ലണ്ടൻ: ഇന്ത്യയിൽ പൊതുവെ കോവിഡ് നിയന്ത്രണാധീനമാവുകയാണ്. ആഞ്ഞടിച്ച രണ്ടാം തരംഗം പത്തി മടക്കാൻ തുടങ്ങിയതോടെ ബ്രിട്ടനിലെക്കുള്ള യാത്രാനിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാനായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടരി ഹർഷ് വർദ്ധൻ ശ്രിങ്ല ലണ്ടനിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ലണ്ടനിലെത്തിയ ശ്രിങ്ല, ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാരുമായി ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തി.

ഇന്ത്യയിൽ കോവിഡ് തരംഗത്തിന്റെ ശക്തി കുറഞ്ഞുവെന്നും പല മഹാ നഗരങ്ങളും ഭാഗികമായിട്ടാണെങ്കിലും കോവിഡ് മുക്തമായി എന്നും അദ്ദേഹം ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. നേരത്തേ 2030 ആകുമ്പോഴേക്കും ഇന്ത്യയും ബ്രിട്ടനുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഒപ്പുവച്ച കരാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായിട്ടാണ് അദ്ദേഹംലണ്ടനിൽ എത്തിയത്.

ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രകൾ കൂടുതൽ സുഗമമാക്കുവാനായി ഉഭയകക്ഷി വാക്സിൻ സർട്ടിഫിക്കേഷൻ സിസ്റ്റം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസിലെ പെർമനന്റ് അണ്ടർ സെക്രട്ടറി സർ ഫിലിപ്പ് ബാർട്ടൺ, സൗത്ത് എഷയ്ക്കുള്ള എഫ് ഡി സി ഒ മന്ത്രി ലോർഡ് താരിഖ് അഹമ്മദ് എന്നിവരെയും ശ്രിങ്ല സന്ദർശിച്ചു. ഡെൽഹിയും മുംബൈയും ഉൾപ്പടെയുള്ള മഹാനഗരങ്ങൾ ഭാഗികമായിട്ടെങ്കിലും കോവിഡ് മുക്തമാക്കാൻ കഴിഞ്ഞെന്നു പറഞ്ഞ ശ്രിങ്ലെ പക്ഷെ ഇനിയും വിശ്രമിക്കാനുള്ള സമയമായിട്ടില്ലെന്നും പറഞ്ഞു. ജനങ്ങളോട് കരുതൽ തുടരുവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം ബ്രിട്ടീഷ് അധികാരികളെ ബോദ്ധ്യപ്പെടുത്തിയതായി പറഞ്ഞ ശ്രിങ്ലെ, ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകർക്ക് ക്വാറന്റൈൻ വേണമെന്ന നിയന്ത്രണം ഫ്രാൻസ് എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടുകയും ചെയ്തു. വാക്സിന്റെ രണ്ട് ഡോസ് എടുക്കുകയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതുകയും ചെയ്യുന്നവർക്കാണ് ഫ്രാൻസിൽ ക്വാറന്റൈനിൽ നിന്നും ഇളവ് ലഭിച്ചിരിക്കുന്നത്. അമേരിക്കയും ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ബ്രിട്ടനിലെ റെഡ് ലിസ്റ്റിലാണ് ഇന്ത്യ. അതായത്, ബ്രിട്ടീഷ് പൗരന്മാരോ റെസിഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയവർക്കല്ലാതെ ആർക്കും ഇന്ത്യയിൽ നിന്നും ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയില്ല. പൗരന്മാർ തന്നെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തിയാൽ സ്വന്തം ചെലവിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. ഈ ലിസ്റ്റ് ഓരോ മൂന്നാഴ്‌ച്ച കൂടുമ്പോഴാണ് പുനപരിശോധിക്കുന്നത്. ഇനി ഓഗസ്റ്റ് 4 നാണ് അടുത്ത പുനപരിശോധന ഉള്ളത്.

അതേസമയം ഇന്ത്യയിൽ നിർമ്മിക്കുന്ന അസ്ട്ര സെനെക വാക്സിനായ കോവിഷീൽഡിന് യൂറോപ്യൻ യൂണീയൻ അംഗീകാരം നൽകാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അസ്ട്ര സെനെക, അതിനുള്ള അപേക്ഷ നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉദ്പന്നമായതിനാൽ, അതിന് ഘടനാപരമായ വ്യത്യാസങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.