- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നർക്കോട്ടിക് ജിഹാദിൽ സമദൂരം; സിൽവൽ ലൈൻ പദ്ധതിക്ക് ബദൽ അവതരിപ്പിച്ച് അതിവേഗ റയിൽ പാതയെ എതിർക്കും; യുഡിഎഫ് വികാരം താഴേ തട്ടിലേക്കും എത്തിക്കും; കേഡർ സ്വഭാവത്തിൽ മുന്നണിയേയും മാറ്റാൻ നിയോജക മണ്ഡലം കൺവെൻഷനുകൾ; സുധാകരൻ ഇഫക്ട് യുഡിഎഫിലേക്കും
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശത്തിൽ യുഡിഎഫ് ഇനി എടുക്കുക സമദൂര സമീപനം. ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രതിഷേധം യുഡിഎഫ് നേതൃയോഗത്തിൽ മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. ലീഗിന്റെ വികാരം തള്ളിക്കളയാതെ തന്നെ ക്രൈസ്തവ വിഭാഗത്തിന്റെ സമീപനം വിശദീകരിക്കാനായിരുന്നു കേരള കോൺഗ്രസിന്റെ ശ്രമം. ഈ സാഹചര്യത്തിലാണ് സമദൂരം എടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും നടത്തിയ മധ്യസ്ഥ നീക്കങ്ങളെ എല്ലാ ഘടകകക്ഷികളും അഭിനന്ദിച്ചു. ഇതു തുടരും. മുസ്ലീങ്ങളേയും ക്രൈസ്തവരേയും യുഡിഎഫിനോട് ചേർത്ത് നിർത്തണമെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം ലീഗിനേയും കേരളാ കോൺഗ്രസിനേയും അറിയിച്ചിട്ടുണ്ട്. ഇത് അവരും ്അംഗീകരിച്ചു. അതുകൊണ്ട് തന്നെ പരസ്യ പ്രസ്താവനയുമായി ആരേയും നോവിപ്പിക്കാൻ യുഡിഎഫ് നേതാക്കൾ ഇനി എത്തില്ല. അച്ചടക്കം യുഡിഎഫിനും ബാധകമാക്കണമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്. ഇതിനെ എല്ലാ ഘടകക്ഷികളും അംഗീകരിച്ചു.
ബിഷപ്പിന്റെ വിവാദ പരാമർശം തികച്ചും നിർഭാഗ്യകരമായെന്നു ലീഗ് ചൂണ്ടിക്കാട്ടി. സമുദായങ്ങൾ തമ്മിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന അത്തരം പരസ്യ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പറഞ്ഞവർ തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതെന്നും ലീഗ് ചൂണ്ടിക്കാട്ടി. ഇ.ടി.മുഹമ്മദ് ബഷീർ കടുത്ത ഭാഷയിൽ അപലപിച്ചപ്പോൾ പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും മിതത്വം പാലിച്ചു. ഇതിന്റെ പേരിൽ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്നതു ഗുണകരമല്ലെന്നു കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.
മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ യുഡിഎഫിന് എക്കാലവും ശക്തി പകരുന്നവരാണ്. ബിഷപ്പിന്റെ വിവാദ പ്രസ്താവന സഹായ മെത്രാൻ അടുത്ത ദിവസം വിശദീകരിച്ചിരുന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടില്ലെന്ന് അതിൽ വ്യക്തമാക്കി. ഈ സാഹചര്യം മറ്റുള്ളവർ മുതലെടുത്താൽ യുഡിഎഫിനാകും ദോഷം. സിറോ മലബാർ സഭയെ യുഡിഎഫ് പിണക്കരുതെന്നും കേരളാ കോൺഗ്രസ് പറയുന്നു.
ഓരോ ഘടകകക്ഷി എന്ന സ്ഥിതി വിട്ട് യുഡിഎഫ് എന്ന വികാരം മുന്നണി നേതൃത്വത്തിൽ ഏറ്റവും താഴെ വരെ ഉണ്ടാകണമെന്നു യുഡിഎഫ് നേതൃയോഗത്തിൽ പൊതു വികാരം. ഏതു ചെറിയ കക്ഷിയുടെയും സ്ഥാനാർത്ഥി ഇടതു മുന്നണിക്ക് അവരുടെ സ്ഥാനാർത്ഥിയാണ്. യുഡിഎഫിൽ ആ വികാരം ഇല്ലാത്തതാണു തിരഞ്ഞെടുപ്പ് തോൽവിയുടെ മുഖ്യ കാരണമെന്നു മിക്ക ഘടകകക്ഷികളും ചൂണ്ടിക്കാട്ടി. ഇതും ഗൗരവത്തോടെയാണ് ഇന്നലെ യോഗം ചർച്ച ചെയ്തത്. ഇനി യുഡിഎഫ് എന്ന വികാരം അണികളിലേക്ക് എത്തിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകും. സെമി കേഡർ സംവിധാനം കൊണ്ടു വരും.
സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷനുകൾ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ചേരും. ഈ മാസം 28ന് ചേരാനിരുന്ന യുഡിഎഫ് ജില്ലാ ചെയർമാന്മാരുടെയും കൺവീനർമാരുടെയും യോഗം ഒക്ടോബർ 5 ലേക്ക് മാറ്റിയതായി എം.എം.ഹസൻ അറിയിച്ചു. നവംബർ 15 മുതൽ 21 വരെ ജില്ലാ നേതൃസമ്മേളനങ്ങൾ നടത്തും. പുതിയ മണ്ഡലം കമ്മിറ്റികളുടെ കൺവൻഷൻ ഡിസംബറിലും എല്ലാ തലത്തിലെയും ഭാരവാഹികൾ പങ്കെടുക്കുന്ന സംസ്ഥാന കൺവൻഷൻ ജനുവരിയിലും ചേരും.
എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സിൽവർലൈൻ വേഗറെയിൽ പദ്ധതിയെ എതിർക്കാനുള്ള യുഡിഎഫ് തീരുമാനവും തന്ത്രപരമാണ്. പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്നു മുന്നണി വിലയിരുത്തി. യുഡിഎഫ് ഉപസമിതി തയാറാക്കിയ പഠന റിപ്പോർട്ട് ചർച്ച ചെയ്താണു നിലപാടു വ്യക്തമാക്കിയത്. പ്രാദേശിക തലത്തിലെ പ്രതിഷേധങ്ങൾ യുഡിഎഫ് ഏറ്റെടുക്കും.
പദ്ധതി കേരളത്തെ കീറിമുറിക്കുന്നതാണെന്നും സാമൂഹികാഘാത, പരിസ്ഥിതി പഠനങ്ങൾ ഇനിയും നടത്താത്ത സാഹചര്യത്തിൽ അതിനെ എതിർക്കാനാണു തീരുമാനമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യുഡിഎഫ് കൺവീനർ എം.എം.ഹസനും അറിയിച്ചു. ബദൽ പദ്ധതി നിർദേശിക്കുമെന്ന് ഇരുവരും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