- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആന്റണി ജോൺ എംഎൽഎയുടെ പ്രചാരണ വാഹനത്തിൽ കയറി യു ഡി എഫ് പ്രവർത്തകന്റെ ആനന്ദ നൃത്തം; എംഎൽഎയുടെ വാഹനത്തെ അനുഗമിച്ചവർക്ക് നേരെയും ആക്രമണം; കോതമംഗലത്ത് എൽഡിഎഫ്- യുഡിഎഫ് സംഘർഷം; തെരഞ്ഞെടുപ്പു സംഘർഷഭരിതമാക്കാനുള്ള നീക്കമെന്ന് സിപിഎം
കോതമംഗലം: ഉമ്മൻ ചാാണ്ടിയും ശശിതരൂരും പങ്കെടുത്ത പൊതുയോഗം എൽ ഡി എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്തിയെന്നും ഇത് എം എൽ എ കൂടിയായ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ഭാഗത്തുനിന്നുള്ള തരം താഴ്ന്ന നീക്കമായിപ്പോയെന്നും യുഡിഎഫ്. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വാഹനത്തിൽ യൂഡിഎഫ് പ്രവർത്തകൻ ചാടിക്കയറി നൃത്തംവച്ചെന്നും പ്രവർത്തകരെ ആക്രമിച്ചെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും എൽ ഡി എഫ്. ഇരുമുന്നണിനേതാക്കളും പത്രസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം മാർ ബേസ്സിൽ സ്കൂൾ ഗ്രൗണ്ടിന് സമീപമുണ്ടായ അക്രമസംഭവത്തിൽ നിലപാട് വിശദീകരിച്ചത്. കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചത് തെരഞ്ഞെടുപ്പു രംഗം സംഘർഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
ആന്റണി ജോൺ എം എൽ എയുടെ പ്രചാരണ വാഹനത്തിൽ യു ഡി എഫ് പ്രവർത്തകൻ കയറി നിന്ന് ആർത്തുവിളിക്കുന്നതും തുള്ളുന്നതുമായ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഏതാനും മിനിട്ടുകൾ വാഹനത്തിൽ ആഹ്ളാദപ്രകടനം നടത്തിയ യുവിനോട് വാഹനത്തിൽ നിന്നിറങ്ങാൻ എം എൽ എ ആവശ്യപ്പെടുന്നതും പിന്നാലെ എം എൽ എയ്ക്ക് ഒപ്പമുണ്ടായിരുന്നവർ വാഹനത്തിൽ നിന്നും ഇയാളെ വലിച്ചിറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ യു ഡി എഫ് പ്രവർത്തകർ എം എൽ എയുടെ വാഹനത്തെ അനുഗമിച്ചിരുന്നവരെ ആക്രമിക്കുന്നതും സ്കൂട്ടർ മറിച്ചിട്ട് നശിപ്പിക്കുന്നതും വീഡിയോയിലുണ്ട്. മുമ്പൊരിക്കലും കോതമംഗലത്ത് ഉണ്ടാവാത്ത തരത്തിൽ മുന്നണിപ്രവർത്തകർ തമ്മിൽ പോർവിളിയും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് എൽ ഡി എഫ് -യു ഡി എഫ് മുന്നണി നേതൃത്വങ്ങൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
യൂ ഡി എഫ് നേതാക്കളുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം ചുവടെ.
യുഡിഎഫ് സ്ഥാനാർത്ഥി ശിബു തെക്കുപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാർ ബേസ്സിൽ സ്കൂളൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ പ്രധാന പ്രാസംഗീകർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശശി തരൂർ എം പി യുമായിരുന്നു. സമ്മേളനവേദിയിൽ ശശി തരൂർ എംപി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ആൻറണി ജോണും സംഘവും വേദിയോട് ചേർന്നുള്ള റോഡിൽ തമ്പടിച്ച്,പ്രചരണ വാഹനങ്ങളിൽ ഡി ജെ സിസ്റ്റത്തിൽ നിന്നുുള്ളതുപോലെ ഉച്ചത്തിൽ ഗാനങ്ങൾ വയ്ക്കുകയും മുദ്രാവാക്യം വിളികൾ ഉയരുകയുമായിരുന്നു. ഇതിനിടെ തന്നെ എം എൽ ഏയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. എം എൽ എയുടെ വാഹനത്തിന് കടന്നുപോകാൻ മറ്റുവഴികളുണ്ടെന്നിരിയ്ക്കെ യൂ ഡി എഫ് യോഗം നടക്കുന്ന സ്കൂൾ ഗ്രൗണ്ടിന് സമീപത്തുകൂടി എത്തിയത് മനപ്പൂർവ്വമാണെന്നും ഇതിനുപിന്നിൽ യോഗം അലങ്കോലപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് എം എൽ ഏയ്ക്കും കൂട്ടർക്കുമുണ്ടായിരുന്നതെന്നുമാണ യു ഡി എഫ് നേതൃത്വത്തിന്റെ പ്രധാന ആരോപണം.
എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്നുള്ള അതിരുവിട്ട ശബ്ദം മൂലം ശശിതരൂരിന് അരമണിക്കൂറോളം പ്രസംഗം നിർത്തേണ്ടതായിവന്നു. ഒരു സംഘം വേദിയോട് ചേർന്നുള്ള സ്റ്റേഡിയം ഗേറ്റിൽ നിലയുറപ്പിച്ച് യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കുകയും പ്രകോപന അന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. എം എൽ എയുടെയും കൂട്ടരുടെയും പ്രവർത്തനം യൂ ഡി എഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചെന്നും ഈയവസരത്തിൽ സ്ഥിതിഗതികൾ തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാതെവന്നെന്നും തികച്ചും സ്വാഭാവിക വികാരപ്രകടനമാണ് പിന്നീട് നടന്ന സംഭവങ്ങളെന്നും തിരിച്ചാണ് ഇത്തരത്തിൽ സംഭവിക്കുന്നതെങ്കിൽ സ്ഥിതി എന്താവുമായിരുന്നെന്ന് എല്ലാവരും ചിന്തിക്കണമെന്നുമാണ് യു ഡി എഫ് നേതാക്കളുടെ ആവശ്യം.
നിയമാനുസൃത അനുമതി വാങ്ങി യുഡിഎഫ് സംഘടിപ്പിച്ച യോഗം പരാജയഭീതി മൂലം എൽ ഡി എഫ് നേതൃത്വം അലങ്കോലപ്പെടുത്തുകയായിരുന്നെന്നും സംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പുകാലത്ത് കോതമംഗലം നിയോജകമണ്ഡലത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ഉള്ള സാഹചര്യം ഉണ്ടാകണവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുൻ മന്ത്രി ടി യു കുരുവിള,കെ പി ബാബു.പി പി ഉതുപ്പാൻ,അഡ്വ.മാത്യു ജോസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എൽ ഡി എഫ് സ്ഥാനാർത്ഥി ആൻറണി ജോണിന്റെ പര്യടന വാഹനം തടഞ്ഞു നിർത്തി പര്യടന വാഹനത്തിൽ ചാടി കയറി യു ഡി എഫ് ഘടക കക്ഷികളുടെ കൊടികൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്ത സംഭവത്തിൽകുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് എൽ ഡി എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആവശ്യം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കൺവീനർ എന്ന നിലയിൽ താനും സ്വന്തം നിലയ്ക്ക് ആന്റണി ജോണും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സി പി എം നേതാവ് ആർ അനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എൽ ഡി എഫിന്റെ പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം ചുവടെ ..
യു ഡി എഫ് അക്രമത്തിൽപരുക്കേറ്റ എൽ ഡി എഫ് പ്രവർത്തകരായ അരുൺ മണി കണ്ഠൻ, അപ്പു ഉണ്ണി എന്നിവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയാണ്.പര്യടനത്തിൽ പങ്കെടുത്ത കാറുകളും ബൈക്കുകളും യു ഡി എഫ് പ്രവർത്തകർ തകർത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷിബു തെക്കുമ്പുറത്തിന്റെ പ്രചരണാർത്ഥം ഉമ്മൻ ചാണ്ടി പങ്കെടുക്കുന്ന തിരെഞ്ഞെടുപ്പ് യോഗത്തിനെത്തിയ യുഡി എഫ് പ്രവർത്തകർ ബലമായി വാഹനത്തിൽ ചാടിക്കേറി കൊടി വീശുകയും സ്ഥാനാർത്ഥി ആന്റണി ജോണിനു നേരെ അസഭ്യം വർഷിയ്്ക്കുകയും ചെയ്തു .
