ലണ്ടൻ: കോവിഡിനെതിരെയുള്ള ബ്രിട്ടന്റെ യുദ്ധം കണക്കുകൂട്ടലുകൾക്കനുസരിച്ചു തന്നെ മുന്നോട്ടു പോവുകയാണ്. വിജയം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചുകൊണ്ട് ഇന്നലെ പ്രതിദിന മരണനിരക്കിൽ 36.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വെറും 33 മരണങ്ങൾ മാത്രം രേഖപ്പെടുത്തിയപ്പോൾ 5,312 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 15 ശതമാനം കൂടുതലാണ്. കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് ഈ വർദ്ധന എന്നതും ഓർക്കണം.

അതേസമയം വാക്സിന്റെ കാര്യത്തിൽ വീണ്ടും റെക്കോർഡിടുകയാണ് ബ്രിട്ടൻ. ഇന്നലെ ഒരു ദിവസം നൽകിയത് 8,74,000 വാക്സിനുകളാണ്. അതായത് ഓരോ സെക്കന്റിലും 27 വാക്സിനുകൾ വച്ചണ് നൽകിയത്. വാക്സിൻ പദ്ധതിയിലെ പുരോഗതിയാണ് ബ്രിട്ടനിൽ മരണനിരക്ക് കുറയ്ക്കുന്നത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ പകുതിയിലേറെ പേർക്കും വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു.

എന്നാൽ, ഇപ്പോൾ ഈ വാക്സിൻ പദ്ധതിയും ഭീഷണിയുടെ നിഴലിലായിരിക്കുകയാണ്. വരുന്ന മാസങ്ങളിൽ, പദ്ധതി മന്ദഗതിയിലായേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാക്സിന്റെ പുതിയ സ്റ്റോക്ക് ലഭിക്കാനുള്ള കാലതാമസമാണ് ഈ മന്ദഗതിക്ക് കാരണം. ബ്രിട്ടനിലേക്കുള്ള വാക്സിൻ കയറ്റുമതി തടയണമെന്ന ആവശ്യം യൂറോപ്യൻ യൂണിയൻ കടുപ്പിച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ വേണ്ടസമയത്ത് ഉചിതമായ തീരുമാനം എടുക്കാത്തതിനാൽ വാക്സിൻ പദ്ധതി തുടക്കത്തിലെ പാളിപോയിരുന്നു.

ബ്രിട്ടനിൽ പ്രായപൂർത്തിയായവരിൽ പകുതിയിലേറെ പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞപ്പോൾ യൂറോപ്യൻ യൂണിയനിൽ ഇതുവരെ 12 ശതമാനം പേർക്ക് മാത്രമേ വാക്സിൻ നൽകാനായുള്ളൂ. ഭരണകൂടങ്ങളുടെ ഈ പരാജയത്തിനെതിരെ കനത്ത രോഷമുയരുന്നുണ്ട്. ഇതിൽ നിന്നും താത്ക്കാലികമായ ഒരു രക്ഷയ്ക്കായാണ് രാഷ്ട്രീയ നേതൃത്വം ഇപ്പോൾ വാക്സിൻ രാഷ്ട്രീയം കളിക്കാൻ തുടങ്ങിയിരിക്കുന്നത്.

എന്നാൽ, ഈ ഭിഷണി യാഥാർത്ഥ്യമാവുകയാണെങ്കിൽ ബ്രിട്ടനിലെ വാക്സിൻ പദ്ധതി പൂർത്തീകരിക്കാൻ രണ്ടു മാസം കൂടി വൈകും. ഫ്രാൻസിന്റെയും ജർമ്മനിയുടെയുംഎതിർപ്പുകൾ അംഗീകരിച്ചുകൊണ്ടാണ് യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡെ ലെയെൻ ഇന്നലെ അസ്ട്രസെനെകയുടെ 19 മില്ല്യൺ ഡോസുകൾ തടഞ്ഞുവയ്ക്കുമെന്ന ഭീഷണി ഉയർത്തിയത്. എന്നാൽ, ഇതെല്ലാം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം.

എന്നാൽ, യൂറോപ്യൻ യൂണിയൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ബ്രിട്ടനിലേക്കായി അസ്ട്രാസെനെകയുടെ വാക്സിൻ നിർമ്മിക്കുന്ന നെതർലാൻഡ്സിലെ ഒരു കമ്പനിയോട് മരുന്ന് കയറ്റുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അസ്ട്രാസെനെക ബ്രിട്ടനുമായും യൂറോപ്യൻ യൂണിയനുമായും ഉണ്ടാക്കിയ കരാറുകൾ പ്രകാരമുള്ള വാക്സിനുകൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. അസ്ട്രസെനെകയുടെ സബ്കോൺട്രാക്ടറായ ഹാലിക്സ് ആണ് ഈ പ്ലാന്റ് നടത്തുന്നത്. ഇവിടെ ബ്രിട്ടനായി നിർമ്മിച്ച വാക്സിൻ തങ്ങൾക്ക് നൽകണമെന്ന് ബ്രിട്ടൻ ആവശ്യപ്പെടുമ്പോൾ, ഹാലിക്സിൽ നിർമ്മിച്ച വാക്സിൻ മുഴുവൻ യൂറോപ്യൻ യൂണിയനുള്ളതാണെന്നാണ് അവർ പറയുന്നത്.