- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരം
ലണ്ടൻ: കഴിഞ്ഞ മാസം 27 നു പെട്രോൾ സ്റ്റേഷനിൽ എത്തി ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചെന്ന് കരുതുന്ന മലയാളി യുവാവിന്റെ നില അതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് റിപ്പോർട്ട്. ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിലാണ് ആത്മഹത്യാ ശ്രമം എന്നാണ് റിപ്പോർട്ട്.
മാനസിക പ്രയാസത്തിലൂടെ കടന്നു പോയ യുവാവ് മറ്റൊരു പ്രതീക്ഷയും ഇല്ലാത്ത സാഹചര്യ ത്തിലാകണം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതും പെട്രോൾ സ്റ്റേഷനിൽ എത്തി സ്വയം അഗ്നിഗോളമായി മാറിയതും എന്നാണ് വിലയിരുത്തൽ.
യുവാവ് ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന വിവരം അനുസരിച്ചു നിയമ നടപടിക്ക് നോട്ടീസ് ലഭിച്ചിരുന്നെകിലും അഭിഭാഷക സേവനം ലഭിച്ചിരുന്നെകിൽ ഒരു പക്ഷെ അദ്ദേഹത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത തീരെ കുറവായിരുന്നു എന്ന മട്ടിലാണ് പ്രതികരണങ്ങൾ.
കാരണം ഫിസിയോ തെറാപ്പിസ്റ് ആയി രജിസ്ട്രേഷൻ നടപടി പൂർത്തിയാകാത്ത യുവാവിന് രോഗിയുടെ കാര്യത്തിൽ ഉള്ള പൂർണമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് നിയമ രംഗത്ത് നിന്നും ലഭിക്കുന്ന ഉപദേശം.
ഷിഫ്റ്റിൽ ആരാണോ ടീം ലീഡർഷിപ് എടുക്കുന്നത് അവർക്കേ നിയമ നടപടിയിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകൂ. എന്നാൽ ഇപ്പോൾ ആത്മഹത്യ ശ്രമം നടത്തി ജീവന് വേണ്ടി പൊരുതുന്ന യുവാവ് വെറും അസിസ്റ്റന്റ് തസ്തികയിൽ മാത്രമാണ് ജോലി ചെയ്തിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കൈപ്പിഴകൾക്കു ബലിയാടുകൾ, ഇരകളാകുന്നത് ദൗർഭാഗ്യം മൂലം
അതേസമയം യുകെയിൽ ഓരോ വർഷവും തൊഴിൽ നിയമങ്ങളുടെ പേരിൽ ബലിയാടാവേണ്ടി വരുന്ന നൂറു കണക്കിന് മെഡിക്കൽ നെഗ്ളിജൻസ് വിക്ടിം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അറവുമാടുകളെ പോലെയുള്ള ജീവനക്കാരുടെ പട്ടികയിലെ ഇരയായി മാറുകയാണ് ബിനേഷ് ( യഥാർത്ഥ പേരല്ല) എന്ന ഈ യുവാവും.
പലപ്പോഴും ചെറിയൊരു കൈപ്പിഴ പോലും എൻഎച്എസിൽ(ആശുപത്രിയിൽ) ജീവിതം താളം തെറ്റിക്കുന്ന അവസ്ഥയിൽ എത്തിച്ചേക്കാം. ഓരോ ദിവസവും ഭീതിയോടെ ജോലി ചെയ്യേണ്ട സാഹചര്യവും പലപ്പോഴും ജീവനക്കാർക്കു ഉണ്ടാകാം. ദൗർഭാഗ്യം കൂടെയുള്ള സമയമാണെങ്കിൽ മെഡിക്കൽ നെഗ്ളിജൻസ് എന്ന് ആരോപിക്കപ്പെടുന്ന കൈപ്പിഴവിനു അതിവേഗത്തിൽ ഇരയായി മാറാം. ഇത്തരം ഒരു ഗതികേടിലാണ് സ്റ്റോക് ഓൺ ട്രെന്റിലെ യുവാവിനും ഒടുവിൽ ആത്മഹത്യശ്രമം നടത്തേണ്ടി വന്നത്.
