- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണമെന്ന വാഗ്ദാനത്തിൽ അയ്യപ്പ വിശ്വാസികളുടെ വോട്ട് ഉറപ്പിക്കും; രാഹുലിന്റെ ന്യായ് പദ്ധതിയിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെ കൈയിലെടുക്കും; ഇടതുപത്രികയ്ക്ക് ബദലായി കൂടുതൽ വിഭവങ്ങളുമായി സൗജന്യകിറ്റും അരിയും ക്ഷേമപെൻഷൻ 3000 ആക്കി ഉയർത്തലും; വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളിൽ നിറയുന്നത് തരൂർ ടച്ച്; യുഡിഎഫ് പ്രകടന പത്രിക ഗെയിം ചേയ്ഞ്ചർ ആകുമോ?
തിരുവനന്തപുരം: ക്ഷേമ പദ്ധതികളിൽ ഉന്നിയുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രികയോട് കിടപിടിക്കുന്ന പ്രകടന പത്രികയാണ് യുഡിഎഫിന്റേത്. രാഹുൽ ഗാന്ധി ദേശീയ തലത്തിൽ വിഭാവനം ചെയ്ത ന്യായ് പദ്ധതിയാണ് യുഡിഎഫ് പ്രകടന പത്രികയിൽ പ്രധാനമായിരിക്കുന്ന കാര്യം. കാലങ്ങളായി ഇടതുപക്ഷം കൂടുതൽ കൈവെച്ചിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ രംഗത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതാണ് യുഡിഎഫിന്റെ പ്രകടന പത്രിക. ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ സംസാരിക്കാൻ ഇഷ്ടപ്പെടാത്തത് ശബരിമല വിഷയം ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ വിശ്വാസികളുടെ വോട്ടുകൾ ലക്ഷ്യമിട്ട് വിശ്വാസ സംരക്ഷണത്തിന് നിയമ നിർമ്മാണവും വാഗ്ദാനം ചെയ്യുന്നു.
കുടുംബങ്ങൾക്കു പ്രതിമാസം 6000രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹിക ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നു പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. ശശി തരൂരായിരുന്നു പ്രകടന പത്രിക തയ്യാറാക്കുന്നതിൽ മുന്നിൽ നിന്ന വ്യക്തി എന്നതു കൊണ്ട് തന്നെ തരൂർ ടച്ചും പ്രകടന പത്രികയിൽ ദൃശ്യമാണ്.
40-60 വയസിനിടയിലുള്ള ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്കു 2000 രൂപ പെൻഷൻ നൽകും. എല്ലാ വെള്ളക്കാർഡുകാർക്കും പ്രതിമാസം 5 കിലോ അരി നൽകും. ശബരിമലയിലെ ആചാരണ സംരക്ഷണത്തിനു പ്രത്യേക നിയമം നടപ്പിലാക്കും. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ച് സമഗ്രമായ പദ്ധതി തയാറാക്കും. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും. പിഎസ്സിയുടെ സമ്പൂർണ പരിഷ്ക്കരണം നടപ്പിലാക്കും. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും. പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് രൂപീകരിക്കും. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ കിറ്റ്.
മാനിഫെസ്റ്റോ കമ്മിറ്റി കൺവീനർ ബെന്നി ബെഹന്നാനാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ജനങ്ങളുടെ മാനിഫെസ്റ്റോ ആണിതെന്നും ലോകോത്തര നിലവാരത്തിലേക്കു കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരളം കെട്ടിപെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ മൂന്നു മാസത്തിൽ റിവ്യൂ ചെയ്യാൻ കമ്മിഷനെ നിയമിക്കുമെന്ന് ശശിതരൂർ പറഞ്ഞു. നിക്ഷേപകരെ സംരക്ഷിക്കാൻ നിയമപരിഷ്ക്കരണം നടപ്പിലാക്കും. ഹർത്താൽ ഉപേക്ഷിക്കണമെന്നാണ് തന്റെ നിർദേശമെന്നും ശശിതരൂർ പറഞ്ഞു.
