- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡ്രൈവറില്ലാതെ കാറിൽ കൈയുംകെട്ടി യാത്ര ചെയ്യാമെന്ന മോഹത്തിനു വൻ തിരിച്ചടി; ടെസ്ലയുടെ ഡ്രൈവറില്ലാ കാർ മരക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി രണ്ടു യാത്രക്കാരും വെന്തുമരിച്ചു; അമേരിക്കയെ ഞെട്ടിച്ച ദുരന്തം ചർച്ചയാക്കി ലോകം
ന്യൂയോർക്ക്: സാരഥിയില്ലാതെ, യോദ്ധാവിന്റെ ചിന്തകൾ മനസ്സിലാക്കി സഞ്ചരിക്കുന്ന യുദ്ധത്തേരുകളെ കുറിച്ച് നാം ഒരുപാട് പുരാണങ്ങളിൽ വായിച്ചിട്ടുണ്ട്. അത്തരമൊരു കാര്യം യാഥാർത്ഥ്യമാക്കുവാൻ മനുഷ്യൻ ശ്രമം ആരംഭിച്ചിട്ട് പതിറ്റാണ്ടുകൾ ഏറെ പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 1920 മുതൽക്കാണ് ഓട്ടോമേറ്റഡ് ഡ്രൈവിങ് സിസ്റ്റം എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഡ്രൈവർ ഇല്ലാ വാഹനങ്ങളെ കുറിച്ച് മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നതും അത് യാഥാർത്ഥ്യമാക്കുവാനുള്ള ഗവേഷണ പദ്ധതികൾ ആരംഭിക്കുന്നതും. എന്നാൽ, ഇത്തരത്തിലുള്ള വാഹനമുപയോഗിച്ചുള്ള ആദ്യ പരീക്ഷണത്തിന് 1950 വരെ കാത്തുനിൽക്കേണ്ടതായി വന്നു.
മനുഷ്യരുടെ ഇടപെടലുകളില്ലാതെ, ചുറ്റുപാടുകൾ മനസ്സിലാക്കി സുരക്ഷിതമയി മുന്നോട്ടുപോകുന്ന വാഹനങ്ങളാണ് സെൽഫ് ഡ്രൈവിങ് കാറുകൾ, ഡ്രൈവർലെസ് കാറുകൾ എന്നൊക്കെ അറിയപ്പെടുന്നത്. നിരവധി വാഹന നിർമ്മാതാക്കൾ ഇത്തരത്തിലുള്ള വാഹനങ്ങളുടെ മാതൃകകൾ പരീക്ഷിച്ചിരുന്നു. ചിലത് അമ്പേ പരാജയമാണെങ്കിലും ചിലതെല്ലാം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിജയം നേടുകയുണ്ടായി. അത്തരത്തിലുള്ള ഒരു മോഡലായിരുന്നു ടെസ്ലയുടെ മോഡൽ എസ് എന്ന പൂർണ്ണമായും വൈദ്യൂതിയിൽ ചലിക്കുന്ന കാർ.
ഹൂസ്റ്റണിൽ ഈ മോഡലിൽ പെട്ട ഒരു കാർ മരക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിഅഗ്നിക്കിരയായതായി റിപ്പോർട്ടുകൾ വരുന്നു. ശനിയാഴ്ച്ച പ്രാദേശിക സമയം രാത്രി 11:25 ന് കാൾട്ടൺ വുഡ്സിലായിരുന്നു സംഭവം നടന്നത്. അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് ആരും വാഹനം ഓടിച്ചിരുന്നില്ലെന്നും അത് ഓട്ടോമാറ്റിക് മോദിൽ ആയിരുന്നു എന്നുമാണ് പൊലീസ് വെളിപ്പെടുത്തിയത്. ഒരു യാത്രക്കാരൻ കാറിന്റെ മുൻവശത്തുള്ള യാത്രക്കാരുടെ സീറ്റിലും മറ്റൊരാൾ പുറകിലെ സീറ്റിലും ഇരിക്കുകയായിരുന്നു.
അപകടമുണ്ടാകുന്ന സമയത്ത് വാഹനം അമിതവേഗത്തിലായിരുന്നു. ഒരു റോഡിന്റെ അവസാനത്തിൽ വരുന്ന വളവ് വളയുന്നതിനിടെ, നിയന്ത്രണം വിട്ട് വഴിയരികിലെ മരക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു ഈ കാർ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏകദേശം 32,000 ഗാലൺ വെള്ളം വേണ്ടിവന്നു ഈ കാറിലെ തീ അണയ്ക്കുവാൻ. ബാറ്ററികൾ പിന്നെയും പിന്നെയും സ്പാർക്കിങ് തുടരുന്നതിനാൽ, ഒരു സമയത്ത് ടെസ്ലാ കമ്പനി വിദഗ്ദരെ വിളിച്ച് അത് നിർത്തുവാനുള്ള ഉപദേശം തന്നെ തേടേണ്ടി വന്നു.
ടെസ്ല കാറുകൾ ഓട്ടോപൈലറ്റ് മോദിൽ ഉണ്ടായിരുന്നപ്പോൾ നടന്ന 23 അപകടങ്ങളെ കുറിച്ച് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അന്വേഷിക്കുകയാണ്. സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് വഴി മനസ്സിലാക്കിയാണ് ഈ മോദിൽ വാഹനം ഓടുന്നത്. വഴിയിലുള്ള തടസങ്ങളേയും മറ്റു വാഹനങ്ങളേയും തിരിച്ചറിയാനും അത് ഒഴിവാക്കി പോകുവാനും ഇതിന് കഴിയും. അതേസമയം, ഓട്ടോപൈലറ്റിങ് സംവിധാനമുള്ള വാഹനങ്ങൾ മറ്റുവാഹനങ്ങളേക്കാൾ 10 ശതമാനം കുറവു മാത്രമാണ് അപകടത്തിൽ പെടുന്നത് എന്ന് ടെസ്ലയുടെ സി ഇ ഒ എലൺ മസ്ക് പറയുന്നു.
എന്നാൽ, ടെസ്ല തങ്ങളുടെ വാഹനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാൻ ഉപഭോക്താക്കളെ ഗിനിപ്പന്നികളെ പോലെ പരീക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്നാണ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് കഴിഞ്ഞ മാസം പറഞ്ഞത്. പൊതു നിരത്തുകളിൽ ഉപയോഗിക്കുന്ന സെൽഫ് ഡ്രൈവിങ് വാഹനങ്ങളുടെ രൂപകൽപനയിലും അവയുടെ സാങ്കേതിക മികവിലും കൂടുതൽ കർശനമായ നിബന്ധനകൾ ആവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിൽ 16 തവണയായിരുന്നു ടെസ്ലയുടെ പേര് പരാമർശിച്ചിരുന്നത്.
മറുനാടന് ഡെസ്ക്