- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരനാക്കിയത് സിഎച്ച് മുഹമ്മദ് കോയ; ചിത്രകലയിലെ ഗുരു എം വി ദേവൻ; പല രചനകൾക്കും സമുദായത്തിൽ നിന്ന് ഉയർന്നത് വൻ എതിർപ്പ്; പുകസയുടെ പ്രസിഡന്റായത് അപ്രതീക്ഷിതമായി; ക്ലിക്കുകളിലും ഗ്രൂപ്പുകളിലും പെടാത്ത വിനീതൻ; യു എ ഖാദർ മലയാള സാഹിത്യത്തിലെ നന്മ മരം
കോഴിക്കോട്: ശരിക്കും മലയാള സാഹിത്യത്തിലെ നന്മ മരമായിരുന്നു അന്തരിച്ച എഴുത്തുകാരൻ യു എ ഖാദർ. സാധാരണ സാഹിത്യലോകത്ത് കാണുന്ന ക്ലിക്കുകളുടെയും ഗ്രൂപ്പുകളുടെയും ഭാഗമായിരുന്നില്ല അദ്ദേഹം. എഴുത്തുകാരുടെ എക്സെൻട്രിക്ക് സ്വഭാവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന, ആരോടും കലഹങ്ങളില്ലാത്ത എന്നാൽ തന്റെ നിലപാടുകൾ ഉറപ്പിച്ച് പറയാറുണ്ടായിരുന്നു വ്യക്തിയായിരുന്നു കോഴിക്കോട്ടുകാരുടെ ഖാദർക്ക.
തന്നെ എഴുത്തുകാരനാക്കിയത് ചെറുപ്പത്തിൽ അനുഭവിച്ച ഏകാന്തതയാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിരുന്നു. 1935ൽ ബർമ്മയിൽ കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻകുട്ടി ഹാജിക്ക് ബർമക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദർ .അമ്മ വസൂരി പിടിപെട്ട് മരിച്ചപ്പോൾ പലരുടെയും കാരുണ്യത്തിൽ വളർന്നു. രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോൾ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തിൽ എന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാർഥി ക്യാമ്പിൽ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിർബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ചുമലിലേറ്റി, ആലിപ്പഴംപോലെ വർഷിക്കുന്ന ബോംബുകൾക്കിടയിലൂടെ ആ മനുഷ്യൻ ഓടി. ആ ഓട്ടം കൊയിലാണ്ടിയിലാണ് അവസാനിച്ചത്.മഴക്കാലത്ത് പുതപ്പുവിൽക്കാൻ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാൻ ആരും ഉത്സാഹിച്ചില്ല. സ്നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെ ആ കുട്ടി വളർന്നു. വീട്ടിലെയും നാട്ടിലെയും ഒറ്റപ്പെടലിൽനിന്ന് അവൻ മോചനം നേടിയത് അക്ഷരങ്ങളിലൂടെയാണ്
മലയാളം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ബർമക്കാരൻ ബാലൻ സഹപാഠിക ളിൽ നിന്നും നാട്ടുകാരിൽ നിന്നും കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചാണ് വളർന്നത്. ജീവിതം മുഴുവൻ ഈ ഏകാന്തത തന്നെ പിന്തുടർന്നുവെന്ന് ഖാദർ ഓർക്കുന്നു. ബാപ്പയുടെ ഉമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലം. അവർ മരിച്ചതോടെ രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറി. സർപ്പക്കാവും കാഞ്ഞിരവും ചുറ്റിപ്പറ്റിയുള്ള കൊയിലാണ്ടിയിലെ ഗ്രാമമായിരുന്നു അത്. പലപ്പോഴും മുറിയിൽ ഒറ്റയ്ക്കിരുന്നു. നെയ്തുകാരുടെ തെരുവിലെ കുട്ടികളുമായി ചങ്ങാത്തം കൂടി. ഒപ്പം ജന്മവാസനയായ ചിത്രമെഴുത്തുമുണ്ടായിരുന്നു.
സിഎച്ച് സൃഷ്ടിച്ച എഴുത്തുകാരൻ
അക്കാലം യു എ ഖാദർ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. 'എലിമെന്ററി സ്കൂളിൽ പടിക്കുമ്പോൾ അയൽപക്കത്ത് ഒരു വലിയ കല്യാണം നടന്നു. കല്യാണം നടക്കുമ്പോ ആ കല്യാണത്തിന് സി എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. ആ കല്യാണത്തിന് ഒരു ഒറ്റപ്പെട്ടു നിൽക്കുന്ന കുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാൻ തന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'. അതാണ് ഞാൻ വായിക്കുന്ന ആദ്യത്തെ കൃതി.
