- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതിക്കാരൻ അടുത്തിരുന്ന് ഭക്ഷണം കഴിച്ചു എന്നാക്രോശിച്ച് ക്രൂര മർദ്ദനം; മൂക്ക് തകർന്ന് അബോധാവസ്ഥയിലായിട്ടും കോൺട്രാക്ടർ ഉദയൻ തൊഴിലാളിയായ സുധർമ്മനെ മർദ്ദിച്ചത് പൈശാചികമായി; ജീവൻ രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാർക്ക് നേരെയും ഭീഷണി; കടയ്‌ക്കോട് ഉദയനെ തൊടാൻ പൊലീസിനും പേടി
കൊല്ലം: ജീവിത സാഹചര്യം മൂലം കുറഞ്ഞ വേതനത്തിൽ തൊഴിൽ എടുക്കേണ്ടി വരുന്ന ഹരിജൻ തൊഴിലാളികൾക്ക് വേതന നിഷേധവും ക്രൂര പീഡനവും. കൊല്ലം കരീപ്ര പഞ്ചായത്തിൽ കടയ്‌ക്കോട് ഉദയാ സദനത്തിൽ ടി.ഉദയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കർണ്ണാടകയിലെ ഗ്രാമ പ്രദേശങ്ങളിൽ കിണർ പണിയുടെ കോൺട്രാക്ടറായ ഉദയൻ കടയ്‌ക്കോട് കുടവട്ടൂർ മേഖലകളിലെ സാമ്പത്തിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ ഹരിജൻ യുവാക്കളെയാണ് തൊഴിൽ എടുപ്പിക്കാനായി കർണ്ണാടകയിലേക്ക് കൊണ്ട് പോകുന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന തൊഴിലാളികൾക്ക് ക്രൂര പീഡനങ്ങളാണ് ജോലി സ്ഥലത്ത് നേരിടേണ്ടി വരുന്നത്. വേതനം ചോദിക്കുമ്പോൾ ജാതീയമായ അധിക്ഷേപിച്ചും മർദ്ദനം നത്തിയും പറഞ്ഞ് വിടുകയുമാണ് പതിവ്. ധാരാളം തൊഴിലാളികൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. കുടവട്ടൂർ സ്വദേശി കെ.എം സുധർമ്മൻ പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡിസംബർ 22 നാണ് കുടവട്ടൂർ സ്വദേശികളായ കെ.എം സുധർമ്മൻ,സുഭാഷ് എന്നിവരെ ഉദയൻ കിണർ പണിക്കായി കർണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കർണ്ണാടകയിലെ കാർവാർ ജില്ലയിൽ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്. കിണറിന്റെ തൊടിയിറക്കുന്ന പണിയായിരുന്നു ഇരുവർക്കും. കോൺട്രാക്ടർ ഉദയൻ ഏർപ്പാടാക്കിയ സ്ഥലത്താണ് താമസം നൽകിയിരുന്നത്. ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി സുധർമ്മൻ പാചകം ചെയ്ത ഭക്ഷണം എല്ലാവും ഒരുമിച്ചിരുന്ന് കഴിക്കവെ കോൺട്രാക്ടർ ഉദയന് സമീപം ഭക്ഷണവുമായി ഇരുന്ന സുധർമ്മനെ കുറവൻ എന്റെയടുത്ത് ഇരിക്കുന്നോ എന്ന് ആക്രോശിച്ച് കൊണ്ട് അടിക്കുകയായിരുന്നു. മുഖത്ത് അടിയേറ്റ സുധർമന്റെ മൂക്ക് തകർന്ന് രക്തം വരുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.
ബോധരഹിതനായി വീണ സുധർമ്മനെ നിലത്തിട്ട് ചവിട്ടുകയും ചെയ്ത ഉദയൻ പൈശാചികമായ അക്രമങ്ങളാണ് നടത്തിയത്. അക്രമം തടയാൻ എത്തിയ മറ്റ് തൊഴിലാളികളെയും കോൺട്രാക്ടർ മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ ഭയന്ന് അവശനിലയിലായ സുധർമ്മനുമായി രക്ഷപ്പെടാൻ ശ്രമിച്ച സുഭാഷ്, ബാബു എന്നീ തൊഴിലാളികളെ ഉദയൻ തടയുകയും വസ്ത്രങ്ങളടങ്ങിയ ബാഗും മൊബൈൽ ഫോണും കൈവശപ്പെടുത്തി. ബന്ധികളായ തൊഴിലാളികളെ ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊൺട്രാക്ടറുടെ കൊലവിളിയിൽ ഭയന്ന തൊഴിലാളികൾ അബോധാവസ്ഥയിലായ സുധർമ്മനെയും താങ്ങിയെടുത്ത് 20 കിലോമീറ്ററോളം നടന്ന് തൊട്ടടുത്തെ റെയിൽവെ സ്‌റ്റേഷനിൽ എത്തുകയും. പലരിൽ നിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് ട്രെയിൻ മാർഗം കണ്ണൂരിൽ എത്തുകയായിരുന്നു.
