- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് പ്രതികരണമില്ല; സുഹൃത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; ക്വട്ടേഷൻ കൊടുത്തയാളും ഏറ്റെടുത്തയാളും അറസ്റ്റിൽ; സംഭവം കോയിപ്പുറം സ്റ്റേഷൻ പരിധിയിൽ
പത്തനംതിട്ട: ഫേസ്‌ബുക്കിൽ നൽകിയ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ കേസിൽ രണ്ടു യുവാക്കൾ പിടിയിൽ.
കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവിൽ ശരത് എന്ന് വിളിക്കുന്ന ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ തുളസിധരൻ നായർ മകൻ വിശാഖ് എന്നുവിളിക്കുന്ന സേതുനായർ (23) എന്നിവരാണ് പിടിയിലായത്.
ഫേസ്‌ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ സേതുനായർ ശരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയൽവാസിയുമായ സേതുവിന് അയച്ചുകൊടുത്തു.
പിറ്റേന്ന്, യുവതി സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നുതന്നെ ഇരുവരെയും പൊലീസ് പടുതോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാൾ പറഞ്ഞിട്ടാണ് താൻ ഇപ്രകാരം ചെയ്തതെന്ന് ശരത് എസ് പിള്ള പൊലീസിന് മൊഴിനൽകി.
മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. പൊലീസ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിലുള്ള വിരോധം നിമിത്തം ശരത്തിനെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. സംഭവം പൊലീസ് അറിഞ്ഞെന്നു മനസ്സിലായപ്പോൾ ഇയാൾ ശരത്തിനെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം, പ്രതികളുടെ ഫോണുകൾ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ, പരിശോധനക്കയച്ചു. പൊലീസ് ഇൻസ്പെക്ടർ സജീഷ്, എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓമാരായ ഗിരീഷ് ബാബു, ജോബിൻ ജോൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്