തദ്ദേശം പാഠമായി, സൗജന്യ കിറ്റുമായി യുഡിഎഫും
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഏറ്റവും ഗുണം സമ്മാനിച്ചത് സൗജന്യ കിറ്റു വിതരണമായിരുന്നു. ഈ കിറ്റ് വിതരണം തുടരാനാണ് യുഡിഎഫിന്റെയും തീരുമാനം. പിണറായി വിജയൻ സർക്കാറിന്റെ ജനപ്രീതി ഉയർത്തിയ പ്രധാന പ്രവർത്തനമായിരുന്നു സൗജന്യ ഭക്ഷ്യകിറ്റ് വിതരണം. കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങൾക്ക് നൽകിയ കിറ്റുകൾ ഏറെ ഉപകാരപ്രദമായിരുന്നു. സ്വർണക്കടത്തും സ്പ്രിൻക്ലർ വിവാദവുമെല്ലാം കത്തിനിന്ന സമയത്തും ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം നേടാനായി. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലും ഭക്ഷ്യകിറ്റിന് മുഖ്യ പരിഗണനയാണ് നൽകിയിരിക്കുന്നത്. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകുമെന്നാണ് യു.ഡി.എഫ് വാഗ്ദാനം.
മോദിയോട് തോറ്റ 'ന്യായം' പിണറായിയെ തോൽപ്പിക്കുമോ?
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും എങ്ങനെ കരകയറും എന്ന് ആലോചിച്ചിരിക്കുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ ഉണർവ്വു നൽകുന്ന പ്രഖ്യാപനമാണ് ന്യായ് പദ്ധതി നടപ്പിലാക്കും എന്ന് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത്. രാഹുൽ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രയോഗിച്ചപ്പോൾ പരാജയപ്പെട്ട പദ്ധതിയാണ് പിണറായിക്കെതിരെ പയറ്റാൻ ഒരുങ്ങുന്നത്. ഇത് എത്രകണ്ട് വിജയിക്കുമോ അതോ തെരഞ്ഞെടുപ്പിന്റെ ഗെയിം ചേഞ്ചർ ആകുമോ എന്ന് കണ്ടറിയണം. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പി.എ പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു ന്യായ്. പക്ഷേ ഇത് ചീറ്റിപ്പോകുകയാണ് ഉണ്ടായത്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി, നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി അടക്കമുള്ളവരുടെ ഉപദേശത്തോടെ ഒരുക്കിയ 'ന്യൂനതം ആയ് യോജന' അഥവാ ന്യായ് പ്രത്യേക വാർത്തസമ്മേളനത്തിലൂടെയാണ് അന്ന് കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്ന രാഹുൽ ഗാന്ധി അവതരിപ്പിച്ചത്.
കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പിക്കെറ്റി എന്നതാണ് ഇതിലെ പ്രത്യേകത. ഐസക്കിന്റെ സുഹൃത്തിന്റെ ആശയം പിണറായിയെ വീഴ്ത്താൻ യുഡിഎഫ് ഉപയോഗിക്കുകയാണ്. അതേസമയം ന്യായ് പദ്ധതിയെ നരേന്ദ്ര മോദി ദേശീയത ആയുധമാക്കി മാറികടന്നെങ്കിൽ ഇവിടെ ഈ ആശയത്തെ എങ്ങനെ പിണറായി നേരിടും എന്നതാണ് ഇനി അറിയേണ്ടത്. യു.പി. എ അധികാരത്തിലെത്തിലെത്തിയാൻ ഓരോ മാസവും 6000 രൂപയും വർഷത്തിൽ 72000 രൂപയും അടിസ്ഥാന ജനവിഭാഗത്തിന്റെ പോക്കറ്റിലെത്തിക്കും എന്ന സ്വപ്ന സുന്ദരമായ വാഗ്ദാനം പക്ഷേ എവിടെയുമെത്താതെപോയി. പദ്ധതി കൃത്യമായി ജനങ്ങളിലേക്ക് പോയിട്ട് സ്വന്തം പാർട്ടിക്കാരിലേക്ക് വരെ എത്തിക്കാൻ കോൺഗ്രസിനായില്ല. കേരളത്തിലെ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് അതിന് സാധിക്കുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.