കണ്ണൂരിൽ വെച്ച് പൊലീസിനോട് സംഭവിച്ച കാര്യങ്ങൾ വിവരിക്കുകയും, പൊലീസ് നിർദ്ദേശാനുസരണമാണ് പൂയപ്പള്ളി സ്റ്റേഷനിൽ പരാതി നൽകിയത്. കണ്ണൂരിൽ പൊലീസുകാർ പിരിവിട്ട് നൽകിയ പണം ഉപയോഗിച്ചാണ് മൂവരും സ്വദേശമായ കൊല്ലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ സുധർമ്മനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സുധർമ്മൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികത്സതുടരുകയാണ്. പരിക്ക് മൂലം ഒരു ജോലിക്കും പോകാൻ കഴിയാത്ത അവസ്ഥിലാണ് സുധർമ്മൻ.
സാമ്പത്തികമായ പ്രശ്‌നങ്ങൾ അലട്ടുന്നവരെ കണ്ടെത്തി സാഹചര്യം ചൂഷണം ചെയ്യുന്ന കോൺട്രാക്ടർ ഉദയനെതിരെ മുൻപും വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്തു കർണ്ണാടകത്തിലേക്ക് കൊണ്ട് പോകുകയാണ് ഉദയൻ ചെയ്യുന്നത്. കഠിനമായ തൊഴിലിന് വേതനം ചോദിക്കുന്ന നിർധനരായ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും നാട്ടിലേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. പണത്തിനായി രാപ്പകൽ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് അവസാനം ലഭിക്കുന്നത് ക്രൂര മർദ്ദനവും ജാതീയമായ അധിക്ഷേപവുമാണ്. പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്ത് തൊഴിലെടുപ്പിക്കുന്ന ഉദയനെതിരെ പരാതികൾ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
സുധർമ്മന്റെ പരാതിയിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദയൻ നടത്തുന്ന പീഡനങ്ങൾ കർണ്ണാടകയിലെ ഉൾഗ്രാമങ്ങളിലായതിനാൽ മർദ്ദനങ്ങളും ജാതീയ അധിക്ഷേപങ്ങളും സഹിച്ച് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ ഉണ്ടെന്നാണ് വിവരം. തിരിച്ച് നാട്ടിലെത്താൻ പണവും വീട്ട്കാരുമായി ബന്ധപ്പെടാൻ ഫോണുമില്ലാത്ത തൊഴിലാളികൾക്ക് നരക തുല്യമായ ജീവിതവും അടിമ പണിയുമാണ് വിധച്ചിരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും കൊല്ലുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയുമാണ് ഉദയൻ ജോലിയെടുപ്പിക്കുന്നത്.
മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘമാണ് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യത്വമില്ലാത്ത കോൺട്രാക്ടറുടെ പ്രവർത്തികൾക്കെതിരെ വ്യാപകമായ ജനരോക്ഷമാണ് ഉണർന്നിരിക്കുന്നത്. ഉദയൻ നാട്ടിലില്ല എന്ന ന്യായമാണ് അന്വേഷണത്തിന്റെ മെല്ലപ്പോക്കിന് പൊലീസ് പറയുന്ന ന്യായം. ഹരിജൻ വിഭാഗത്തിലുള്ളവരെയാണ് ഉദയൻ കൂടുതലായും ജോലിക്ക് തിരഞ്ഞെടുക്കുന്നത്. പാവപ്പെട്ട കുടുംബത്തിലെ യുവാക്കളെ സാഹചര്യം മുതലെടുത്ത് പണിയെടുപ്പിച്ച് പണം നൽകാതെ മർദ്ദിച്ച് ഓടിക്കുന്ന ഉദയനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ക്രൂരനായ കോൺട്രാക്ടർക്കെതിരെ നടപടിയെടുക്കാൻ പൊലീസും മടിക്കുകയാണ്.