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് അവിടെയുള്ള പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിച്ചത് ഞാനായിരിക്കും. അവിടുത്തെ സൗഹൃദത്തിന്റെ ഫലമായാണ് ആദ്യ കഥ എഴുതിയത്. എന്റെ ഉപ്പ രണ്ടാമതും കല്യാണം കഴിച്ചതിന് ഉപ്പയോടുള്ള വെറുപ്പും ഒക്കെകൂടി വച്ചാണ് ഈ കഥ എഴുതിയത്. എനിക്കു അക്കാലത്ത് അറിയാവുന്ന ഒരു പത്രാധിപർ സി എച്ച് മുഹമ്മദ് കോയയാണ്. ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. രണ്ടു മൂന്നു ആഴ്ച കഴിഞ്ഞപ്പോൾ ചന്ദ്രിക ആഴ്ചപതിപ്പിൽ ബാലപംക്തിയിൽ ഈ കഥ അച്ചടിച്ചു വന്നു. കൊയിലാണ്ടി യു എ ഖാദർ എന്നപേരിലാണ് വന്നത്. ഞാൻ എഴുതിയ കഥ എന്റെ ഉപ്പയോടും ബന്ധുക്കളോടും ഒക്കെയുള്ള പ്രതിഷേധം ഉള്ളതായിരുന്നു. ആ പ്രതിഷേധം ഒക്കെ മാറ്റിയിട്ടു മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നത്. അതുകഴിഞ്ഞു സി എച്ച് മുഹമ്മദ് കോയ പിന്നീട് കണ്ടപ്പോൾ 'എടോ ആരോടെങ്കിലും ഉള്ള ദേഷ്യം തീർക്കലല്ല കഥയെഴുത്ത്. വായിച്ച അറിവിലൂടെ തനിക്ക് ചുറ്റും കാണുന്ന ജീവിതത്തിൽ തനിക്ക് സ്ട്രൈക്കിങ് ആയിട്ടുള്ള സംഭവങ്ങൾ എഴുതുക'. ആന്റൺ ചെക്കോവിന്റെയും മോപ്പസാങ്ങിന്റെയുമൊക്കെ കഥകൾ വായിക്കണം എന്നൊക്കെ ഉപദേശിച്ചു.
പിന്നീട് ചന്ദ്രികയിൽ തന്നെ 'കണ്ണുനീർ കലർന്ന പുഞ്ചിരി' ചെറുകഥയുടെ പംക്തിയിൽ വന്നു. അത് ഞാൻ സ്കൂൾ ഫൈനലിൽ പഠിക്കുമ്പോഴാണ്. 1952 ൽ. അങ്ങനെ ഞാൻ ഒരു സാഹിത്യകാരനായി.എന്നാൽ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമില്ല. വീട്ടിൽ എഴുത്തെന്നുള്ള ഒരു ഏർപ്പാടില്ല. അവര് കച്ചവടക്കാർ, പഠിച്ചാൽ തന്നെ സ്കൂൾ ഫൈനൽ കഴിഞ്ഞാൽ മാമന്റെ പീടികയിലോ അല്ലെങ്കിൽ വേറേതെങ്കിലും പീടികയിലോ പോയി കച്ചവടത്തിന് സഹായിക്കുക, നല്ല കച്ചവടക്കാരാവുക. എഴുത്തുമായിട്ടു ഒരു ബന്ധവും ആർക്കും ഉണ്ടായിരുന്നില്ല.പഠനകാലത്തു തന്നെ നല്ല ചിത്രകാരൻ എന്ന ഖ്യാതി ഖാദർ നേടിയിരുന്നു. അദ്ദേഹം ഹൈസ്കൂൾ പഠനം കഴിഞ്ഞ് മദ്രാസിൽ ചിത്രകല പഠിക്കാൻ പോയി. മാതൃഭൂമിയിൽ ജോലി ചെയ്യു കയായിരുന്ന എം വി ദേവനെ ചെന്നു കണ്ട ഖാദറിന്റ ചിത്രങ്ങൾ ഇഷ്ടപ്പെട്ട അദ്ദേഹമാണ് സ്കൂൾ ഓഫ് ആർട്സിലെ ഡ്രോയിങ് വിഭാഗത്തിൽ ചേരാൻ കെ.സി. എസ്. പണിക്കർക്ക് കത്തുനൽകുന്നത്. അങ്ങനെയാണ് ഖാദർ മദിരാശിയിലെത്തുന്നത്.
