ഇത് ചരിത്രത്താളുകളിൽ ഇടം പിടിക്കുന്ന നാൾ; ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ ഒപ്പുവച്ചു; ഉഭയകക്ഷിസഹകരണത്തിൽ തുറക്കുന്നത് പുതിയ അദ്ധ്യായം; കരാർ ഒപ്പുവച്ചത് വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ; യുഎഇയും ബഹ്‌റൈനും, ഈജിപ്റ്റിനും ജോർദ്ദാനും ശേഷം ഇസ്രയേലുമായി കരാറിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും രാഷ്ട്രങ്ങൾ; മൂന്നുരാജ്യങ്ങളെയും ഒന്നിപ്പിച്ചത് മേഖലയിൽ ഇറാന്റെ വർദ്ധിച്ച് വരുന്ന സ്വാധീനം; ട്രംപിന് ഇത് ഉജ്ജ്വലനയതന്ത്ര വിജയം
- Share
- Tweet
- Telegram
- LinkedIniiiii
വാഷിങ്ടൺ: ഇസ്രയേലുമായി സാധാരണ ബന്ധം പുനഃസ്ഥാപിക്കാൻ യുഎഇയും ബഹ്‌റൈനും സമാധാന കരാറിൽ ഒപ്പിട്ടു. കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചടക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും ഇസ്രയേൽ താൽക്കാലികമായി നിർത്തി വയ്ക്കും. ഇസ്രയേലുമായി യുഎഇയും ബെഹ്റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാർ വഴിതുറക്കും. കരാർ ഒപ്പുവച്ചത് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലതീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെയാണ് പതിറ്റാണ്ടുകളായി ഇസ്രയേലുമായുള്ള അകൽച്ച യുഎഇയും ബഹ്‌റൈനും അടുപ്പിച്ചിരിക്കുന്നത്. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തതുകൊണ്ട് തന്നെ ഫലസ്തീൻ, കരാറിനെ സ്വാഗതം ചെയ്തിട്ടില്ല.
1979 ൽ ഈജിപ്റ്റിനും 1994ൽ ജോർദ്ദാനും ശേഷം ഇസ്രയേലുമായി കരാറിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. ഇസ്രയേലുമായി മധ്യപൂർവദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾകൂടി വൈകാതെ കരാറിലൊപ്പിടുമെന്ന് ട്രംപ് ഓവൽ ഓഫീസിൽ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. എന്നാൽ, അത്തരം ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സൗദി അറേബ്യയുടെ ഭരണാധികാരികളുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ ബാൽക്കണിയിൽ നിന്ന് കൊണ്ട് ട്രംപ് പറഞ്ഞു: 'ഇന്ന് ഈ വൈകുന്നേരം നമ്മൾചരിത്രത്തിന്റെ ഗതി മാറ്റിയെഴുതും'. അമേരിക്കയുടെയും ഇസ്രേയലിന്റെയും യുഎഇയുടെയും ബഹ്‌റൈന്റെയും പതാകകൾ ചടങ്ങിൽ പാറിപ്പറന്നു. 'എല്ലാ പശ്ചാത്തലത്തിൽ നിന്നുള്ളവരും, വിശ്വാസത്തിൽ നിന്നുള്ളവരും സമാധാനത്തിലും സമൃദ്ധിയിലും കഴിയുന്നതിനുള്ള സുപ്രധാന ചുവട് വയ്പാണ്' ഇതെന്ന് ട്രംപ് പറഞ്ഞു. ഈ മൂന്നുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കാൻ പോകുകയാണെന്നും അവർ സുഹൃത്തുക്കളായെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ മാസം 13നാണ് യുഎഇ, ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടർന്ന് ഈ മാസം 11 ന് ബഹ്‌റൈനും യുഎഇയുടെ പാത സ്വീകരിച്ചു.
ട്രംപിന്റെ നയതന്ത്രവിജയം
മധ്യപൂർവദേശത്തെ രണ്ടുരാജ്യങ്ങളെ ഇസ്രയേലിനോട് അടുപ്പിക്കാൻ കഴിഞ്ഞത് ട്രംപിന്റെ വലിയ നയതന്ത്രവിജയമായി വിലയിരുത്തേണ്ടി വരും. ഉത്തരകൊറിയയുടെ ആണവപരിപാടി അവസാനിപ്പിക്കുന്നതടക്കം നടക്കാത്ത കാര്യങ്ങൾ പ്രവചിച്ച ട്രംപിന് തന്റെ ഭരണകാലത്ത് യഥാർത്ഥത്തിൽ അഭിമാനിക്കാവുന്ന നേട്ടം.
മേഖലയിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഈ രാജ്യങ്ങളെ തമ്മിൽ അടുപ്പിച്ചതിൽ വലിയൊരു ഘടകം. ബാലിസ്റ്റിക് മിസൈൽ വികസനത്തിലൂടെയും മറ്റും ഇറാൻ പതിവായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രേയലുമായുള്ള കരാറുകളെ അവർ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു.
മേഖലയിൽ സംഘർഷം അവസാനിക്കുന്നില്ല
ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം ഇനിയും അകലെയാണ്. അതുകൊണ്ട് തന്നെ മേഖലയിൽ സംഘർഷം തുടരും. വാഷിങ്ടണിൽ കരാർ ഒപ്പിടുന്ന ചടങ്ങ് നടക്കുന്നതിനിടെ ഗസ്സയിൽ റോക്കറ്റാക്രമണത്തിന്റെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