- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേതാക്കൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യുഡിഎഫിനുണ്ടായിരുന്ന സ്വീകാര്യത വീണ്ടെടുക്കണമെന്ന്; വെൽഫെയർ ബന്ധം നേതാക്കൾക്കിടയിൽ തർക്കമായതും തിരിച്ചടിയായി; സാമ്പത്തിക സംവരണത്തെ ലീഗ് എതിർത്തതും പ്രശ്നമായെന്ന് കോൺഗ്രസ് നേതാക്കൾ; യുഡിഎഫ് അടിമുടി മാറണമെന്ന് ഘടക കക്ഷികൾ
തിരുവനന്തപുരം: ജോസ് കെ മാണി മുന്നണി വിട്ടതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് യഥാർത്ഥ കാരണമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ. മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങൾ മുന്നണിയെ കൈവിടുന്ന അവസ്ഥക്ക് ഇടയാക്കിയെന്നും നേതാക്കൾ വിമർശനം ഉന്നയിച്ചു. മുല്ലപ്പള്ളിയും ചെന്നിത്തലയും മാറണമെന്ന് പറഞ്ഞില്ലെങ്കിലും ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകേണ്ടതിന്റെ അവശ്യകതയാണ് മറ്റുള്ളവർ ചൂണ്ടിക്കാട്ടിയത്.
ന്യൂനപക്ഷങ്ങൾക്കിടയിൽ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാൻതക്ക നടപടികൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മുസ്ലിംലീഗും ആർ.എസ്പി.യും ആവശ്യപ്പെട്ടു. അതിന് അനുയോജ്യമായി നേതൃസമീപനത്തിൽ മാറ്റമുണ്ടാകണം. തിരഞ്ഞെടുപ്പുഫലം വിലയിരുത്താനുള്ള യു.ഡി.എഫ്. യോഗത്തിനു മുമ്പ് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ കണ്ട ലീഗ്, ആർ.എസ്പി. നേതാക്കളാണ് പരിഹാരനടപടികൾക്ക് കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തിൽ അതൃപ്തിയില്ല. അദ്ദേഹം തുടരുന്നതിൽ എതിർപ്പുമില്ല. എന്നാൽ, ഉമ്മൻ ചാണ്ടി നേതൃതലത്തിൽ കൂടുതൽ സജീവമാകണം. യു.ഡി.എഫ്. യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുന്നത് അനൗചിത്യമാകുമെന്നതിനാലാണ് കോൺഗ്രസ് നേതാക്കളെ കണ്ട് ഘടകകക്ഷികൾ ഇക്കാര്യം ഉന്നയിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, കെ.പി.എ. മജീദ്, പി.വി. അബ്ദുൾ വഹാബ് എന്നിവർ കൂടിയാലോചന നടത്തിയായിരുന്നു കൂടിക്കാഴ്ച. മുന്നണിക്കുണ്ടായ തിരിച്ചടി ഏതെങ്കിലുമൊരു നേതാവിന്റെ പ്രശ്നംകൊണ്ടോ പോരായ്മ കൊണ്ടോ അല്ലെന്ന് ലീഗ് നേതാക്കൾ വിശദീകരിച്ചു. തിരുത്തലിനായി ചില നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
മധ്യതിരുവിതാംകൂറിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യു.ഡി.എഫിനുണ്ടായിരുന്ന സ്വീകാര്യത വീണ്ടെടുക്കണം. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പോര് മുന്നണിയുടെ സാധ്യതകളെ ബാധിക്കുന്നു. പാർട്ടിയെന്ന നിലയിൽ കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാനാകണം. വെൽഫെയർ പാർട്ടി, ആർ.എംപി. തുടങ്ങിയവയുമായി പ്രാദേശിക തലത്തിൽ തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ നീക്കുപോക്ക് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും തമ്മിൽ ഏറ്റുമുട്ടി വലിയ ചർച്ചയാക്കിയെന്ന പരാതിയും ലീഗ് പങ്കുവെച്ചു.