കടത്തിലോടിക്കൊണ്ടിരിക്കുകയും കോവിഡ് മൂലം അത് രൂക്ഷമാകുകയും ചെയ്ത സംസ്ഥാനത്തിന്റെ സാമ്പത്തിക നിലവിലെ സാഹചര്യത്തിൽ 'ന്യായ്' പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിനോട് 'ന്യായ്' നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പലകുറി ആവശ്യപ്പെട്ടെങ്കിലും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത്തരമൊരു പരീക്ഷണത്തിന് കോൺഗ്രസ് മുതിർന്നിട്ടില്ല.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ പുകഴ്ത്തിയ ശാസ്ത്രജ്ഞനാണ് തോമസ് പിക്കറ്റി. ആ പിക്കറ്റിയുടെ ആശയത്തിനെതിരെ ഇടതു മുന്നണിയുടെ പ്രചരണം ഏതു വിധത്തിലാകും എന്നതാണ് അറിയേണ്ടത്. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ന്യായ് പദ്ധതിയെ ട്രോളിക്കൊണ്ട് സൈബർ സഖാക്കൾ രംഗത്തുണ്ട്. എന്നാൽ, ട്രോളുകൾക്ക് അപ്പുറത്തേക്ക് പദ്ധതിക്കെതിരെ നേതാക്കൾ പ്രതികരിക്കുമോ എന്നും കണ്ടറിയണം. അടുത്തിടെ കേരളം സന്ദർശിച്ചപ്പോൾ ഭൂപരിഷ്കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ നടത്തിയ വലിയ മുതൽമുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞിരുന്നു.
സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി അന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നത്. കേന്ദ്രത്തിന്റെ അധികാരത്തിലാണ് ഇപ്പോൾ നികുതി ഘടനയിലെ പരിഷ്ക്കരണങ്ങളും മറ്റും. അങ്ങനെയുള്ള ന്യായ് പദ്ധതി ഒരു സംസ്ഥാനത്തിന് എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യത്തിന് യുഡിഎഫ് നേതാക്കൾ ഇനിയും ഉത്തരം നൽകിയിട്ടില്ല.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും . സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാൻ ഈ പദ്ധതിക്ക് സാധിക്കും .
2. സംസ്ഥാനത്തു അർഹരായ വ്യക്തികൾക്ക് പെൻഷൻ ഉറപ്പ് നൽകുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കും. ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കും.
3. അർഹരായവർക്കെല്ലാം പ്രയോറിറ്റി റേഷൻ കാർഡ്; എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ സൗജന്യ അരി.
4. അർഹരായ അഞ്ചു ലക്ഷം പേർക്ക് വീട്.ലൈഫ് പദ്ധതിയിലെ അഴിമതികൾ അന്വേഷിക്കും.ലൈഫ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും.
5. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.
6. എസ് സി , എസ് ടി വിഭാഗങ്ങൾക്കും , മത്സ്യത്തൊഴിലാളികൾക്കും ഭവന നിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയർത്തും.
7. 40 വയസ്സ് മുതൽ 60 വയസ്സുവരെയുള്ള തൊഴിൽരഹിതരായ ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത അർഹരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ നൽകും.
8. സർക്കാർ ജോലികൾക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാർക്ക് 2 വയസ് ഇളവ് അനുവദിക്കും.
9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പിഎസ്സിയുടെ സമ്പൂർണ്ണ പരിഷ്കരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരും.
10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും അപ്പോയിന്റ്മെന്റ് ഉപദേശ മെമോകൾ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.
12. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന വർക്കെതിരേയും , യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരേയും കർശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും.
13. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികൾ ഉൾപ്പടെയുള്ള അർഹരായ വ്യക്തികൾക്ക് ധനസഹായം ലഭ്യമാക്കും.
14. കോവിഡ് കാരണം തകർന്നുപോയ കുടുംബങ്ങൾ, വ്യവസായങ്ങൾ , തൊഴിലാളികൾ എന്നിവർക്ക് സഹായം ലഭ്യമാക്കാൻ കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കും.
15. കോവിഡ് കാരണം തകർന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാൻ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴിൽ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കൾക്ക്(50:50) ഇരുചക്ര വാഹന സബ്സിഡി , ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും
16. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസം പുനരാംഭിക്കാൻ സഹായം ലഭ്യമാക്കും.
17. നോ ബിൽ ഹോസ്പിറ്റലുകൾ :(No Bill Hospital) സംസ്ഥാനത്തെ ജനങ്ങൾക്ക് തീർത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കും.
18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാൻ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.
19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നൽകും ; നെല്ലിന് താങ്ങുവില 30 രൂപയാക്കും ; നാളികേരത്തിന്റെ താങ്ങുവില 40 രൂപയാക്കും.എല്ലാ നാണ്യവിളകൾക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.
20. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.
21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറിൽ കുറവ് കൃഷിയുള്ള അർഹരായ കൃഷിക്കാർക്ക് 2018 പ്രളയത്തിന് മുൻപുള്ള രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്ത്തള്ളും.
22. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നൽകിവരുന്ന എസ്.സി.പി./ ടി.എസ്പി മാതൃകയിൽ ഫിഷറീസ്, ആർട്ടിസാൻസ്, മൺപാത്ര തൊഴിലാളി സബ് പ്ലാൻ നടപ്പിലാക്കും.
23. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും.
24. മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും.
25. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും.
26. സർക്കാർ മുറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വേതന സഹായം ലഭ്യമാക്കും.
27. ഹാർട്ട് അറ്റാക്ക് അടക്കമുള്ള രോഗങ്ങൾ കാരണം മരണമടയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കും.
28. മത്സ്യബന്ധന ബോട്ടുകൾ , കെ എസ് ആർ ടി സി അടക്കമുള്ള യാത്രാ ബസ്സുകൾ , ഓട്ടോറിക്ഷ , ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ് എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി ലഭ്യമാക്കും.
29. ആഗോളതലത്തിൽ ആകർഷകമാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ നവീകരിക്കാൻ സമയബന്ധിതമായ ഹൈ പവ്വർ റിവ്യൂ കമ്മിറ്റി.
30. ഇന്ത്യയിലും വിദേശത്തും പഠിക്കാൻ അർഹതനേടുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പും ലോൺ സ്കോളർഷിപ്പും. എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ
31. വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ വിഭജനം(Digital Divide) ഇല്ലാതാക്കാൻ പദ്ധതി.
32. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വിദേശ സർവ്വകലാശാലകളുമായും മെന്ററിങ് സ്ഥാപനങ്ങളുമായും പങ്കാളിത്തം.
33. പത്താംതരം പഠിച്ചിറങ്ങുന്ന കുട്ടികളിൽ മിനിമം ലേർണിങ് ലെവൽ ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
34. അർഹതയുള്ള സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും.
35. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികൾക്ക് കൂടുതൽ സ്കോളർഷിപ് നൽകും.
36. കേരളത്തെ അറിവിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും.
37. വിദേശ സർവ്വകലാശാലകളുമായും , നോബൽ സമ്മാന ജേതാക്കൾ, വിവിധ മേഖലകളിൽ ലോകപ്രശസ്തരായ വ്യക്തികൾ എന്നിവരുമായും വിദ്യാർത്ഥികൾക്ക് ഇടപഴകാനുള്ള അവസരങ്ങൾ ലഭ്യമാക്കും.
38. എംഫിൽ, പി എച് ഡി പഠനം പൂർത്തിയാക്കിയ തൊഴിൽ രഹിതരായ വിദ്യാർത്ഥിനികൾക്ക് 3 വർഷം യഥാക്രമത്തിൽ 7000, 10,000 രൂപ നൽകും.
39. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ കേരളത്തിന്റെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കും.
40. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംഭരംഭം ആരംഭിക്കാവുന്ന രീതിയിൽ നടപടിക്രമങ്ങൾ പരിഷ്കരിക്കും.
41. വനിതാ സംരംഭകർക്ക് ഫാസ്റ്റ് ട്രാക്ക് ക്ലിയറൻസോടെ പ്രത്യേക വായ്പ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.
42. ആഗോള അനുഭവാധിഷ്ഠിത ടൂറിസം (Experienced based Tourism Destination) ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികൾ.
43. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കും.
44. പൗരന്മാർക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ഉറപ്പുവരുത്താൻ നിയമനിർമ്മാണം നടത്തും.
45. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും
46. കോവിഡ് മൂലം തകർന്നുപോയ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയർത്താൻ പ്രത്യേക പാക്കേജ് നടപ്പിലാക്കും
47. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം നൽകാനും അവരുടെ സിബിൽ റേറ്റിങ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകൾ നടത്തും.
48. തിരുവനന്തപുരം, കോഴിക്കോട് മെട്രോ / ലൈറ്റ് മെട്രോ റെയിൽ പദ്ധതി നടപ്പിലാക്കും.