എഴുത്തുകാരനെ സൃഷ്ടിച്ചത് മദിരാശി
യഥാർഥത്തിൽ യു.എ. ഖാദർ സാഹിത്യകാരനായി കൊണ്ടാടപ്പെടുന്നത് മദിരാശി ജീവിതത്തി നിടയിലാണ്. മദിരാശി കേരള സമാജവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതോടെ എം. ഗോവിന്ദനും കൊടുങ്ങല്ലൂരുമൊക്കെയായി അടുപ്പത്തിലായി. കെ.എ. കൊടുങ്ങല്ലൂരിന്റ നേതൃത്വത്തിൽ പുറത്തിറങ്ങിയ നവസാഹിതി കൈയെഴുത്തു മാസികയിൽ സഹകരിച്ച് പ്രവർത്തിച്ചു. ടി. പത്മനാഭനും എം.ജി.എസ്സും ഉൾപ്പെടെയുള്ളവർ സജീവമായിരുന്ന സാഹിത്യസഖ്യത്തിൽ അംഗമായി. ഏറെ ശ്രദ്ധിക്കപ്പെട്ട 'വിശുദ്ധപൂച്ച' എന്ന കഥയെഴുതുന്നത് മദിരാശിയി ജീവിതകാലത്താണ്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തെ നിന്ദിച്ചുവെന്നതിന്റ പേരിൽ 'വിശുദ്ധപൂച്ച' ഏറെ വി വാദമായി. നാട്ടിൽ അത് വലിയ പൊട്ടിത്തറിയുണ്ടാക്കിയതായും അദ്ദേഹം ഓർക്കുന്നു.
വിവാദത്തിന് പിന്നീട് ഒരു പഞ്ഞവുമുണ്ടായില്ല. ചങ്ങല എന്ന പേരിൽ ആദ്യമായെഴുതിയ നോവൽ വീണ്ടും വിവാദമായി. ആദ്യ അധ്യായത്തോടെ പ്രസിദ്ധീകരണം നിർത്തണമെന്ന് ശക്തമായ ആവശ്യമുയർന്നെങ്കിലും തുടർച്ചയായി എഴുതാൻ വാശിപിടിച്ചതും പ്രസിദ്ധീകരിച്ചതും സി.എച്ച്. മുഹമ്മദുകോയയാണ്. മദിരാശിയിൽ നിന്ന് പഠനം പൂർത്തിയാ ക്കാതെ നാട്ടിലേക്കു മടങ്ങിയ ഖാദർ പിന്നീ ട് പലജോലികളും ചെയ്ത് ഇന്ത്യ മുഴുവൻ അലഞ്ഞു. ബാംഗ്ളൂരിൽ ഹോട്ടൽ ജോലി ക്കാരനായി, സ്വന്തം നാട്ടിൽ കച്ചവടക്കാരനായി, ഹുക്കനിർമ്മാണത്തിന്റെ സ്വന്തം നാടായ കൊയിലാണ്ടിയിൽ ഹുക്കകളിൽ ചിത്രപ്പണി ചെയ്തു.
ഉള്ളിലുള്ള അനാഥത്വവും അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കാകർഷിച്ചു. ഇടതുപക്ഷത്തിന്റ പ്രപഞ്ചം വാരികയിൽ ജോലി നോക്കി. പിന്നീട് ആരോഗ്യവ കുപ്പിൽ ജോലി കിട്ടിയതോടെയാണ് ജീവിതം പച്ചപിടിച്ചത്. സാഹിത്യജീവിതത്തിൽ കോഴിക്കോട് ഒരു തട്ടകമായതും ഇക്കാലത്താണ്.1967 ൽ കോഴിക്കോട് ആകാശവാണി യിൽ ഡെപ്യൂട്ടേഷനിൽ വന്നതോടെയാണ് യു.എ. ഖാദർ എന്ന സാഹിത്യകാരന്റ ജീവിതത്തിലെ സുവർണകാലം ആരംഭിക്കുന്നത്. അന്ന് ആകാശവാണിയിലുണ്ടായിരുന്ന അക്കിത്തം, കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, ഉറൂബ്, തിക്കോടിയൻ-അങ്ങനെ കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ സാന്നിധ്യം യു. എ. ഖാദറിന് പുതിയ തട്ടകം സമ്മാനിച്ചു. കോഴിക്കോട്ട് വീടുവെക്കുന്നതും സ്ഥിരം കോഴിക്കോടൻ സാഹിത്യവേദികളിൽ സജീവസാന്നിധ്യമാകുന്നതും അന്നാണ്. ആദ്യമായി വീടിന് അഡ്വാൻസ് കൊടുത്തത് തിക്കോടിയനാണ്, ആ കാശ് അദ്ദേഹം തിരിച്ചു വാങ്ങിയതു പോലുമില്ല.
