; കേന്ദ്ര സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് വ്യാപക വിമർശനം; ഡൽഹി-മീററ്റ് അതിവേഗ തുരങ്കപാത വിവദമാകുന്നത് ഇങ്ങനെ
ഡൽഹി: ആത്മനിർഭർ ഭാരത് പദ്ധതിയെപ്പറ്റി നിരന്തരം പറയുന്ന കേന്ദ്ര സർക്കാർ ഡൽഹി-മീററ്റ് അതിവേഗ തുരങ്കപാതയുടെ നിർമ്മാണ കരാർ ചൈനീസ് കമ്പനിക്ക് കൈമാറിയ നടപടി വിവാദമാകുന്നു. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 5.6 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കത്തിന്റെ നിർമ്മാണമാണ് ചൈനീസ് ഭീമനായ ഷാങ്ഹായ് ടണൽ എഞ്ചിനീയറിംഗ് കമ്പനി നടത്തുക. സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ആത്മനിർഭർ ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രത്തിന്റെ നടപടി സ്വീകാര്യമല്ലെന്നാണ് പ്രധാനവിമർശനം. ചൈനയുമായുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിച്ചുവോ എന്നാണ് മറ്റ് ചിലർ ഉയർത്തുന്ന പരിഹാസം. നിയന്ത്രണരേഖയിൽ ജീവൻനഷ്ടപ്പെട്ട സൈനികരോടുള്ള അനാദരവാണ് സർക്കാർ നടപടിയെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
ആറു മാസം മുൻപ് നടത്തിയ ലേലത്തിൽ ചൈനീസ് സ്ഥാപനം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തു വിജയിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു ശേഷമാണ് 1000 കോടി രൂപയുടെ കരാർ ചൈനീസ് കമ്പനിക്ക് തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ കമ്പനികൾക്ക് മുൻതൂക്കം കൊടുക്കുകയും തദ്ദേശീയമായി നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ആവർത്തിക്കുന്നതിനിടെയിലാണ് രാജ്യതലസ്ഥാനത്തെ സുപ്രധാന കരാർ ചൈനീസ് കമ്പനിക്ക് നൽകിയത്. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാങ്ഹായ് ടണൽ എൻജിനീയറിങ് കമ്പനിക്കാണ് കരാർ.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് 82 കി.മീ നീളമുള്ള ഡൽഹി-മീററ്റ് അതിവേഗപാതയുടെ നിർമ്മാണം. എഡിബി മാർഗനിർദ്ദേശപ്രകാരം അംഗങ്ങളായ ഏത് രാജ്യങ്ങൾക്കും പരസ്പരം കരാറിൽ ഏർപ്പെടാം. ഇത് പ്രകാരം നടത്തിയ ലേലത്തിലാണ് ചൈനീസ് കമ്പനി കരാർ നേടിയതെന്നാണ് കേന്ദ്രസർക്കാർവൃത്തങ്ങൾ നൽകുന്ന അനൗദ്യോഗിക വിശദീകരണം. പൂർണമായും നടപടി ക്രമങ്ങൾ പാലിച്ചാണ് കരാർ നൽകിയതെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
ന്യൂ അശോക് നഗറിനും സഹിബാബാദിനും ഇടയിലാണ് അതിവേഗ റെയിൽവേ ഇടനാഴിക്കായി തുരങ്കം നിർമ്മിക്കുന്നത്. 2020 ജൂൺ മാസത്തിൽ നടത്തിയ ലേലത്തിൽ വൻകിട ഇന്ത്യൻ കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനം കരാർ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തെ ആദ്യ അതിവേഗ പ്രാദേശിക റെയിൽവേ നെറ്റ്‍വർക്കായ റീജിയണൽ റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം പദ്ധതി നടപ്പാക്കുന്നത് നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കരാർ നൽകിയതെന്ന് കോർപ്പറേഷൻ വക്താവ് പറഞ്ഞു.
മറുനാടന് ഡെസ്ക്