49. മിയവാക്കി മാതൃകയിൽ ചെറു വനങ്ങൾ സൃഷ്ടിച്ച് പട്ടണങ്ങളിൽ ഹരിത കവർ മെച്ചപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കും
50. സംസ്ഥാനത്തെ പ്ലാൻ ഫണ്ടിന്റെ ഒരു ശതമാനം കല സംകാരിക രംഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കും
51. കുട്ടികൾക്കെതിരെയുള്ള പീഡന കേസുകളിൽ അന്വേഷണത്തിൽ വീഴ്ച വരുത്തു ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിയമ നിർമ്മാണം നടത്തും.
52. കുട്ടികൾക്കെതിരെയുള്ള പീഡന കേസുകൾ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കും.
53. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കുതിനു യു പി എ സർക്കാർ 2006 ൽ പ്രാബല്യത്തിൽ വരുത്തിയുടെ വനാവകാശ നിയമം പൂർണമായും നടപ്പിലാക്കുകയും.
54. സർക്കാർ ജോലിയില്ലാത്ത എസ് ടി വിഭാഗത്തിലെ അമ്മമാർക്ക് പ്രസവാനന്തരം ആറു മാസക്കാലം മൂവായിരം രൂപ അലവൻസ് ലഭ്യമാക്കും
55. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും
56. എസ് സി എസ് ടി വിഭാഗൾക്ക് ഭവന പദ്ധതി പുനരാരംഭിക്കും .
57. സംസ്ഥാനത്തു ആയുർവ്വേദം, സ്പോർട്സ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കും
58. കടുത്ത വൈകല്യങ്ങളുള്ള (80%) കുട്ടികൾക്കും , കിടപ്പ് രോഗികളുടെയും രക്ഷകർത്താക്കളുടെ രണ്ടു ലക്ഷം വരെയുള്ള വായ്പകൾ എഴുതി തള്ളുവാനുള്ള നടപടികൾ സ്വീകരിക്കും.
59. 1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽവന്ന , 1964,1993 ഭൂപതിവ് ചട്ടങ്ങളിൽ പ്രകാരം ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിരോധനം പിൻവലിക്കും.
60. മലയോര മേഖലയിൽ ഇനിയും കൈവശ ഭൂമിക്കു പട്ടയം ലഭിക്കാൻ അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും.
61. വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെ ബഫർ സോൺ മേഖലയിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
62. വാർഡ് തലത്തിൽ യു ഡി എഫ് ആരംഭിച്ച സേവാഗ്രാം കേന്ദ്രങ്ങൾ എല്ലായിടത്തും ആരംഭിച്ച് പൊതുജനങ്ങൾക്ക് തദ്ദേശസ്വയംഭരണങ്ങളുടെ സേവനം വാർഡ് തലത്തിൽ എത്തിക്കും
63. അഴിമതി സർവ്വ തലത്തിലും ഇല്ലാതാക്കും. അതിന്റെ ഭാഗമായി സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും.
64. സംസ്ഥാനത്ത് ഉയർന്നുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും, കൊലപാതകങ്ങൾക്കും അറുതി വരുത്തുവാൻ രാജസ്ഥാൻ മാതൃകയിൽ പീസ് ആൻഡ് ഹാർമണി ഡിപ്പാർട്ട്മെന്റ് രൂപീകരിക്കും.
65. നിരവധി കമ്മീഷനുകളും അന്വേഷണ ഏജൻസികളും സർക്കാരിന്റേതാണെന്ന് തെളിവുകൾ നിരത്തി സംശയാതീതമായി കണ്ടെത്തിയതും വിദേശ-സ്വദേശ കമ്പനികൾ അനധികൃതമായി കൈവശം വെച്ചു വരുന്നതുമായ ഏകദേശം 5.5 ലക്ഷത്തോളം ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തും. ഇപ്രകാരം ഏറ്റെടുക്കുന്ന ഭൂമി നിയമാനുസൃതമായി ദളിത് ആദിവാസികൾക്കും മറ്റു അർഹരായ ഭൂരഹിതർക്കും നൽകും.
66. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
67. പഞ്ചായത്തുകൾക്ക് പ്ലാൻ ഫണ്ട് തിരിച്ചുപിടിക്കുന്ന എൽ ഡി എഫ് സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കും; പ്ലാൻ ഫണ്ട് തടസ്സമില്ലാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
മറുനാടന് മലയാളി ബ്യൂറോ