ലണ്ടൻ: മറ്റു രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണങ്ങളും മറ്റും കൊണ്ടുവരുന്നതിനു മുൻപായി തന്നെ രാജ്യത്തെ വാക്സിൻ പദ്ധതി പൂർത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടൻ. ബെൽജിയത്തിലുള്ള നിർമ്മാണ യൂണിറ്റിൽ നിന്നുള്ള ഫൈസർ വാക്സിൻ കയറ്റുമതി തടയുമെന്ന യൂറോപ്യൻ യൂണിയന്റെപ്രഖ്യാപനം ഇപ്പോൾ സ്ഥിതിഗതികൾ വഷളാക്കിയിരിക്കുകയാണ്. അതോടൊപ്പമാണ് ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നുള്ള അസ്ട്രാസെനെക്കാ വാക്സിന്റെ 5 ലക്ഷം ഡോസുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവും ആശയക്കുഴപ്പത്തിലാകുന്നത്. ഇത് എത്രയും പെട്ടെന്ന് ബ്രിട്ടനിലെത്തിക്കാൻ ഇന്ത്യൻ സർക്കാരുമായി സംസാരിക്കുന്നുണ്ടെന്ന കാര്യം ബ്രിട്ടീഷ് സർക്കാർ ഇന്നലെ സ്ഥിരീകരിച്ചു.

ഈ പ്രതിസന്ധികൾ മുന്നിൽ കണ്ടുതന്നെ, ഭാവിയിലേക്കുള്ള വാക്സിൻ ആവശ്യങ്ങൾക്കായി ആഭ്യന്തര ഉദ്പാദനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ.അസ്ട്രാസെനെക്കയുടെ 100 മില്യൺ ഡോസുകളിൽ ഭൂരിഭാഗവുംബ്രിട്ടനിലെ ഫാക്ടറികളിൽ തന്നെയാണ് ഉദ്പാദിപ്പിക്കുന്നത്. ഓക്സ്ഫോർഡ്, കീൽ, റെക്സ്ഹാം എന്നിവിടങ്ങളിലാണ് ഈ ഉദ്പാദനകേന്ദ്രങ്ങളുള്ളത്. അതുപോലെ ഫൈസർ വാക്സിനിൽ ഉപയോഗിക്കുന്ന ഫാറ്റി മോഡ്യുളുകൾ നിർമ്മിക്കുന്നതും ബ്രിട്ടനിലാണ്. എന്നാൽ, വാക്സിന്റെ അവസാന നിർമ്മാണം നടക്കുന്നത് ബെൽജിയത്തിലാണ് നടക്കുന്നത്.

ഈ അവസാന നിർമ്മാണവും ബ്രിട്ടനിലെ കമ്പനികൾക്ക് ഇത് ഉദ്പാദിപ്പിക്കുവാനുള്ള അവസരമൊരുക്കാൻ ശ്രമിക്കാവുന്നതാണ്. ഓക്സ്ഫോർഡ്ഷയറിൽ ഈ വർഷം അവസാനത്തോടെ വലിയൊരു വാക്സിൻ ഉദ്പാദന യൂണിറ്റ് പ്രവർത്തനക്ഷമമാകും. ഏകദേശം 200 മില്ല്യൺ പൗണ്ടിന്റെ മുതൽമുടക്കു വരും ഇതിന്. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവം കുറച്ചുകാണിക്കുന്നതിനായി മന്ത്രിമാർ പാടുപെടുന്നതിനിടയിലാണ് ഈ പുതിയ വാക്സിൻ നിർമ്മാണ യൂണിറ്റിന്റെ വിവരം പുറത്തുവരുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അതേസമയം ഇന്ത്യൻ സർക്കാരുമായി ച്നില രഹസ്യ ചർച്ചകൾ നടക്കുകയും ചെയ്തിട്ടുണ്ട്.

സീറം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നുള്ള വാക്സിൻ വരുന്നത് വൈകുന്നതുകാരണം ബ്രിട്ടനിലെ വാക്സിൻ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാനിടയില്ലെന്ന് കഴിഞ്ഞദിവസം മാറ്റ് ഹാൻകൊക്ക് സമ്മതിച്ചിരുന്നു. എന്നാൽ, ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കാനിരിക്കുന്ന ബോറിസ് ജോൺസൺ പറഞ്ഞത് നരേന്ദ്രമോദി സർക്കാർ ഒരു കയറ്റുമതിയും തടഞ്ഞിട്ടില്ലെന്നാണ്. ഇന്ത്യൻ സർക്കാർ വാക്സിൻ കയറ്റുമതി തടഞ്ഞിട്ടില്ലെന്നും, ഇത് സീറം ഇൻസ്റ്റിറ്റിയുട്ടിന്റെ സപ്ലൈയിൽ വന്ന പ്രശ്നം മാത്രമാണെന്നും പറഞ്ഞ് കൾച്ചറൽ സെക്രട്ടറി ഒലിവർ ഡൗഡെനും രംഗത്തെത്തി. ഇനി 50 ലക്ഷം ഡോസുകളാണ് സിറം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നും ബ്രിട്ടന് ലഭിക്കാനുള്ളത്.

അതേസമയം, ഇന്ത്യൻ സർക്കാർ അനുമതി നൽകാതെ ഒരു ഡോസുപോലും ബ്രിട്ടന് നൽകാനാവില്ലെന്ന് സിറം സി ഇ ഒ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുവാനായി ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികളുമായി ചർച്ച തുടരുന്നു എന്ന് വൈറ്റ്ഹാളും വ്യക്തമാക്കിയിട്ടുണ്ട്.