തിരുവനന്തപുരം: പണി വരുന്നുണ്ട് അവറാച്ച എന്നു പറഞ്ഞത് പോലെ പണി വരുമോ അവറാച്ച എന്നാണ് ഇപ്പോൾ യുഡിഎഫ് പ്രവർത്തകർ പരസ്പരം ചോദിക്കുന്നത്.കാരണം കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടയ്ക്ക് വിവിധ രാഷ്ട്രിയകേസുകളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം യുഡിഎഫ് പ്രവർത്തകരാണ്.യു.ഡി.എഫ്. സർക്കാർ വരുമെന്നും ഗുരുതര ചാർജുകളുള്ളവ ഒഴിച്ച് ഭൂരിഭാഗം കേസുകളും പിൻവലിക്കുമെന്നും ഇവർ പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ ചെയ്യുന്ന സമരത്തിന്റെ പേരിലുള്ള കേസുകൾ ഭരണത്തിലെത്തുമ്പോൾ പിൻവലിക്കുന്ന രീതി കാലങ്ങളായുണ്ട്.

എന്നാൽ ഭരണത്തുടർച്ച യാഥാർത്ഥ്യമായതോടെ ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പ്രവർത്തകർ. ക്രിമിനൽ കേസിൽ പെട്ടവർക്ക് സർക്കാർ ജോലിക്ക് തടസ്സമുണ്ട്. പാസ്‌പോർട്ട് കിട്ടുകയാണെങ്കിൽ തന്നെ ഒരു വർഷത്തേക്ക് മാത്രം. അതിനുതന്നെ ഏതൊക്കെ കോടതിയിൽ കേസുണ്ടോ അവിടെനിന്നെല്ലാം തടസ്സമില്ലാ പത്രം വേണംതാനും. വിദേശത്ത് ജോലി തേടുന്നവർക്ക് ഒരുവർഷ കാലാവധിയുള്ള പാസ്‌പോർട്ടുകൊണ്ട് കാര്യമില്ല.

കേസ് നടത്തിപ്പും പിഴകെട്ടലും വലിയ ബാധ്യതയാകുമെന്ന് ഇവർ ഭയക്കുന്നു. പാസ്‌പോർട്ട്, ജോലി തുടങ്ങിയവയ്ക്ക് പൊലീസിന്റെ തടസ്സമില്ലാപത്രം കിട്ടാനും പ്രയാസമാകും.ഇങ്ങനെ വലിയ കടമ്പ തന്നെ പ്രവർത്തകർക്ക് മുന്നിലുണ്ട്. സാധാരണയായിരാഷ്ട്രീയസമരങ്ങളിൽ മിക്കവാറും കേസുകളിൽ സർക്കാർ അഥവാ പ്രോസിക്യൂഷനാകും പരാതിക്കാരൻ. പ്രോസിക്യൂഷന് പരാതിയില്ലെന്ന് എഴുതിക്കൊടുത്ത് കോടതിയുടെ അനുമതിയോടെ കേസുകൾ പിൻവലിക്കുകയായിരുന്നു രീതി. യുഡിഎഫ്അധികാരത്തിൽ എത്തിയാൽ ഇങ്ങനെ കേസ് തീർക്കാമെന്നായിരുന്നു ചിന്ത.

സമീപകാലത്ത് സുപ്രീംകോടതി ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ സർക്കാരിന് തോന്നിയതുപോലെ കേസുകൾ പിൻവലിക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ടെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.അതിനാലാണ് നിയമസഭയിലെ അതിക്രമ കേസ് പിൻവലിക്കാൻ കഴിയാത്തത്.എങ്കിലും വഴിതടയൽ, സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തൽ തുടങ്ങിയവയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ തടസ്സമുണ്ടാകാറില്ല.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 143 (അന്യായമായി സംഘം ചേരൽ), 283 (മാർഗതടസ്സം സൃഷ്ടിക്കൽ), 147 (ആയുധം ഉപയോഗിക്കൽ-സാധാരണ സമരങ്ങളിൽ കല്ലെറിയൽ) തുടങ്ങിയ വകുപ്പുകളാണ് ചുമത്താറ്്. ഇതിനുപോലും 500 രൂപ മുതലാണ് പിഴ. പൊലീസുമായി ബലംപിടിത്തമുണ്ടാകുന്ന കേസിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലിന് 353-ാം വകുപ്പ് ചുമത്തും. മൂന്നുവർഷം തടവ് ലഭിക്കുന്ന കുറ്റമാണിത്. പൊലീസിന് പരിക്കേൽക്കുന്ന സംഭവങ്ങളിൽ ഏഴുവർഷം വരെ തടവ് കിട്ടാവുന്ന 332-ാം വകുപ്പ് ചേർക്കും.

കേസിന്റെ എണ്ണം വർധിപ്പിച്ചതിൽ ഒരു പ്രധാന പങ്ക് കോവിഡിനും ഉണ്ട്. കാരണം കോവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ടും നിരവധിപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന സമരത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഇവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ചുമത്തിയിട്ടുണ്ട്. മിക്ക സമരങ്ങളിലും ഒരേ ആളുകൾ തന്നെയാണ് പങ്കെടുത്തതും. സാംക്രമികരോഗം തടയൽ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകൾ പ്രകാരവും ശിക്ഷാനിയമത്തിലെ 269, 270 വകുപ്പുകൾ പ്രകാരവും കേസെടുക്കുന്നുണ്ട്. രണ്ടാമത്തേത് 500 രൂപ വരെ പിഴയാണെങ്കിൽ ആദ്യത്തേതിന് 10,000 രൂപ പിഴയുണ്ട്. ബോധപൂർവം രോഗം പരത്താൻ ശ്രമിച്ചുവെന്ന കുറ്റമാണിതിൽ. ഇ വകുപ്പ് പ്രകാരമാണ് സമരക്കാർ്‌ക്കെതിരെ കേസ്.

ആകെ ഉണ്ടായിരുന്നു ആശ്വാസം സർക്കാർ തന്നെ പിൻവലിക്കാമെന്ന് പറഞ്ഞ ചില കേസുകളായിരുന്നു.ശബരിമല, പൗരത്വനിയമ സമരങ്ങളിലെ കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ നടപടികളായിട്ടില്ല. രാഷ്ട്രീയസമര കേസുകളിലാകട്ടെ ഈ പരിഗണനയും ഉണ്ടാകില്ല.

ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി.ക്കെതിരെയാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ ഉള്ളത്. ആകെ 315 കേസുകൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതിൽ 280 എണ്ണവും പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തുവെന്ന പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എടുത്തതാണ്. ഈ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് താൻ റിട്ട് ഹർജി നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഡീൻ പറഞ്ഞു. ആ കേസുകൾ ഒഴിവായാലും ബാക്കി 35 കേസുകൾ നിൽക്കും. സംസ്ഥാനത്ത് ആയിരക്കണക്കിന് പ്രവർത്തകർക്കെിതരേ ഇത്തരം കേസുകളുണ്ട്. ഇത് കൈകാര്യം ചെയ്യൽ ഗുരുതരപ്രശ്‌നം തന്നെയാണ്. പാർട്ടിയുമായി ആലോചിച്ച് വഴി കണ്ടെത്തേണ്ടിവരുമെന്നും എം പി വ്യക്തമാക്കി.