- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയത് മുഖ്യമന്ത്രിയായുള്ള അവസാന തീരുമാനം; പിന്നാലെ ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാമെന്ന് വൈകാരികമായി പറഞ്ഞ് രാജി പ്രഖ്യാപനം; മറാത്ത വികാരം ജ്വലിപ്പിച്ചു പാർട്ടിയെ രക്ഷിക്കാൻ വഴിതേടി ഉദ്ധവ് താക്കറെ; ജനവികാരം അനുകൂലമാക്കാൻ ശ്രമം
മുംബൈ: മുഖ്യമന്ത്രി സ്ഥാനം കൈവിട്ട ഉദ്ധവ് താക്കറെക്ക് ശിവസേന എന്ന പാർട്ടിയെ ഇനി സ്വന്തം കൈപ്പിടിയിൽ ആക്കാൻ സാധിക്കുമോ? ഭൂരിപക്ഷം എംൽഎമാരും വിമതർക്കൊപ്പം ആയ സ്ഥിതിക്ക് ഇനി ആരാണ് ഔദ്യോഗിക ശിവസേന എന്ന സംശയം പോലും ഉയർന്നു കഴിഞ്ഞു. വരും നാളുകളിൽ കോടതി കയറാൻ സാധ്യതയുള്ള വിഷയമായി ഇത് മാറിയേക്കും. അതേസമയം മറാത്ത വികാരം ഉയർത്തി അണികളെ ഒപ്പം തീർത്താനുള്ള ശ്രമങ്ങളിലാണ് ഉദ്ധവ്. ജനവികാരം തനിക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളിലേക്ക് അദ്ദേഹം കടന്നു കഴിഞ്ഞു.
തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തിലും ഉദ്ധവ് വൈകാരിക കളിക്കിറങ്ങുന്ന കാര്യമാണ് സൂചിപ്പിക്കു്നത്. മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.
''എന്നെ പിന്തുണച്ച എൻസിപി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. അപ്രതീക്ഷിതമായ രീതിയാണ് ഞാൻ അധികാരത്തിലെത്തിയത്. എന്നാൽ പുറത്തേക്കു പോകുന്നതു പതിവു രീതിയിലാണ്. ഞാൻ എങ്ങോട്ടും പോകില്ല, ഞാൻ ഇവിടെയുണ്ടാകും. ഒരിക്കൽ കൂടി ശിവസേനാ ഭവനിൽ ഇരിക്കും. എന്റെ ആളുകളോടൊപ്പം ഒത്തുചേരും.
അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ആളല്ല ഞാൻ. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല. ഞാൻ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്. ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാം. ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദേശിച്ച പേരുകളാണിത്'' ഉദ്ധവ് താക്കറെ പറഞ്ഞു.
'സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിച്ച് സൂറത്തിലേക്ക് പോകുന്നതിന് മുൻപ് വിമത എംഎൽഎമാർ ഞങ്ങളുടെ അടുത്തേക്ക് വരുകയും ഞങ്ങളോട് സംസാരിക്കുകയും ചെയ്യണമായിരുന്നു. അതുണ്ടായില്ല. എങ്കിലും നിങ്ങളുടെ വികാരത്തെ ഞാൻ ബഹുമാനിക്കുന്നു. ശിവജി മഹാരാജിന്റെ പാരമ്പര്യം താൻ കാത്തുസൂക്ഷിക്കും. രണ്ടരവർഷക്കാലം സംസ്ഥാനത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും താൻ പ്രവർത്തിച്ചു. അതിൽ സംതൃപ്തിയുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
പോരാട്ടം തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പേർ തന്നെ സമീപിച്ചിട്ടുണ്ട്. ഇന്ന് നിയമവ്യവസ്ഥ തന്നെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. അത് നാം അനുസരിക്കണം. നമ്മൾ ഉയർത്തി വളർത്തിയവർ നമ്മെ വഞ്ചിച്ചു. അപ്രതീക്ഷിതമായാണ് താൻ അധികാരത്തിലേക്കെത്തിയത്. സമാനമായ രീതിയിൽ തന്നെ പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നാൽ എന്നന്നേക്കുമായല്ല പോവുന്നത്. താൻ ഇവിടെ ഉണ്ടാവും. ഒരിക്കൽ കൂടി ശിവസേന ഭവനിൽ ഇരിക്കും. എല്ലാവരേയും വിളിച്ചുകൂട്ടും. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവ് താൻ ഒഴിഞ്ഞത്. ഇന്ന് ഈ ബുധനാഴ്ച മുഖ്യമന്ത്രി പദം തന്നെ ഒഴിയുന്നു. ഈ അവസരത്തിൽ അവർക്കിടയിൽ അകപ്പെടരുതെന്ന് ശിവസൈനികരോട് താൻ ആവശ്യപ്പെടുകയാണ്, അവർ ആഘോഷിക്കട്ടെ..
ശിവസേന അധ്യക്ഷനെ നീക്കാനുള്ള ശിവസേന എംഎൽഎമാരുടെ ശ്രമം നടക്കുന്ന ഈ വിശ്വാസ വോട്ടെടുപ്പ് ഗെയിം വീണ്ടും എനിക്ക് കളിക്കേണ്ടതില്ല നാളെ ചൊരിയപ്പെട്ടേക്കാവുന്ന ശിവസൈനികരുടെ രക്തത്തിൽ എനിക്ക് ഒരു കൈയും വേണ്ട. അതിനാൽ ഞാൻ സ്ഥാനമൊഴിയുന്നു' രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് ഉദ്ധവ് കൂട്ടിച്ചേർത്തു.
ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തിന് ശേഷവും ശിവസേന വക്താവിന്റെ പ്രതികരണവും സമാനമായ വിധത്തിലായിരുന്നു. സംസ്കാര സമ്പന്നനും മൃദുല ഹൃദയനുമായ ഒരു മുഖ്യമന്ത്രിയെ മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരിക്കുന്നു. മാന്യമായിട്ടാണ് ഉദ്ധവ് പടിയിറങ്ങിയതെന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
'വഞ്ചകർക്ക് സന്തോഷകരമായ അന്ത്യം ഉണ്ടാവില്ലെന്നാണ് ചരിത്രം പറയുന്നത്. ഇത് ശിവസേനയുടെ മഹാവിജയത്തിന്റെ തുടക്കമാണ്. നമ്മൾ മർദിക്കപ്പെട്ടേക്കാം, ജയിലിലേക്ക് അയക്കപ്പെട്ടേക്കാം എങ്കിലും ബാലാസാഹേബിന്റെ ശിവസേന ജ്വലിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വരും ദിവസങ്ങളിൽ രാഷ്ട്രീയ റാലികളുമായി സജീവമാകാനാണ് ഉദ്ധവിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബാൽതാക്കറെ വളർത്തിയ പാർട്ടിയെ ബിജെപിക്ക് അടിയറ വെക്കാൻ സമ്മതിക്കില്ലെന്ന വിധത്തിലുള്ള പ്രചരണവുമായി മുന്നോട്ടു പോകാനാണ് ഉദ്ധവിന്റെ നീക്കം.
മറുനാടന് ഡെസ്ക്