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. എൽ ഡി എഫ് നേതാക്കളും യുഡിഎഫ് നേതാക്കളും ധാരണയുടെ അടിസ്ഥാനത്തിൽ മുൻ നിശ്ചയിച്ച പ്രകാരമാണ് സ്ഥാനാർത്ഥികളുടെ പര്യടനം ക്രമീകരിച്ചിച്ചിരുന്നത്. ഇരുവിഭാഗങ്ങളുടെ പ്രചരണങ്ങൾ സുഗമമായി പോകുന്നതരത്തിലാണ് പര്യടനം ക്രമീകരിച്ചിരുന്നത്. 22 ാം തീയതി രാവിലെ ഇഞ്ചത്തൊട്ടിയിൽ നിന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. മാർച്ച് 29 തിങ്കളാഴ്ചയും മുൻ നിശ്ചയിച്ച പ്രകാരം രാവിലെ 7.30ന് മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമല്ലൂർ ലക്ഷംവീട് നിന്നും ആരംഭിച്ച് വൈകിട്ട് 6.45 ന് കോഴിപ്പിള്ളി, 7.00 കൊള്ളിക്കാട്, 7.15ന് ടി ബി കുന്നിൽ സമാപനം എന്നിങ്ങനെയാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, മാർ ബേസിൽ ഗ്രൗണ്ടിനുള്ളിൽ പരിപാടി നടത്തുകയായിരുന്ന യുഡിഎഫ് പ്രവർത്തകർ പുറത്തുള്ള റോഡിലൂടെ പര്യടന വാഹനവുമായി കടന്നുപോവുകയായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടന വാഹനം തടഞ്ഞുനിർത്തി തുറന്ന വാഹനത്തിനുള്ളിലേക്ക് ഇടിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടി കെട്ടിയ മുളവടിയുമായാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. പര്യടനത്തെ അനുഗമിച്ച രണ്ട് ബൈക്കിന്റെയുംജീപ്പിന്റെയും കാറിന്റെയും ചില്ലുകളും തകർത്തു.പ്രവർത്തകരെ നിയന്ത്രിക്കാനോ നിലയ്ക്കുനിർത്താനോ യുഡിഎഫ് നേതൃത്വം തയ്യാറായില്ല, കോതമംഗലം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം കുട്ടമ്പുഴ സ്വദേശി കോരാക്കൽ ബോണി ബേബിയുടെയും കണ്ടാലറിയാവുന്ന 10 ലധികം പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തിരമായി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണം എൽഡിഎഫ് നേത്യത്വം ആവശ്യപ്പെട്ടു.എൽ ഡി എഫ് കൺവീനർആർ അനിൽ കുമാർ , ചെയർമാൻ എം കെ രാമചന്ദ്രൻ ,എസ് സതീഷ് , പി എൻ ബാലകൃഷ്ണൻ , അഡ്വ: പോൾ ഡേവീസ് എന്നിവർ പങ്കെടുത്തു.
'റോഡിലൂടെ പോയ എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചു കീറി, തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച എൽഡിഎഫ് നേതാക്കൾക്കും പരിക്കേറ്റു. പൊലീസെത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ഒരു സ്ഥാനാർത്ഥിയെ തന്നെ പരസ്യമായി ആക്രമിക്കാൻ തയ്യാറാകുന്നവർ എന്ത് ഹീനകൃത്യത്തിലൂടെയും തെരഞ്ഞെടുപ്പു രംഗം അലങ്കോലപ്പെടുത്താൻ മടിക്കില്ല എന്നതിന്റെ സൂചനയാണിതെന്ന് സിപിഐഎം വ്യക്തമാക്കി. ആക്രമണ പദ്ധതിയിൽ ബിജെപിയും ഉണ്ട് എന്നതിനു തെളിവാണ് കല്യാശ്ശേരിയിൽ റോഡ് ഷോ നടത്തിയ ബിജെപിക്കാർ ഗർഭിണിയെയും കുടുംബത്തെയും ഒരു മണിക്കൂറോളം തടഞ്ഞിട്ടതും ഭർത്താവിനെ ആക്രമിച്ചതുമായ സംഭവമെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.
പരാജയഭീതിയിൽ പ്രതിപക്ഷകക്ഷികൾ അക്രമ പാതയിലേക്ക് നീങ്ങുന്നത് ഗൗരവത്തോടെ കാണണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും തയ്യാറാകണം. പ്രകോപനങ്ങളിൽ ൽ വംശവദരാകാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോടും ജനങ്ങളോട് ആകെയും അഭ്യർത്ഥിക്കുന്നെന്നും സിപിഐഎം പറഞ്ഞു.