- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘമെത്തിയത് തലകറക്കമനുഭപ്പെട്ടയാളെ സഹായിക്കാൻ; ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് വിജനമായ സ്ഥലത്തേക്ക്; ഭീഷണപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു; നാലംഗ സംഘത്തിന്റെ രണ്ട് പേർ പിടിയിൽ
കോട്ടയം: തട്ടിപ്പിന് ഇപ്പോൾ രൂപവും ഭാവവും ഒന്നും ഇല്ലാതായിരിക്കുന്നു.സഹായത്തിക്കാനെന്ന് പറഞ്ഞ് എത്തുന്നവർ പോലും ഒടുവിൽ പറ്റിച്ച് കടന്നുകളയുന്നതാണ് അവസ്ഥ.സമാനരീതിയുള്ള ഒരു സംഭവമാണ് കോട്ടയത്തെ വടവാതൂരിൽ നിന്നും പുറത്ത് വരുന്നത്.തലകറക്കം അനുഭവപ്പെട്ട കെട്ടിടനിർമ്മാണത്തൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേന എത്തി 6,500 രൂപയും സ്വർണമാലയും സ്കൂട്ടറും അപഹരിച്ച കേസിൽ 2 യുവാക്കളെ അറസ്റ്റ് ചെയ്തു.
വടവാതൂർ പുത്തൻപുരയ്ക്കൽ ജസ്റ്റിൻ സാജൻ (20), മുട്ടമ്പലം സ്വദേശിയും മാന്നാനം കുട്ടിപ്പടി ഭാഗത്തു താമസിക്കുന്നയാളുമായ പരിയരത്തുശേരി ഡോൺ മാത്യു (25) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലംഗസംഘമാണ് തട്ടിപ്പിന് പിന്നിലെന്നും കേസിൽ 2 പേരെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുൻപ് രാത്രിയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴിയിൽ കെട്ടിടനിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു രജീഷ്. സംഭവദിവസം വെറ്റിലയും പുകയിലയും ചേർത്തു മുറുക്കിയ രജീഷിന് സ്കൂട്ടറിൽ യാത്രചെയ്യാൻ ഒരുങ്ങവേ തലകറക്കം അനുഭവപ്പെട്ടു. ഈ സമയം എത്തിയ ജസ്റ്റിനും ഡോണും ആശുപത്രിയിൽ എത്തിക്കാമെന്നു വിശ്വസിപ്പിച്ച് രജീഷിനെ സ്കൂട്ടറിൽ കയറ്റി റെയിൽവേ സ്റ്റേഷൻ ഗോഡൗൺ ഭാഗത്തെത്തിച്ചു കവർച്ച നടത്തുകയായിരുന്നു. ഇവരുടെ 2 സുഹൃത്തുക്കളും സഹായത്തിന് എത്തിയിരുന്നു.
രജീഷിന്റെ കാതിൽ ഉണ്ടായിരുന്ന സ്വർണ കടുക്കനും ഇവർ ഊരിയെടുത്തു. പിന്നീട് രജീഷിനെ ട്രാക്കിനു സമീപത്തേക്ക് തള്ളിയിട്ടശേഷം സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫ് പറഞ്ഞു.ആലപ്പുഴ എഴുപുന്ന സ്വദേശി രജീഷിന്റെ മാലയും സ്കൂട്ടറും ഉൾപ്പെടെയാണ് നഷ്ടമായത്.കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇരുവരും. പൊലീസ് വാഹനം അടിച്ചുതകർത്ത കേസിൽ പ്രതിയാണ് സാജൻ. ഈ കേസ് കോടതിയിൽ വിചാരണയിലാണ്.
പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽപോയി. ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഒന്നും രണ്ടും പ്രതികൾ പൊലീസ് പിടിയിലായത്. എസ്ഐമാരായ അനീഷ് കുമാർ, ചന്ദ്രബാബു, ഗ്രേഡ് എസ്ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ, രാജ്മോഹൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