- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഐയുടെ നേതൃത്വത്തിൽ നൈറ്റ് പട്രോളിങ് സംഘം എത്തിയത് അടിപിടി നടക്കുന്നു എന്നറിഞ്ഞ്; പൊലീസ് എത്തിയിട്ടും കൊലവിളിച്ച് യുവാക്കളുടെ ആക്രോശം; പൊലീസ് വാഹനത്തിന്റെ ഡോർ നശിപ്പിച്ചു അഴിഞ്ഞാട്ടം; പ്രതികൾ റിമാൻഡിൽ
പത്തനംതിട്ട: അടിപിടി നടക്കുന്നതറിഞ്ഞു നിർദേശപ്രകാരം സ്ഥലത്തെത്തിയ എസ്ഐയുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് സംഘത്തെ തടയുകയും പൊലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്ത രണ്ട് യുവാക്കളെ പിടികൂടി. പ്ലാച്ചേരിയിൽ ഞായർ പുലർച്ചെ 1.30 നാണ് സംഭവം.
അടികലശൽ നടക്കുന്നതായി പട്രോളിങ്ങിനിടെ ലഭിച്ച വിവരം അന്വേഷിക്കാൻ പ്ലാച്ചേരിയിൽ എത്തിയ മണിമല എസ്ഐ വിദ്യാധരനെയും സംഘത്തെയും തടയുകയും പൊലീസ് വാഹനത്തിന്റെ മുന്നിലെ വലതുവശത്തെ വാതിൽ തകർക്കുകയും ചെയ്ത കേസിൽ മണിമല ആലപ്ര താഴത്തുമഠം രതീഷ് ചന്ദ്രൻ നായർ (34), മണിമല മൂക്കട തൊള്ളായിരക്കുഴിയിൽ പ്രദീപ് എന്ന തോമസ് വർഗീസ് ((35) എന്നിവരാണ് അറസ്റ്റിലായത്.
റാന്നി പൊലീസ് സ്റ്റേഷൻ അതിർത്തിയോട് ചേർന്നുള്ള പ്ലാച്ചേരിയിൽ നടന്ന സംഭവത്തിൽ, റാന്നി പൊലീസ് ഇവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. രണ്ടാം പ്രതി പൊലീസ് വാഹനത്തിന്റെ മുന്നിൽ കയറിനിന്ന് തടഞ്ഞസമയം, ഒന്നാം പ്രതി മുന്നിലെ വലതുവശത്തെ ലൈറ്റ് വലിച്ചിളക്കി കേടുപാട് വരുത്തി. എസ്ഐയും മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥരും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് ഇരുവരെയും കീഴടക്കിയത്. ഇതിനിടെ വിവരം റാന്നി പൊലീസിനെ അറിയിക്കുകയും ചെയ്തു.
യുവാക്കളുടെ മെഡിക്കൽ നടത്തിയശേഷം റാന്നി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. കേസെടുത്ത പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈകൊണ്ടത്. രതീഷ് മണിമല പൊലീസ് സ്റ്റേഷനിൽ, മനഃപൂർവമല്ലാത്ത നരഹത്യാശ്രമം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്.
തോമസ് വർഗീസ് പ്രദേശത്ത് സ്ഥിരം ശല്യക്കാരനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എ എസ് ഐ മനോജ്, എസ് സി പി ഓ ബിജു മാത്യു, സി പി ഓ അൽ സാഹിർ എന്നിവരാണ് റാന്നി പൊലീസിന്റെ അന്വേഷണസംഘത്തിലുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്