- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹലോ..പൊലീസ് കൺട്രോൾ റൂം..ഞങ്ങളുടെ പക്കൽ കുറച്ച് യുറേനിയം കിട്ടിയിട്ടുണ്ട്.. നിങ്ങൾക്ക് തന്നേക്കാം': വിളിച്ചവരെ കൈയോടെ പൊക്കി; 'യുറേനിയ'വുമായി രണ്ടു യുവാക്കൾ റാന്നി പൊലീസിന്റെ കസ്റ്റഡിയിൽ; സംഗതി ഒറിജിനൽ ആണോയെന്ന് അറിയാൻ പരിശോധന നടത്തും
പത്തനംതിട്ട: 'സമ്പുഷ്ട യുറേനിയ'വുമായി രണ്ടു യുവാക്കൾ റാന്നി പൊലീസിന്റെ കസ്റ്റഡിയിൽ. വലിയകുളം സ്വദേശികളായ പ്രശാന്ത്, സുനിൽ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇന്നലെ രാത്രി പൊലീസ് കൺട്രോൾ റൂമിലേക്ക് പ്രശാന്താണ് വിളിച്ച് തങ്ങളുടെ പക്കൽ യുറേനിയം ഉണ്ടെന്ന് അറിയിച്ചത്. തന്റെ പക്കൽ ഉള്ളത് യുറേനിയം ആണെന്ന് നെറ്റിൽ നോക്കിയപ്പോഴാണ് മനസിലായതെന്നും കൈവശം വച്ചിരിക്കുന്നത് അപകടമായതിനാൽ പൊലീസിന് കൈമാറാൻ തയാറാണെന്നുമാണ് പ്രശാന്ത് പറഞ്ഞത്.
ഇതിൻ പ്രകാരം പൊലീസ് പ്രശാന്തിന്റെ വീട്ടിലെത്തിയപ്പോൾ ഉമിക്കരിക്ക് സമാനമായ ഒരു പൊടി കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിരിക്കുന്നതാണ് കണ്ടത്. ഇത്തരമൊരു കുപ്പി സുനിലിന്റെ വീട്ടിലുമുണ്ടെന്ന് പറഞ്ഞു. അവിടെയെത്തിയ പൊലീസ് കുഴിച്ചിട്ട നിലയിലാണ് 'യുറേനിയം' കണ്ടെത്തിയത്. ഇത് യഥാർഥമാണോ എന്ന് അറിയാൻ കഴിയാത്തതിനാൽ പൊലീസ് ഇതു പിടികൂടിയ സ്ഥലത്ത് തന്നെ ബന്തവസിലാക്കിയിരിക്കുകയാണ്. പരിശോധിച്ച് നോക്കിയെങ്കിൽ മാത്രമേ യഥാർഥ യുറേനിയം ആണോയെന്ന് അറിയാൻ കഴിയൂ.
ആണവ പ്ലാന്റുകളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവാണ് യുറേനിയം. ഇത് കനത്ത സുരക്ഷയിൽ സൂക്ഷിക്കേണ്ട വസ്തുവാണ്. അത് പുറത്തൊരാളുടെ കൈയിൽ കണ്ടാൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സംഭവം അറിഞ്ഞതോടെ ജില്ലയിലെ മുഴുവൻ പൊലീസ് സേനയും അലെർട്ടായി റാന്നിയിലേക്ക് പാഞ്ഞു. അണുവികിരണം ഉള്ള വസ്തുവാണ് യുറേനിയം. ഇതിന്റെ റേഡിയേഷൻ എൽക്കുന്നത് കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകും. സുനിലിനെയും പ്രശാന്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മല്ലപ്പള്ളി സ്വദേശി വിജയകുമാറാണ് തങ്ങൾക്ക് ഇതു നൽകിയത് എന്നു പറഞ്ഞു.
ഒമ്പതു മാസം മുൻപ് വിജയകുമാറിനെയും കൂട്ടി കാറിൽപ്പോയി കൂടംകുളത്തിന് അടുത്തു നിന്നും വാങ്ങിയതാണ് ഇതെന്ന് ഇവർ പറഞ്ഞു. റൈസ് പുള്ളർ പോലെ ഒരു സാധനം ആണിതെന്ന് പറഞ്ഞാണ് പ്രശാന്തിനും സുനിലിനും കൈമാറിയത്. ഇതു കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിജയകുമാർ പറഞ്ഞുവത്രേ. പിന്നെ ഇത് വിൽക്കാനുള്ള ശ്രമങ്ങളായി. നിരവധി ഇടനിലക്കാർ വന്നെങ്കിലും നടന്നില്ല. ലക്ഷങ്ങൾ വില പറഞ്ഞെങ്കിലും ഇടനിലക്കാർ പണം കൊടുത്തില്ല. ഇത് സമ്പുഷ്ട യുറേനിയമാണെന്ന് വിവരിക്കുന്ന രണ്ട് സർട്ടിഫിക്കറ്റും ഇവരുടെ കൈയിലുണ്ട്. ഇതും വ്യാജനാണെന്നാണ് കരുതുന്നത്. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ആസൂത്രണ കമ്മിഷൻ ആണെന്നു പറയുന്നു. ഇന്നലെ കള്ള് മൂത്തപ്പോൾ തന്റെ കൈയിൽ 'യുറേനിയം' ഉണ്ടെന്ന് പ്രശാന്ത് മാതാവിനോട് പറയുകയായിരുന്നു. യുറേനിയമാണെങ്കിൽ അപകടമാണെന്ന് മാതാവ് പറഞ്ഞത് കേട്ട് ഇന്റർനെറ്റിൽ പരതിയ പ്രശാന്ത് ഇതിന്റെ അപകടം മനസിലാക്കി നേരെ 112 ൽ വിളിക്കുകയായിരുന്നു.
സംഗതി യുറേനിയം ആണെങ്കിലും അല്ലെങ്കിലും കുടുങ്ങിയിരിക്കുന്നത് പൊലീസാണ്. യുറേനിയം കൈ കൊണ്ട് തൊടാനോ കസ്റ്റഡിയിൽ എടുക്കാനോ പൊലീസിന് കഴിയില്ല. ഇത് ഒറിജിനൽ ആണോയെന്ന് പരിശോധിക്കണമെങ്കിൽ ആണവ ഉപകരണങ്ങളുമായി ബന്ധപ്പെട്ടവർ തന്നെ വരണം. ചവറ കെഎംഎംഎല്ലിനെ പൊലീസ് സമീപിച്ചപ്പോൾ അവർ കൈയൊഴിഞ്ഞു. ഫോറൻസിക് വിഭാഗത്തിനും പരിശോധിക്കാൻ പരിമിതികളുണ്ട്. ഈ വസ്തു യുറേനിയം ആണെന്ന് തെളിഞ്ഞാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവഗുരുതരമായ കുറ്റകൃത്യമാകും. യുവാക്കൾ മദ്യലഹരിയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞതാകാമെന്നും സംശയിക്കുന്നുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്