യുകെയിൽ എത്തിയിട്ട് ഏതാനും വർഷം മാത്രം, നാട്ടിലെ താരം
രണ്ടു വർഷത്തിൽ അധികം മാത്രമേ ബിനേഷ് യുകെയിൽ എത്തിയിട്ട് ആകുന്നുള്ളൂ എന്നാണ് ലഭ്യമായ വിവരം. കായംകുളം സ്വദേശിയായ ഇദ്ദേഹം ആറു വർഷം മുൻപ് മഴവിൽ മനോരമ നടത്തിയ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന റിയാലിറ്റി ഷോയിൽ ഭാര്യക്കൊപ്പം എത്തിയിരുന്നു. അങ്കമാലി സ്വദേശിയായ ഭാര്യക്കൊപ്പം യുവാവും നാട്ടിൽ താരപദവിയിലേക്കു ഉയർന്നത് പൊടുന്നനെയാണ്.
തുടർന്ന് യുകെയിൽ എത്തിയ ശേഷം സാധാരണ എല്ലാ മലയാളികളും നേരിടുന്ന പ്രയാസ ഘട്ടങ്ങൾ തരണം ചെയ്തു വരവേയാണ് 35 കാരനായ യുവാവിന്റെ ജീവിതം തകിടം മറിയുന്നത് പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. പൊതുവെ ജോലി സ്ഥലത്തു അധികം സംസാരിക്കാത്ത വ്യക്തി ആയതിനാൽ തൊഴിൽ സംബന്ധിച്ച പ്രശ്ങ്ങൾ കാര്യമായി ആരോടും പറഞ്ഞിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
എന്നാൽ നഴ്സിങ് ഹോമിൽ ജോലി ചെയുന്ന ഭാര്യയുടെ മാനേജർ മലയാളി ആയതിനാൽ അദ്ദേഹം സാധിക്കും വിധം സഹായിക്കാൻ ശ്രമം നടത്തിയതായും സൂചനയുണ്ട്. പക്ഷെ ജോലി നഷ്ടവും ജയിൽ ഭീക്ഷണിയും ഒന്നിച്ചെത്തും എന്ന ആശങ്കയിൽ യുവാവിന്റെ മനസ് കൈവിട്ടു പോകുക ആയിരുന്നു എന്നാണ് അനുമാനം. യുവാവ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം ഭാര്യ ഭർത്താക്കന്മാർ ഫേസ്ബുക് അടക്കം ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുന്നതിനാൽ അടുത്ത സുഹൃത്തുകൾക്ക് പോലും മെസെഞ്ചറിലും മറ്റും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
യുവാവു നടത്തിയ ആത്മഹത്യ ശ്രമത്തിൽ പെട്രോൾ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഒരു കാറും അഗ്നിക്ക് ഇരയായതായി സൂചനയുണ്ട്. ഒരു പക്ഷെ ഒരു കാരണവശാലും ജീവിതത്തിലേക്ക് തിരിച്ചെത്തരുത് എന്ന ചിന്തയിലാകാം പതിനായിരക്കണക്കിന് പെട്രോളും ഡീസലും ടാങ്കിൽ സൂക്ഷിക്കുന്ന പെട്രോൾ സ്റ്റേഷനിൽ തന്നെയെത്തി ജീവിതം അവസാനിപ്പിക്കാൻ യുവാവ് തുനിഞ്ഞത്.
അപകടത്തെ തുടർന്ന് അതിവേഗം ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് നടത്തി മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പൊള്ളലിന്റെ തീവ്രത കഠിനമായതിനാൽ കാര്യമായ പുരോഗതി ഇനിയും കൈവന്നിട്ടില്ല എന്നാണ് വിവരം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.