ജമാഅത്തെ ഇസ്ലാമി നേതാക്കളെ യു.ഡി.എഫ്. കൺവീനർ സന്ദർശിച്ചത് എതിരാളികൾ ആയുധമാക്കി. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയവിവേകം പ്രകടിപ്പിക്കാൻ മുതിർന്ന നേതാക്കൾക്കായില്ല. സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തെ എതിർക്കാൻ ലീഗ് മുന്നിട്ടിറങ്ങിയതും മറ്റു സംഘടനകളെ കൂട്ടി യോഗം വിളിച്ചതും തിരിച്ചടിയായെന്ന പരാതി കോൺഗ്രസും ഉന്നയിക്കുന്നു. ലീഗിന്റെ ഈ നീക്കം യു.ഡി.എഫിന്റെ മതേതര വിശ്വാസ്യതയ്ക്കു പോറലേൽപ്പിച്ചതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഈ നിലയിൽ മുന്നണിക്ക് മുന്നോട്ടുപോകാനാകില്ലെന്ന വികാരം ആർ.എസ്പി. നേതാക്കളും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. രാഷ്ട്രീയത്തെ ഗൗരവമായി യു.ഡി.എഫ്. കൈകാര്യം ചെയ്യുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമാകണം. എൽ.ഡി.എഫ്.വിരുദ്ധ വോട്ടുകൾ ബിജെപി.യിലേക്ക് പോകുന്നത് തടയാനാകണമെന്നും ആർ.എസ്പി. നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് പ്രതിപക്ഷനേതാവിനെ കണ്ടത്.
വെൽഫെയർ പാർട്ടിയുമായുള്ള പ്രാദേശിക നീക്കുപോക്കു വൻ വിവാദമാക്കിയ സിപിഎമ്മിന്റെ കെണിയിൽ കോൺഗ്രസ് വീണു എന്ന വിമർശനം മുസ്ലിംലീഗ് അടക്കം പലരും ഉയർത്തി. എസ്ഡിപിഐയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അതു തുറന്നു കാട്ടുന്നതിൽ വെൽഫെയർ വിവാദം പരിമിതിയായിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പ്രധാന കാരണമാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യമെങ്കിൽ തേടണം. ഘടകകക്ഷികൾക്കു സീറ്റ് നൽകിയ ശേഷം അവിടെ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു കക്ഷി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് നേതൃപരമായി എല്ലാ തലങ്ങളിലും ഉയരണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പരമ്പരാഗത പ്രചാരണ രീതികളെ അവലംബിക്കാൻ കഴിയാതെ പോയതു തിരിച്ചടിയായി. സാമ്പത്തികമായ പരിമിതികളും അലട്ടി. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. യുഡിഎഫിലുള്ള കക്ഷികളുമായി മാത്രമായിരിക്കും ബന്ധമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം കേരള കോൺഗ്രസിന്റെ (ജോസഫ്) പ്രകടനത്തെക്കുറിച്ചു വസ്തുതകൾ മറച്ചുവയ്ക്കപ്പെട്ടുവെന്ന് യുഡിഎഫ് യോഗത്തിലും പുറത്തും ജോസഫ് പക്ഷ നേതാക്കൾ. എൽഡിഎഫിന്റെ പൊതുവായ വിജയത്തിന്റെ ഭാഗമായി കുറച്ചു സീറ്റുകൾ ജോസ് കെ. മാണിക്കു കിട്ടി. അതിൽ കൂടുതൽ ഒന്നും സംഭവിച്ചിട്ടില്ല. പാലാ നഗരസഭയിൽ ഒറ്റയ്ക്കു ഭരിച്ചിരുന്ന കേരള കോൺഗ്രസ് ഇപ്പോൾ സിപിഎമ്മിന്റെ കാരുണ്യത്തോടെ ഭരിക്കുന്നു എന്നതാണു വസ്തുതയെന്നു മോൻസ് ജോസഫ് പറഞ്ഞു. ഇടുക്കി ജില്ലയിലും തൊടുപുഴയിലും ജോസഫ് വിഭാഗത്തിനും യുഡിഎഫിനും ക്ഷീണം ഉണ്ടായിട്ടില്ല. മധ്യകേരളത്തിൽ ജോസഫ് വിഭാഗത്തിന്റെ സ്വാധീനം നിലനിർത്താൻ കഴിഞ്ഞുവെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നു ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