ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച് നാടുകടത്തിയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിന്റെ ഒരു ഭാഗം ലേലത്തിന് വെച്ച് യുകെ ഭരണകൂടം. ടിപ്പു സുൽത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന എട്ട് സ്വർണ കടുവാ തലകളിലൊന്നാണ് ലേലം ചെയ്യുന്നത്. 14,98,64,994 രൂപയാണ് ഇതിന്റെ മൂല്യം. ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്പോർട്സ്, വകുപ്പാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന ഈ മൂല്യമേറിയ വസ്തു ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാൻ താത്കാലിക കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ടിപ്പു സുൽത്താന്റെ സ്വർണ കടുവാ തലയ്ക്ക് യുകെയിൽ നിന്ന് തന്നെ പുതിയ ഉടമയെ തേടുകയാണ് അധികൃതർ. യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങൾക്കോ സ്വർണ കടുവയെ സ്വന്തമാക്കാനുള്ള സമയം അനുവദിക്കുന്നതിനാണ് താത്കാലിക നിരോധനം. യുകെയിൽ നിന്ന് ആരെങ്കിലും ഇത് വാങ്ങാൻ തയ്യാറാകുകയും പണം നൽകാൻ സാവകാശം ചോദിക്കുകയും ചെയ്താൽ കയറ്റുമതി വിലക്ക് ഒരു മാസം കൂടി നീട്ടും.

1799 മെയ്‌ നാലിനാണ് ശ്രീരംഗപട്ടണത്തു വെച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ മൈസൂർ സൈന്യത്തെ തോൽപ്പിക്കുന്നതും ടിപ്പു സുൽത്താൻ കൊല്ലപ്പെടുന്നതും. ശ്രീരംഗപട്ടണ കോട്ടയുടെ വടക്ക്-കിഴക്കേ ഭാഗത്ത് ഹോളി (ഡിഡി) കവാടത്തിലാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത് ശേഷം ടിപ്പുവിന്റെ കൊട്ടാരത്തിൽ കയറി രത്‌നങ്ങളും സ്വർണങ്ങളുമടങ്ങുന്ന സമ്പത്തിന്റെ കൂമ്പാരം കൊള്ളയടിച്ചു.

ഇക്കൂട്ടത്തിലുണ്ടായിരുന്നതാണ് കണ്ണഞ്ചിപ്പിക്കുന്ന ടിപ്പുവിന്റെ കനക സിംഹാസനം.അമ്പാരിയുടെ ആകൃതിയിൽ അമൂല്യമായ രത്നക്കല്ലുകൾ പതിച്ച് സ്വർണ കടുവാ തലകളോടു കൂടിയതായിരുന്നു സിംഹാസനം. ഇത് വെട്ടിനുറുക്കിയാണ് ഇംഗ്ലണ്ടിലേക്ക് കടത്തിയത്.

ശ്രീരംഗപട്ടണം യുദ്ധത്തിൽ ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന അവസാന വാളും അദ്ദേഹം ധരിച്ചിരുന്ന മോതിരവും ബ്രിട്ടീഷ് സൈന്യം യുദ്ധ ട്രോഫികളായി ഏറ്റെടുത്തിരുന്നു. 2004 ഏപ്രിൽ വരെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ മേജർ ജനറൽ അഗസ്റ്റസ് ഡബ്ല്യു.എച്ച്. മെയ്റിക്കിന്റേയും നാൻസി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി പ്രദർശിപ്പിച്ചിരുന്നു.

2004 ഏപ്രിലിൽ ലണ്ടനിൽ നടന്ന ഒരു ലേലത്തിൽവച്ച് വിജയ് മല്യ ടിപ്പു സുൽത്താന്റെ വാളും മറ്റു ചില പുരാതന കലാശിൽപമാതൃകകളും വാങ്ങി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.

2013 ഒക്ടോബറിൽ ടിപ്പു സുൽത്താന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും ബാബ്രിയാൽ (കടുവയുടെ വരയാൽ) അലങ്കരിക്കപ്പെട്ടിരിക്കുന്നതുമായ മറ്റൊരു വാൾ സോത്ബീസ് കോർപ്പറേഷൻ ലേലം ചെയ്തിരുന്നു.