കണ്ണൂർ: സേലത്ത് വാഹനാപകടത്തിൽ രണ്ടുമലയാളി യുവാക്കൾ മരിച്ചു. ധർമപുരിയിലാണ് അപകടമുണ്ടായത്. കാഞ്ഞിരോട്ടെ റെസ്നീഫും (23) സഹലും(23) മാണ് മരണത്തിന് കീഴടങ്ങിയത്. ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്ന ഇരുവരും ബിസിനസ്സിലും ഒരുമിച്ചു. ഹോട്ടൽ ബിസിനസ്സിൽ പച്ച പിടിച്ചു വരവേ രണ്ട് പേരും ഒരുമിച്ച് തന്നെ യാത്രയാവുകയും ചെയ്തു. ഇരുവരുടെയും മരണം കൂട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കാനാവുന്നില്ല. ഇന്ന് രാവിലെ 10. 30 ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ചെറുപ്രായത്തിൽ തന്നെ നാട്ടിൽ കറങ്ങി സമയം കളയാതെ ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ്സിൽ ഏർപ്പെടുകയായിരുന്നു ഇരുവരും. നാട്ടുകാർക്ക് ഈ ചങ്ങാതിമാരെക്കുറിച്ച് വലിയ മതിപ്പും ഉണ്ടായിരുന്നു. ഹോട്ടൽ ബിസിനസ്സ് പച്ചപിടിക്കവേയാണ് ഈ കൂട്ടുകാർ ആക്സമികമായി വിട പറയുന്നത്.

ദേശവാസികളെല്ലാം മാതൃകയായി ചൂണ്ടിക്കാട്ടുന്ന യുവാക്കളായിരുന്നു ഇരുവരും. കാഞ്ഞിരോട് നസ്ര് മഹലിൽ റഫീക്കിന്റേയും നസ്ലിയയുടേയും മകനാണ് റെസ്നീഫ്. നഹർ കോളേജിനടുത്ത സാൽമിയയിൽ കെ.എം. ജബ്ബാറിന്റേയും ഫൗസിയയുടേയും മകനാണ് സഹൽ. കൂട്ടുകാരായ ഇവർ സഞ്ചരിച്ച ബൈക്കിൽ ട്രക്കിടിച്ചാണ് ്അപകടം സംഭവിച്ചത്. ധർമ്മപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണമടയുകയായിരുന്നു. കെ.എം. സി.സി. ഭാരവാഹികൾ സ്ഥലത്തെത്തി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചു. ധർമ്മപുരി ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ നാളെ (വ്യാഴാഴ്ച) രാവിലെ കാഞ്ഞിരോട്ടെ ഇരുവരുടേയും വസതികളിൽ കൊണ്ടുവരും. പൊതു ദർശനത്തിന് ശേഷം പഴയ ജമാ അത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.