പുകസ പ്രസിഡന്റാകുന്നത് അപ്രതീക്ഷിതമായി
എംഎൻ വിജയനും കടമ്മനിട്ടക്കും ശേഷം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റാവാൻ എം എ ബേബി ക്ഷണിച്ചപ്പോൾ സത്യത്തിൽ താനും ഞെട്ടിയെന്നാണ് യു എ ഖാദർ പറയുന്നത്. ഏതെങ്കിലും ഒരു പാർട്ടിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധം അതുവരെ ഉണ്ടായിരുന്നില്ല. താൻ ഒരു നല്ല സംഘാടകൻ അല്ല എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിയാൻ നോക്കിയെങ്കിലും ബേബി അടക്കമുള്ളവർ വിട്ടില്ല. അങ്ങനെയാണ് അദ്ദേഹം പുകസയുടെ പ്രസിഡന്റാകുന്നത്. ഇത് രാഷ്ട്രീയത്തിലും വലിയ വിവാദം ഉണ്ടാക്കി. വാടകക്കെടുത്ത പ്രസിഡന്റ് എന്നായിരുന്നു അദ്ദേഹത്തെ അന്ന് സിപിഎം വിമതരും ആർഎംപിക്കാരുമൊക്കെ ആക്ഷേപിച്ചത്. പക്ഷേ വിശാലമായ മാനവികതുടെ ഭാഗമാണ് എന്നല്ലാതെ സിപിഎം കക്ഷി രാഷ്ട്രീയവുമായി അദ്ദേഹം ഒരു ബന്ധവും പ്രകടിപ്പിച്ചില്ല. പുകസയുടെ പ്രസിഡന്റ് എന്ന് പേരിൽ അക്കാദമികളിലും മറ്റുമായി ഒരു അനർഹ സ്ഥാനവും അദ്ദേഹം കൈപ്പറ്റിയുമില്ല.
ലാളിത്യത്തിന്റെയും വിനയത്തിന്റെ ആൾരൂപമായിരുന്നു ഖാദർക്ക. കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ വോട്ടുമായി ഉണ്ടായ ഒരു വിവാദവും വാർത്തയായിരുന്നു. ഖാദർ ഈ മണ്ഡലത്തിലെ വോട്ടർ അല്ല എന്ന് പറഞ്ഞ് ഒരാൾ പരാതി നൽകിയതാണ് വിവാദമായത്. 'ഞാൻ യു.എ. ഖാദർ, ഈ മണ്ഡലത്തിലെ താമസക്കാരനാണ്. ഇതാണ് രേഖകൾ. 50 വർഷമായി ഞാനിവിടെ പൊക്കുന്നിലെ അക്ഷരം വീട്ടിൽ താമസക്കാരനാണ്.'രാവിലെ 11.45 ന് സിവിൽ സ്റ്റേഷനിൽ ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ എ.എം. പ്രേംലാലിന്റെ ഓഫിസിലെത്തിയ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ഓഫിസിലെ ജീവനക്കാർ ആദരവോടെ, ഇരിക്കാൻ കസേര നീട്ടി. അദ്ദേഹം തനിക്കു ലഭിച്ച കത്ത് ഉദ്യോഗസ്ഥർക്കു നൽകി. യു.എ. ഖാദർ പൊക്കുന്നിലെ അക്ഷരം വീട്ടിൽ താമസിക്കുന്നില്ലെന്നും ഇവിടെ വോട്ടവകാശം നൽകരുതെന്നും കാണിച്ച് ശരത് കുമാർ എന്നൊരാൾ നൽകിയ പരാതിയിൽ ഇലക്ടറൽ രജിസ്റ്റ്രേഷൻ ഓഫിസർ മുൻപാകെ നേരിട്ടു ഹാജരായി തെളിവുകൾ ഹാജരാക്കാനാണ് കത്തിൽ പറയുന്നത്.
'സർ ഈ മണ്ഡലത്തിലെ വിഐപി വോട്ടറാണ്. ഒന്നു ഫോൺ ചെയ്താൽ മതിയായിരുന്നു' ഉദ്യോഗസ്ഥർ പറഞ്ഞു.അതു മതിയാകും, പക്ഷേ, വോട്ടവകാശം അത്ര നിസ്സാരമായി കാണാവുന്നതല്ലല്ലോ' ഖാദറിന്റെ മറുപടി. തഹസിൽദാർ വൈകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ കാത്തിരിക്കാൻ തയാറാണെന്ന് സാഹിത്യകാരൻ പറഞ്ഞു. പരാതിക്കാരനായ ശരത് കുമാറിനും തെളിവ് ഹാജരാക്കാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും അയാൾ ഹാജരായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട നടപടി ക്രമം പൂർത്തിയാക്കി, വോട്ട് ഉറപ്പാക്കി ഖാദർ മടങ്ങി.പക്ഷേ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോലും കഴിയാതെ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഖാദർക്ക വിടവാങ്ങി.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