ലണ്ടൻ: അയ്യായിരത്തോളം വിദേശ ലോറി ഡ്രൈവർമാർക്ക് വിസ അനുവദിച്ചിട്ടും സ്ഥിതിഗതികളിൽ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അപേക്ഷിക്കാൻ ആളില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. വിതരണശൃംഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഈ വർഷത്തെ കൃസ്ത്മസ്സ് ആഘോഷവും താറുമാറാകുമെന്ന ആശങ്കയിലാണ് ജനം. ഇതിനിടയിൽ കൂനിന്മേൽ കുരു എന്നതുപോലെ ഫ്രഞ്ച് മത്സ്യത്തൊഴിലാളികളുടെ ഭീഷണിയും. കലൈസ്, ചാനൽ ടണൽ തുറമുഖങ്ങളിൽ ഉപരോധമേർപ്പെടുത്തി ബ്രിട്ടനിലേക്കുള്ള കൃസ്ത്മസ്സ് സപ്ലൈകൾ തടയുമെന്നാണ് ഫ്രഞ്ച് മത്സ്യത്തൊഴിലാളികളുടേ ഭീഷണി.

ബ്രെക്സിറ്റിനു ശേഷം ഉയർന്നു വന്നിരിക്കുന്ന ഫിഷിങ് ലൈസൻസുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിനു കാരണം. തങ്ങൾക്ക് ലൈസൻസ് ലഭ്യമാക്കാതിരിക്കാൻ അതീവ സങ്കീർണ്ണമായ നടപടിക്രമങ്ങളാണ്ഫിഷിങ് ലൈസൻസിനായി ബ്രിട്ടൻ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. ഈ തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പരാജയപ്പെട്ടാൽ ഫ്രാൻസിൽ നിന്നും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ള ചരക്ക് ഗതാഗതം തടസ്സപ്പെടുത്തും എന്നാണ് മത്സ്യത്തൊഴിലാളികൾ ഭീഷണി മുഴക്കിയിരിക്കുന്നത്.

ബോറിസ് ജോൺസൺ തന്റെ തീരുമാനത്തിൽ നിന്നും പുറകോട്ടു പോയില്ലെങ്കിൽ ഇത്തവണ ബ്രിട്ടീഷുകാർ ക്രിസ്ത്മസ്സ് നല്ല രീതിയിൽ ആഘോഷിക്കില്ല എന്നാണ് വളരെശക്തമായ വടക്കൻ ഫ്രഞ്ച് ഫിഷറീസ് കമ്മിറ്റിയുടെ തലവൻ ഒലിവിയർ ലെപ്രെട്രെ പറഞ്ഞത്. അതേസമയം, ക്ഷാമം മുന്നിൽ കണ്ടുകൊണ്ട് ശീതീകരിച്ച ടർക്കി, പാർട്ടി സ്നാക്കുകൾ, പുഡിങ്സ്, ചോക്ക്ലേറ്റ് തുടങ്ങിയവ ഇപ്പൊഴേ വാങ്ങി സംഭരിക്കുവാൻ ജനങ്ങൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകളൂം പുറത്തുവരുന്നുണ്ട്.

