തിരുവനന്തപുരം: ഇന്ധന വിലയിലും പാചക വാതക വിലയിലുമുള്ള വർധനവിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള നേതാക്കൾ വീടുകളിൽ കുടുംബത്തോടൊപ്പം ഒരു മണിക്കൂർ സത്യാഗ്രഹമിരുന്നു.

ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയുള്ള ഒരു മണിക്കൂറിനിടയിലാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരം നടത്തിയത്. സംസ്ഥാനത്തെ അഞ്ച് ലക്ഷം വീടുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമരം നടത്തിയത്.



'പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ വില ഇപ്പോൾ 100 രൂപയും പിന്നിട്ട് കുതിക്കുന്നു. ഡീസലിന് നൂറു രൂപയ്ക്ക് തൊട്ടരികിലാണ് വില. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്ത നടപടി പ്രതിഷേധാർഹമാണ്. പെട്രോളിയം കമ്പനികളെ കയറൂരിവിടുന്ന സമീപനമാണ് മോദി സർക്കാരിന്റേത്. ഇതിന് പുറമേയാണ് പാചകവാതകത്തിന്റെ വില വർധന.

ലോക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിത്താഴുമ്പോൾ, ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സർക്കാരുകൾ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ കോൺഗ്രസ്സും യു.ഡി.എഫും പ്രക്ഷോഭം കൂടുതൽ ശക്തമാക്കും. ഇന്നത്തെ കുടുംബസത്യഗ്രഹം ഒരു സൂചന സമരം മാത്രമാണ്' സുധാകരൻ പറഞ്ഞു.

ലോകത്ത് എല്ലായിടത്തും മഹാമാരിയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇന്ധന വില കൂട്ടുന്നതെന്ന് ന്യായീകരിക്കുന്നു. അതിനൊക്കെ ഒരു പരിധിയുണ്ട്. ലോകത്ത് മറ്റെവിടെയങ്കിലും ഈ രീതിയിൽ വില വർധിപ്പിക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.

കോവിഡ് കാലത്ത് സമരങ്ങളില്ലാത്തത് അനുഗ്രഹമായി കാണരുതെന്നായിരുന്നു രമേശ് ചെന്നിത്തലയടെ മുന്നറിയിപ്പ്. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഇന്ധനത്തിന് എല്ലാ ദിവസവും വില കൂട്ടുന്ന കേന്ദ്രവും അധിക നികുതി കുറക്കാതെ സംസ്ഥാന സർക്കാരും ജനത്തെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി



പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതികൊള്ള അവസാനിപ്പിക്കുക എന്ന പ്ലക്കാർഡ് പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകൾക്ക് മുന്നിലിരുന്ന് സമരത്തിന് നേതൃത്വം നൽകി.