- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ; പിടിയിലായത് കേരള മാവോയിസ്റ്റ് സംഘത്തലവൻ ബിജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവർ; നിലമ്പൂരിൽ പിടിയിലായ രാഘവേന്ദ്രനെ എൻഐഎ സംഘത്തിന് കൈമാറി; അന്വേഷണം തുടരുന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ്
കൽപ്പറ്റ: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂർത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണു തിങ്കളാഴ്ച രാവിലെ ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായത്.
കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വച്ചാണ് കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം. പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കുപ്പു ദേവരാജ് ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടതിനു ശേഷം കൃഷ്ണമൂർത്തിക്കായിരുന്നു കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ ചുമതല.
അറസ്റ്റിലായ ബി ജി കൃഷ്ണമൂർത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എൻഐഎ സംഘത്തിന് കൈമാറി.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളെ എങ്ങോട്ടേക്ക് മാറ്റിയെന്നതിനെ കുറിച്ച് പൊലീസ് മറുപടി നൽകിയിട്ടില്ല. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെരച്ചിൽ നടത്തുന്നതായാണ് വിവരം.
ഇവർക്ക് പുറമെ കമ്പമലയിൽ നിന്ന് മൂന്ന് പേരേയും തലപ്പുഴയിൽ നിന്ന് മറ്റ് ചിലരേയും എൻഐഎ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