ആഗോളാടിസ്ഥാനത്തിൽ തന്നെ ചരക്കുഗതാഗത രംഗത്ത് ദൃശ്യമായ മന്ദതയും ബ്രിട്ടനിലെ ലോറി ഡ്രൈവർമാരുടെ ക്ഷാമവും കാരണം ഇത്തവണ ക്രിസ്ത്മസ്സിന് തിരഞ്ഞെടുക്കാൻ വൈവിധ്യമുള്ള വസ്തുക്കൾ ലഭ്യമാകുന്ന കാര്യം സംശയത്തിലാണെന്ന് പല സ്റ്റോറുകളും ഭക്ഷ്യോദ്പന്ന രംഗത്തെ പ്രമുഖരും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമവും പ്രശ്നങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കും. കഴിഞ്ഞവർഷത്തെക്കാൾ 20 ശതമാനം കുറവ് ടർക്കികളെ മാത്രമായിരിക്കും ഇത്തവണ ബ്രിട്ടൻ ഉദ്പാദിപ്പിക്കുക എന്ന് ബ്രിട്ടീഷ് പോൾട്രി കൗൺസിൽ പ്രവചിക്കുന്നു. ഈ മേഖല നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമം തന്നെയാണ് ഇതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ ഇത്തവണ ക്രിസ്ത്മസ്സിന് കുട്ടികൾക്ക് നൽകുവാനായി വിവിധ്യമുള്ള കളിപ്പാട്ടങ്ങളും ലഭ്യമാകില്ലെന്ന് ഹൈ സ്ട്രീറ്റ് ശൃംഖലയായ എന്റർടെയ്നർ ഇന്നലെ പറഞ്ഞു. പരിമിതമായ് വസ്തുക്കളിൽ നിന്നും തെരഞ്ഞെടുക്കാൻ രക്ഷകർത്താക്കൾ നിർബന്ധിതരാകും. കഴിഞ്ഞവർഷത്തെ ലോക്ക്ഡൗണിനിടയിലെ ക്രിസ്ത്മസ്സിനേക്കാൾ മെച്ചമായിരിക്കും എന്ന് ബോറിസ് ജോൺസൺ പറയുമ്പോഴും അവശ്യവസ്തുക്കളുടേ ക്ഷാമത്തെ കുറിച്ച് യാതൊന്നും അദ്ദേഹം പറയുന്നില്ല. അതേസമയം, നിലവിൽ പല അവശ്യവസ്തുക്കൾക്കും നേരിടുന്ന ക്ഷാമം മാസങ്ങളോളം നീണ്ടുനിന്നേക്കുമെന്ന് കഴിഞ്ഞയാഴ്‌ച്ച ഋഷി സുനാക് പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്‌ച്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾ ചർച്ച നടത്തിയിരുന്നു. 47 ചെറിയ ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകളിൽ 12 എണ്ണത്തിനു മാത്രമാണ് ബ്രിട്ടീഷ് സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് നലികിയിട്ടുള്ളത്. ബ്രിട്ടൻ യൂറോപ്യൻ യൂണീയൻ വിടുന്നതിനു മുൻപുള്ള വർഷങ്ങളിൽ ബാക്കിയുള്ള ബോട്ടുകൾ 12 നോട്ടിക്കൽ മൈൽ സോണിൽ മത്സ്യബന്ധനം നടത്തിയിരുന്നു എന്ന് തെളിയിക്കാൻ കഴിയാത്തതിനാലാണ് അവർക്ക് ലൈസൻസ് നിഷേധിച്ചതെന്നാണ് ബ്രിട്ടീഷ് അധികൃതർ പറയുന്നത്. എന്നാൽ, ചെറിയ ബോട്ടുകൾ അവയുടെ പൂർവ്വകാല മത്സ്യബന്ധനത്തിന്റെ വിവരങ്ങൾ സംഭരിച്ചുവയ്ക്കാനുള്ള സാങ്കേതിക വിദ്യയോടു കൂടിയവ അല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

അതേസമയം പെരുകുന്ന നാണയപെരുപ്പവും വിതരണശൃംഖലയിലെ കുഴപ്പങ്ങളും ബ്രിട്ടനെ വേട്ടയാടുമ്പോൾ എല്ലാ പ്രശ്നങ്ങളും തീർക്കേണ്ടത് തന്റെ ബാദ്ധ്യതയല്ലെന്ന ബോറിസ് ജോൺസന്റെ പ്രസ്താവനക്കെതിരെ വ്യാപാര-വ്യവസായ രംഗത്തെ പ്രമുഖർ രംഗത്തെത്തി. ഇന്നത്തെ ടോറി സമ്മേളനത്തിനു മുൻപായി ഇന്നലെ നടത്തിയ ഒരു അഭിമുഖത്തിൽ ബ്രിട്ടൻ പ്രതിസന്ധിയിലാണെന്ന കാര്യം ബോറിസ് ജോൺസൺ നിഷേധിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള കുതിച്ചു ചാട്ടത്തിൽ ഒരു തടസ്സം വന്നിരിക്കുക മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

നാണയപ്പെരുപ്പത്തെക്കുറിച്ച് മന്ത്രിമാർ ഉൾപ്പടെയുള്ളവർ ആശങ്കപ്പെടുമ്പോൾ, താൻ അതിനെക്കുറിച്ചോർത്ത വിഷമിക്കുന്നില്ലെന്നാണ് ബോറിസ് പറഞ്ഞത്. അതുപോലെ സ്വകാര്യ മേഖലയിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നത് സർക്കാരിന്റെ കടമകൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യായിരത്തോളം വിദേശ ലോറി ഡ്രൈവർമാർക്കുള്ള വിസ അനുവദിച്ചെങ്കിലും ഇതുവരെ 127 പേർ മാത്രമാണ് ഇതിനായി അപേക്ഷിച്ചിട്ടുള്ളതെന്ന് അറിയുന്നു. അതേസമയം മറുഭാഗത്ത് പെട്രോൾ-ഡീസൽ വില കുതിച്ചുയരുകയാണ് ഇന്നലെ പെട്രോളിന്റെ വില ലിറ്ററിന് 136.10 പെൻസ് വരെയായി ഉയർന്നു. 2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്.

ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നതാണ് ബോറിസ് ജോൺസന്റെ പ്രസ്താവന എന്നാണ് ബിസിനസ്സ് രംഗത്തെ പ്രമുഖർ വിമർശിക്കുന്നത്. അതിനിടയിലാണ് ക്രിസ്ത്മസ്സ് കാലത്ത് സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുകയോ വില വർദ്ധിക്കുകയോ ചെയ്താൽ ബിസിനസ്സ് സ്ഥാപനങ്ങൾക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തം എന്ന ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സിന്റെ പ്രസ്താവനയും ഏറെ വിവാദമായിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തിന് ജോലിക്കാരെ കാത്തുകിടക്കുകയാണ് സ്ഥാപനങ്ങൾ എന്നാണ് കാബിനറ്റിൽ ഉയർന്ന മറ്റൊരു ആരോപണം.