- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗികളുടെ എണ്ണം 10,000 ലേക്ക് താഴ്ന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് വെറും 258 മരണങ്ങൾ; വാക്സിനേഷൻ സമ്പൂർണ്ണ വിജയത്തിലേക്ക്; കോവിഡിനെ കീഴടക്കി ബ്രിട്ടൻ മുൻപോട്ട്
ലണ്ടൻ: കിങ്സ് കോളേജിലെ പ്രൊഫസർ ടിം സ്പെക്ടർ പറഞ്ഞതുപോലെ ബ്രിട്ടൻ കൊറോണയുടെ മർമ്മം നോക്കി അടിച്ചിരിക്കുന്നു എന്നുവേണം കരുതാൻ.എങ്ങും ഭയത്തിന്റെ കരിനിഴൽ വിരിച്ച് കത്തിപ്പടർന്നിരുന്ന മഹാവ്യാധി ഇതാ എല്ലാവർക്കും ആശ്വാസം പകർന്നുകൊണ്ട് കുത്തനെ ഇടിയുകയാണ്. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 10,972 പുതിയ കേസുകൾ മാത്രമാണ്. കഴിഞ്ഞ ഞായറാഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 31 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മരണനിരക്കിലും വലിയ കുറവാണ് ഇന്നലെ ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്‌ച്ച 373 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്നലെ 31 ശതമാനം കുറഞ്ഞ് 258 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ വാക്സിൻ പദ്ധതിയുടെ ആദ്യലക്ഷ്യം രണ്ടു ദിവസം മുൻപ് പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ബ്രിട്ടന് ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്, വാകിസിന്റെ രണ്ടാമത്തെ ഡോസ് നൽകുന്നതിനുള്ള ഇടവേള വർദ്ധിപ്പിച്ചത് നന്നായി എന്നാണ് ഇപ്പോൾ തെളിയിക്കപ്പെടുന്നത്. മുൻനിര ശാസ്ത്രജ്ഞരുടെ അഭിപ്രായ പ്രകാരം ആദ്യ ഡോസ് തന്നെ 67 % സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.
ഈ ശുഭ വാർത്തകളെല്ലാം ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനുള്ള സമ്മാർദ്ദം വർദ്ധിപ്പിക്കുകയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ താറുമാറാക്കിയ നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കം ചെയ്യപ്പെടുവാനണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ അതോടൊപ്പം വീണ്ടുമൊരു ലോക്ക്ഡൗൺ കൂടി ക്ഷണിച്ചുവരുത്താൻ ആരും ആഗ്രഹിക്കുന്നുമില്ല. അതിനാൽ തന്നെ സർക്കാർ വളരെ കരുതലോടെയാണ് ഇക്കാര്യത്തിൽ നീങ്ങുന്നത്. അപകട സാധ്യത ഏറ്റവും അധികമുള്ള എട്ട് വിഭാഗക്കാരുടെ വാക്സിനേഷൻ മെയ് മാസത്തോടെ പൂർത്തിയാകുമ്പോൾ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് എഴുപതോളം ഭരണകക്ഷി എം പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും മാർച്ച് 8 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഉറപ്പായി. അതുപോലെ പാർക്കുകളിലും മറ്റും ചൂട് കാപ്പിയൂതിക്കുടിച്ച് സൗഹൃദം പുതുക്കാനും ആകും. പക്ഷെ ഇത്തരത്തിലുള്ള കൂടിച്ചേരലുകൾക്ക് ആറുപേരിൽ കൂടുതൽ പേർ പാടില്ലെന്ന നിയമം പ്രാബല്യത്തിൽ ഉണ്ടാകുമെന്നറിയുന്നു. അതുപോലെ പബ്ബുകളും റെസ്റ്റോറന്റുകളും അടങ്ങിയ ഹോസ്പിറ്റാലിറ്റി മേഖല തുറക്കുന്നത് ഏറ്റവും അവസാന ഘട്ടത്തിലായിരിക്കും. മെയ് മാസം അവസാനത്തോടെ ഇത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പഴയതുപോലെ 10 മണിക്ക് ശേഷമുള്ള കർഫ്യൂവോ മദ്യത്തിനൊപ്പം ഭക്ഷണം വാങ്ങണമെന്ന നിബന്ധനയോ ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഹോട്ടൽ ക്വാറന്റൈൻ വീണ്ടും കോവിഡ് പടർത്തുമെന്നുറപ്പായി
വെളുക്കാൻ തേച്ചത് പാണ്ടാവുന്ന രീതിയിലാണ് ബ്രിട്ടനിൽ വളരെ കർക്കശമായി നടപ്പാക്കുമെന്ന അവകാശവാദത്തോടെ പ്രാബല്യത്തിലെത്തിയ ഹോട്ടൽ ക്വാറന്റൈൻ പദ്ധതിയുടെ അവസ്ഥ. വിദേശങ്ങളിൽ വ്യാപകമായ അതിതീവ്ര വൈറസുകൾ ബ്രിട്ടനിലേക്ക് കടക്കാതിരിക്കാനുള്ള നടപടിയായിരുന്നു ഇതെങ്കിൽ, ഇത്തരം വൈറസുകൾ ഇതിലൂടെ വ്യാപിക്കുവാനാണ് സാധ്യത എന്നാണ് ഹോട്ടൽ വക്താക്കൾ പറയുന്നത്. ഹോട്ടലുകൾ ഇരിക്കുന്ന സ്ഥലങ്ങൾ ഈ അതിതീവ്ര വൈറസുകളുടെ ഹോട്ട്സ്പോട്ട് ആയിമാറുമെന്ന് യൂണിയൻ നേതാക്കളും മുന്നറിയിപ്പ് നൽകുന്നു.
വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഹോട്ടലുകളിൽ അധികവും ഉപയോഗിക്കുന്നത് സെൻട്രൽ എയർ ഫ്ളോ സിസ്റ്റമാണ്. ഇത്തരം സിസ്റ്റം ഹോട്ടലിലെത്തുന്ന അതിഥികളിൽ നിന്നും ജീവനക്കാരിലേക്ക് രോഗം പടരാൻ ഇടയാക്കും. മാത്രമല്ല, ഈ ഹോട്ടലുകളിൽ ഒക്കെയുമുപയോഗിക്കുന്നത് സെൻട്രൽ എയർ കണ്ടീഷനിങ് സിസ്റ്റമാണ്. ഓരോ മുറിക്കും പ്രത്യേകം പ്രത്യേകമുള്ള വിൻഡോ യൂണിറ്റുകളല്ല. ഇതും രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.
റെഡ്ലിസ്റ്റിലുള്ള 33 രാജ്യങ്ങളിൽ നിന്നുമെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ആണ് ഉള്ളത്. എന്നാൽ ഇപ്പോൾ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും എടുത്തിരിക്കുന്ന നടപടികളും ഇവരിൽ നിന്നും കോവിഡ് വ്യാപനം തടയുന്നതിന് കാര്യക്ഷമമല്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
യാത്രക്കാർ താമസം, ഭക്ഷണം എന്നിവയ്ക്കുൾപ്പടെ 1,750 പൗണ്ടാണ് ചെലവഴിക്കേണ്ടത്. ഇക്കാര്യത്തിനായി സർക്കാർ ഏകദേശം 16 ഹോട്ടലുകളുമായി ധാരണ ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ അതിനിടയിലാണ് ലണ്ടൻ ഹോട്ടൽ ഗ്രൂപ്പ് ഉടമ വെന്റിലേഷൻ സിസ്റ്റത്തിലെ പ്രശ്നങ്ങളുന്നയിച്ച് രംഗത്തെത്തുന്നത്. എൻ എച്ച് എസ്സിനുവേണ്ടി വീടുകളില്ലാത്ത കോവിഡ് രോഗികൾക്ക് താമസസൗകര്യമൊരുക്കുന്നത് ലണ്ടൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആണ്.
ഇത്തരത്തിൽ ക്വാറന്റൈൻ സൗകര്യമൊരുക്കുവാൻ ഹോട്ടലുകളുമായി ധാരണയിലെത്തുവാൻ ആരോഗ്യ വകുപ്പ് നിയമിച്ച ക്രൗൺ കമ്മെഴ്സ്യൽ സർവ്വീസിനയച്ച ഈ മെയിലിലാണ് ലണ്ടൻ ഗ്രൂപ്പ് ഉടമ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഒരോ മുറിക്കും പ്രത്യേകം വായുഗമന സൗകര്യവും എയർകണ്ടീഷണേഴ്സും, അതുപോലെ റൂം ഹീറ്ററുകളും ഉണ്ടാകണമെന്ന് ഈ എഴുത്തിൽ ചൂണ്ടിക്കാട്ടുന്നു. അഥവാ, മുറിയിൽ പ്രത്യേക വിൻഡോ എയർകണ്ടീഷണർ ഇല്ലെങ്കിൽ മുറിയുടെ ജനലകൾ തുറക്കാൻ കഴിയുന്നതായിരിക്കണം.
ഹോട്ടലുകളിലെ സുരക്ഷാ ജീവനക്കാരുടെ സംഘടനയും ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വിമാനത്താവളാധികൃതരുമായും വിവിധ ഹോട്ടലുകളുമായും സംസാരിച്ചു കൊണ്ടിരിക്കുകയാണ് എന്നല്ലാതെ ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.
മറുനാടന് ഡെസ്ക്